പോപുലര്‍ ഫ്രണ്ടിനു വേണ്ടി കോടതി നടപടികള്‍ റെക്കോഡ് ചെയ്‌തെന്നാരോപിച്ച് അഭിഭാഷകര്‍ ഇടപെട്ട് അറസ്റ്റ് ചെയ്യിപ്പിക്കുകയും ജയിലില്‍ അടപ്പിക്കുകയും ചെയ്ത നിയമവിദ്യാര്‍ഥിനിയുടെ കുടുംബം ഇതിനെതിരേ രംഗത്ത്. ജനുവരി 28ന് ഇന്‍ഡോര്‍ ജില്ലാ കോടതിയില്‍ നിന്നാണ് 21കാരിയായ സോനു മന്‍സൂരിയെ അഭിഭാഷകര്‍ ഇടപെട്ട് അറസ്റ്റ് ചെയ്യിപ്പിച്ചത്. മുസ് ലിം ആയെന്ന ഒറ്റക്കാരണത്താലാണ് സോനു മന്‍സൂരിയെ ഇത്തരമൊരു ആരോപണത്തില്‍ കുടുക്കി ജയിലില്‍ അടച്ചതെന്ന് വിദ്യാര്‍ഥിനിയുടെ കുടുംബം ചൂണ്ടിക്കാട്ടുന്നു.
|
ദേവാസ് സര്‍ക്കാര്‍ ലോ കോളജിലെ വിദ്യാര്‍ഥിനിയായ സോനു മന്‍സൂരി മുതിര്‍ന്ന അഭിഭാഷകയായ നൂര്‍ ജഹാന്‍ ഖാന്റെ കീഴില്‍ ഇന്റേണ്‍ഷിപ്പ് ചെയ്തുവരികയായിരുന്നു. കഴിഞ്ഞ അഞ്ചുമാസമായി സോനു കോടതികളില്‍ ഹാജരായി കോടതി നടപടികള്‍ പഠിച്ചുവരികയും ചെയ്യുന്നുണ്ട്. ജനുവരി 28ന് കോടതിയിലെത്തിയ വിദ്യാര്‍ഥിനിയെ മറ്റ് അഭിഭാഷകര്‍ വളഞ്ഞു പിടികൂടുകയും അറസ്റ്റ് ചെയ്യിപ്പിക്കുകയുമായിരുന്നു.
വിദ്യാര്‍ഥിനിയില്‍ നിന്ന് ഒരു ലക്ഷം രൂപയും ഇവര്‍ പിടിച്ചെടുത്തിരുന്നു. ഈ പണം തന്റെ കക്ഷി ചെക്ക് മടങ്ങിയ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ കെട്ടുന്നതിന് നല്‍കിയ പണമായിരുന്നുവെന്നും തന്റെ നിര്‍ദേശപ്രകാരമാണ് ഇത് അദ്ദേഹം വിദ്യാര്‍ഥിനിയെ ഏല്‍പ്പിച്ചതെന്നും നൂര്‍ജഹാന്‍ ഖാന്‍ ചൂണ്ടിക്കാട്ടുന്നു. സുപ്രധാന കേസുകളുടെ വിവരങ്ങള്‍ ലഭിക്കാന്‍ നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ടില്‍ നിന്ന് സോനു വാങ്ങിയതാണ് ഈ പണമെന്ന് ആരോപിച്ചാണ് അഭിഭാഷകര്‍ പരാതി നല്‍കിയത്.
എന്നാല്‍ സോനുവിന്റെയും നൂര്‍ ജഹാന്‍ ഖാന്റെയോ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ലെന്നും കുടുംബം പറയുന്നു. നിലവില്‍ ഇന്‍ഡോര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് സോനു മന്‍സൂരി. സോനു മന്‍സൂരിക്ക് ജാമ്യം ലഭിക്കുന്ന സാഹചര്യം ഇല്ലാതാക്കാന്‍ അഭിഭാഷകര്‍ ശ്രമിക്കുകയാണെന്നും സോനുവിനു വേണ്ടി ഹാജരാവാനെത്തുന്ന അഭിഭാഷകരെ ഇവര്‍ പിന്തിരിപ്പിക്കുകയാണെന്നും കുടുംബം പരാതിപ്പെടുന്നു.
ആസിഫ് അന്‍സാരി എന്നയാളാണ് ചെക്ക് കേസുമായി ബന്ധപ്പെട്ട് സോനുവിന് പണം കൈമാറിയത്. സ്റ്റാമ്പ് ഡ്യൂട്ടിക്കും മറ്റ് നിയമ നടപടികളിലെ ചെലവിനുമായി 126000 രൂപ നല്‍കണമെന്ന് നൂര്‍ ജഹാന്‍ ഖാന്‍ ആസിഫ് അന്‍സാരിയോട് ആവശ്യപ്പെട്ടിരുന്നു. ഈ പണം സോനുവിന്റെ പക്കല്‍ ഏല്‍പ്പിക്കാന്‍ അഭിഭാഷക നിര്‍ദേശിക്കുകയും താന്‍ നല്‍കുകയായിരുന്നുവെന്നും ആസിഫ് അന്‍സാരിയും പറയുന്നു.
അതേസമയം സോനുവിന്റെ ഫോണില്‍ കോടതി നടപടികള്‍ റെക്കോഡ് ചെയ്ത യാതൊരു ദൃശ്യങ്ങളും കണ്ടെത്തിയിട്ടില്ലെന്ന് മറ്റൊരു അഭിഭാഷകന്‍ പറയുന്നു. കഴിഞ്ഞ അഞ്ചുമാസമായി സോനു കോടതി നടപടികള്‍ പകര്‍ത്തിയെന്ന ആരോപണത്തെയും അദ്ദേഹം തള്ളി. ഇത്തരമൊരു നടപടിയുണ്ടായിട്ടുണ്ടെങ്കില്‍ അത് ജഡ്ജി കാണുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.



