ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള അടുപ്പവും തുണച്ചില്ല, ഇന്ത്യന്‍ ശതകോടീശ്വരനും അദാനി ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം അദാനിക്കെതിരെ അമേരിക്കയില്‍ അഴിമതിക്കുറ്റം ചുമത്തി. സൗരോര്‍ജ കരാറുകള്‍ ലഭിക്കുന്നതിനായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 250 ദശലക്ഷം ഡോളറില്‍ (2,100 കോടി രൂപ) അധികം കൈക്കൂലി നല്‍കിയെന്ന കേസില്‍ ന്യൂയോര്‍ക്ക് കോടതിയാണ് അദാനിക്കെതിരെ കുറ്റം ചുമത്തിയത്. 20 വര്‍ഷത്തിനുള്ളില്‍ രണ്ടു ബില്യന്‍ ഡോളറിലധികം ലാഭം പ്രതീക്ഷിക്കുന്ന സൗരോര്‍ജ കരാറുകള്‍ സ്വന്തമാക്കാനായി കൈക്കൂലി വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തില്‍ അഴിമതി, വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
|
അദാനിക്കുപുറമേ അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ വിനീത് ജെയ്ന്‍, സാഗര്‍ അദാനി എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. വായ്പകളും ബോണ്ടുകളും സ്വന്തമാക്കുന്നതിനായി അദാനിയും കൂട്ടരും അമേരിക്കന്‍ നിക്ഷേപകരെ കബളിപ്പിച്ചെന്നതുള്‍പ്പെടെയുള്ള കടുത്ത ആരോപണങ്ങളും യു.എസ് അറ്റോര്‍ണി ഓഫീസ് തയാറാക്കിയ കുറ്റപത്രത്തില്‍ ഉണ്ട്.
കൂടാതെ യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനും അദാനി ഗ്രീന്‍ എനര്‍ജിക്കെതിരെ അഴിമതിക്കുറ്റം ചുമത്തുകയും സിവില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമേ വിഷയത്തില്‍ അന്വേഷണം തടസപ്പെടുത്താന്‍ അദാനി ശ്രമിച്ചതായി FBI അസിസ്റ്റന്റ് ഡയറക്ടര്‍ ജെയിംസ് ഡെന്നിഹിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയും ചെയ്തത് അദാനിക്ക് കനത്ത തിരിച്ചടിയാണ്.
ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തല്‍ ഉണ്ടാക്കിയ ക്ഷീണം തിരിച്ചുപിടിച്ചുകൊണ്ടിരിക്കെയാണ് അദാനിക്ക് യു.എസില്‍നിന്ന് കനത്ത തിരിച്ചടിയുണ്ടായത്.
Indias Gautam Adani charged in US with bribery


