22
Feb 2023
Tue
22 Feb 2023 Tue

ഭോപ്പാൽ: മധ്യപ്രദേശിൽ വീണ്ടും കു‍ഞ്ഞിനോട‌് അന്ധവിശ്വാസ ക്രൂരത. രോ​ഗം മാറാൻ ഇരുമ്പ് കമ്പി പഴുപ്പിച്ച് പൊള്ളിച്ചതിനെ തുടർന്ന് മൂന്ന് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മധ്യപ്രദേശിലെ ഷാ​ഹ്ദോൾ ജില്ലയിലാണ് വീണ്ടും കൊടുംക്രൂരത. രോ​ഗം മാറാൻ ആശുപത്രിയിൽ പോവുന്നതിന് പകരം കുഞ്ഞിനെ ഒരു മന്ത്രവാദിനിയുടെ ദുരാചാരക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു. ബുധനാഴ്ചയായിരുന്നു സംഭവം.

20ഓളം തവണയാണ് കുഞ്ഞിന്റെ ശരീരത്തിൽ ഇരുമ്പ് കമ്പി പഴുപ്പിച്ച് പൊളിച്ചത്. ​ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ പിന്നീട‌് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

എന്നാൽ ചികിത്സയിലിരിക്കെ കുഞ്ഞ് ശനിയാഴ്ച രാത്രി മരിക്കുകയായിരുന്നു എന്ന് ചീഫ് മെഡിക്കൽ- ഹെൽത്ത് ഓഫീസർ ആർ.കെ പാണ്ഡെ പറഞ്ഞു.‌

ഒരേ സ്ഥലത്ത് ഒരു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ സമാന ക്രൂരതയും മരണവുമാണിത്. നേരത്തെ രണ്ടര മാസമായ കുഞ്ഞിന് ഇത്തരത്തിൽ ദുർമന്ത്രവാദിനിയുടെ ക്രൂരതയ്ക്ക് ഇരയായി ജീവൻ നഷ്ടമായിരുന്നു. സിൻഹ്പൂരിലെ കതോടിയ ​ഗ്രാമത്തിലായിരുന്നു സംഭവം.

ന്യൂമോണിയ മാറാനെന്ന പേരിലായിരുന്നു കുഞ്ഞിന്റെ വയറ്റിൽ ഇരുമ്പ് കമ്പി പഴുപ്പിച്ച് പൊള്ളിച്ചത്. 50ലേറെ തവണ പൊള്ളലേറ്റ കുട്ടിയെ ഷാ​ഹ്ദോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംസ്‌കരിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വെള്ളിയാഴ്ച പുറത്തെടുത്തിരുന്നു. 15 ദിവസം മുമ്പാണ് അന്ധവിശ്വാസത്തിന്റെ പേരില്‍ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നതെന്ന് വനിതാ ശിശു വികസന ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.

അതേസമയം, ഈ രണ്ട് സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രണ്ട് ആശാ പ്രവർത്തകരെയും ഒരു സൂപ്പർവൈസറേയും ഞായറാഴ്ച പിരിച്ചുവിട്ടതായും 40കാരിയായ മന്ത്രവാദിനിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

എന്നാൽ ഇവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് സിൻപൂർ പൊലീസ് സ്‌റ്റേഷൻ ഇൻ ചാർജ് എം പി അഹിർവാർ പറഞ്ഞു. അതേസമയം, അസുഖങ്ങൾ ഭേദമാക്കാൻ ചൂടുള്ള ഇരുമ്പ് ഉപയോഗിച്ച് കുട്ടികളെ പൊള്ളിക്കുന്ന അന്ധവിശ്വാസ രീതിക്കെതിരെ ബോധവത്കരണം നൽകുമെന്ന് ജില്ലാ കളക്ടർ വന്ദന വൈദ്യ പറഞ്ഞു.

വെള്ളിയാഴ്ച മൃതദേഹം പുറത്തെടുത്ത കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഏഴ് ദിവസത്തിനകം ലഭിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.