26
Sep 2024
Tue
26 Sep 2024 Tue
Haryana congress AAP

ന്യൂഡല്‍ഹി: ഹരിയാനയില്‍ ഒരുമിച്ച് നിന്ന് ബിജെപിയെ പരാജയപ്പെടുത്താനുള്ള ഇന്ത്യ മുന്നണി നീക്കം പൊളിഞ്ഞു.(INDIA alliance collapses in Haryana; Congress and AAP will fight) കോണ്‍ഗ്രസുമായുള്ള സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ 20 സീറ്റുകളിലേക്ക് ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തിങ്കളാഴ്ച വൈകീട്ടാണ് 20 സ്ഥാനാര്‍ത്ഥികളുടെ ഒന്നാം ഘട്ട പട്ടിക ആംആദ്മി പാര്‍ട്ടി പുറത്തിറക്കിയത്. ഇതില്‍ 12 ഇടങ്ങളില്‍ കോണ്‍ഗ്രസാണ് പ്രധാന എതിരാളികള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോണ്‍ഗ്രസ് നേരത്തെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച നരൈന്‍ഗര്‍, അസന്ധ്, സമല്‍ഖ, ഉച്ചന കലന്‍, ദബ്വാലി, മെഹം, റോഹ്തക്, ബഹദൂര്‍ഗഡ്, ബദ്‌ലി, ബേരി, മഹേന്ദ്രഗഡ്, ബാദ്ഷാപൂര്‍ എന്നിവിടങ്ങളിലുള്‍പ്പടെയാണ് എ.എ.പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.

ALSO READ: കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് എംപി ബിജെപിയില്‍ ചേരാനൊരുങ്ങുന്നതായി റിപോര്‍ട്ട്

സപ്തംബര്‍ 12ന് ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. ഈ സാഹചര്യത്തിലാണ് സഖ്യസാധ്യതകള്‍ പൂര്‍ണമായും അവസാനിപ്പിച്ച് കൊണ്ട് ഇന്ത്യ മുന്നണിയിലെ പ്രധാനപ്പെട്ട രണ്ട് പാര്‍ട്ടികള്‍ സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബര്‍ അഞ്ചിനാണ് 90 അംഗ ഹരിയാന നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഇന്നലെ വൈകുന്നേരത്തോടെ സഖ്യം സംബന്ധിച്ചുള്ള കരാറുകളില്‍ കോണ്‍ഗ്രസ് ഒപ്പിടാന്‍ തയ്യാറായില്ലെങ്കില്‍ 90 സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് നേരത്തെ എ.എ.പി ഹരിയാന അദ്ധ്യക്ഷന്‍ സുശീല്‍ ഗുപ്ത പറഞ്ഞിരുന്നു. സമയം അവസാനിച്ചതോടെയാണ് എ.എ.പി സ്വന്തം നിലക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.

കാത്തിരിപ്പ് അവസാനിച്ചെന്നും ഹരിയാനയില്‍ ശക്തമായ ബദലാകാന്‍ എ.എ.പിക്ക് സാധിക്കുമെന്നും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സുശീല്‍ ഗുപ്ത പറഞ്ഞു. രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

10 സീറ്റുകളാണ് സഖ്യത്തിന്റെ ഭാഗമായി എ.എ.പി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, അഞ്ച് സീറ്റ് മാത്രമേ നല്‍കാനാകൂ എന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. അരവിന്ദ് കെജ്രിവാളും സഞ്ജയ് സിങ്ങും ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളടക്കം ചര്‍ച്ച നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. പിന്നാലെയാണ് സ്വന്തം നിലക്കുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിംങ് ഹൂഡയുടെ ശക്തികേന്ദ്രമായ കലയാറ്റില്‍ എ.എ.പി ഹരിയാന സീനിയര്‍ വൈസ് പ്രസിഡന്റ് അനുരാഗ് ദണ്ഡയാണ് മത്സരിക്കുന്നത്. ഭിവാനിയില്‍ നിന്ന് ഇന്ദു ശര്‍മ്മയും മത്സരിക്കും.

മെഹാമില്‍ നിന്ന് വികാസ് നെഹ്‌റയും റോഹ്തക്കില്‍ നിന്ന് ബിജേന്ദര്‍ ഹൂഡയുമാണ് എ.എ.പിക്ക് വേണ്ടി മത്സരിക്കുന്നത്. ചൗട്ടാല വംശത്തിന്റെ ശക്തി കേന്ദ്രമായ ദബ്വാലിയില്‍ കുല്‍ദീപ് ഗദ്രാനയാണ് എ.എ.പി സ്ഥാനാര്‍ത്ഥി.

ബഹാദുര്‍ഗഡില്‍ കുല്‍ദീപ് ചിക്കര, ബാദ്‌ലിയില്‍ രണ്‍ദിര്‍ ഗുലിയ, ബെറിയില്‍ സോനു അഹ്ലാവത് ഷെറിയ, ബല്ലഭ്ഗഡില്‍ രവീന്ദര്‍ ഫൗജ്ദര്‍, സോഹ്നയില്‍ ധര്‍മേന്ദര്‍ ഖതാന, ബാദ്ഷാപൂരില്‍ ബിര്‍സിംങ് സര്‍പഞ്ച് എന്നിവരാണ് എ.എ.പിയുടെ സ്ഥാനാര്‍ത്ഥികള്‍.

ഹരിയാനയിലെ സീറ്റ് വിഭജനത്തിലുണ്ടായ തര്‍ക്കം അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഡല്‍ഹിയിലെ സാധ്യതകളെയും ആശങ്കയിലാക്കിയിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പില്‍ സഖ്യത്തിന്റെ ഭാഗമായി ഒരു സീറ്റ് എ.എ.പിക്ക് നല്‍കിയിരുന്നെങ്കിലും ജയിക്കാനായില്ല. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 46 സീറ്റുകളില്‍ എ.എ.പി തനിച്ച് മത്സരിച്ചിരുന്നെങ്കിലും ഒരിടത്തും ജയിച്ചിരുന്നില്ല.