|
ജയ്പൂർ: ബിഹാറിലേക്കുള്ള വിമാന യാത്രക്കാരനെ രാജസ്ഥാനിൽ ഇറക്കിയ സംഭവത്തിൽ ഇൻഡിഗോ വിമാനത്തിനെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.സി.എ. പാറ്റ്നയിലേക്ക് ടിക്കറ്റെടുത്ത യാത്രക്കാരനെ ഉദയ്പൂരിലെത്തിച്ച ഇൻഡിഗോ ജീവനക്കാരുടെ അനാസ്ഥയ്ക്കെതിരെയാണ് ഇപ്പോൾ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ലക്ഷ്യസ്ഥാനത്തെത്താൻ യാത്രക്കാരൻ പിന്നീട് വിമാനം മാറികയറുകയായിരുന്നു. ഇൻഡിഗോ കൗണ്ടറിലെ ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവുകൊണ്ടാണ് ബാർകോഡ് സ്‌കാനിങ്ങിൽ പോലും സംഭവം അറിയാതിരുന്നതെന്ന് ഡി..ജിസി.എ കുറ്റപ്പെടുത്തി.
ന്യൂഡൽഹിയിൽ നിന്നും പാറ്റ്നയിലേക്കുളള ഇൻഡിഗോ 6ഇ 214 വിമാനത്തിൽ യാത്രചെയ്യാനായിരുന്നു യാത്രക്കാരൻ ടിക്കറ്റ് എടുത്തിരുന്നത്. എന്നാൽ ബോർഡിംഗ് പാസെടുത്ത യാത്രക്കാരൻ തെറ്റായ കൗണ്ടർ വഴി ഉദയപൂരിലേക്കുളള 6ഇ 319 വിമാനത്തിൽ മാറി കയറി. ബോർഡിംഗ് പാസ് രണ്ട് തവണ സ്‌കാൻ ചെയ്തിട്ടും തെറ്റ് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്നാണ് ഡി.ജി.സി.എ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിത്. ഇതോടെയാണ് ഡി.ജി.സി.എ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്.
ഉദയ്പൂർ വിമാനത്താവളത്തിറങ്ങിയ ശേഷമാണ് യാത്രക്കാരന് തനിക്ക് പറ്റിയ തെറ്റ് മനസിലാകുന്നത്. തുടർന്ന് ഇയാൾ വിവരം ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. പിന്നീട് അടുത്ത ദിവസത്തെ പാറ്റ്നയിലേക്കുളള വിമാനത്തിൽ യാത്രക്കാരനെ കയറ്റി സ്ഥലത്തെത്തിച്ചു.



