22
Aug 2022
Mon
22 Aug 2022 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറത്ത് നിന്ന് കാൽനടയായി മക്കയിലേക്ക് ഹജ്ജിന് പോവുന്ന ഷിഹാബ് ചോറ്റൂരിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു. 26 ലക്ഷത്തോളം ഫോളോവർമാരുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. ജൂണ്‍ രണ്ടിന് മലപ്പുറത്ത് നിന്നും യാത്ര ആരംഭിച്ച ഷിഹാബ് താൻ പിന്നിട്ട സംസ്ഥാനങ്ങളിലെ വീഡിയോകളും മറ്റും പങ്കുവച്ചത് ഈ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലായിരുന്നു.

 

ഷിഹാബ് ചൊറ്റൂര്‍ ഒഫീഷ്യല്‍ എന്ന അക്കൗണ്ടില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഷിഹാബിന്‍റേതല്ലാത്ത ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ‘ഒണ്‍ലി സൂപ്പര്‍കാര്‍’ എന്നായിരുന്നു ബയോയില്‍ ചേര്‍ത്തിരുന്നത്. ചില വിദേശികള്‍ കാറിനൊപ്പം നില്‍ക്കുന്ന ആറ് ചിത്രങ്ങളാണ് പോസ്റ്റ് ചെയ്യപ്പെട്ടത്. പ്രൊഫൈൽ ചിത്രവും മാറ്റിയിരുന്നു. ഇതോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് മനസിലായത്.

 

തിങ്കളാഴ്ച രാവിലെയോടെ അക്കൗണ്ടിലെ മുഴുവന്‍ വീഡിയോകളും ചിത്രങ്ങളും ഡിപിയും ബയോയും നീക്കം ചെയ്യപ്പെട്ടു. ഇപ്പോള്‍ വൈക്കിങ്സ് എന്ന സീരിസിലെ ഒരു വീഡിയോയാണ് അക്കൗണ്ടില്‍ ഉള്ളത്. ഇതിനടിയില്‍ ഹാക്കറോട് അക്കൗണ്ട് തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് ഷിഹാബിന്റെ നിരവധി ഫോളോവർമാർ കമന്റിടുന്നുണ്ട്. ഇതിനകം ഈ വീഡിയോയ്ക്ക് ഒരു ലക്ഷത്തിലേറെ റിയാക്ഷനും ഒമ്പതിനായിരത്തോളം കമന്‍റുകളുമാണ് ഉള്ളത്.

 

അതേസമയം, അക്കൗണ്ട് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണെന്ന് ഷിഹാബിന്റെ സുഹൃത്തുക്കൾ പറയുന്നു. വിദേശ ഹാക്കര്‍മാരായിരിക്കാം ഇതിനു പിന്നിലെന്നാണ് സൂചന. നേരത്തെ ഇത്തരത്തില്‍ ഹാക്ക് ചെയ്യപ്പെട്ടപ്പോള്‍ അരമണക്കൂറില്‍ അക്കൗണ്ട് തിരിച്ചെടുക്കാന്‍ സാധിച്ചിരുന്നു.

 

2023ലെ ഹജ്ജിന്റെ ഭാഗമാവാന്‍ 8,640 കിലോമീറ്റര്‍ നടന്നാണ് ഷിഹാബ് മക്കയിലേക്ക് പോവുന്നത്. യാത്ര 280 ദിവസം കൊണ്ട് പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ രാജസ്ഥാനിലാണ് ഷിഹാബുള്ളത്. വാഗാ അതിര്‍ത്തി വഴി പാകിസ്താനില്‍ എത്തി ഇറാന്‍, ഇറാഖ്, കുവൈത്ത് വഴി സൗദി അറേബ്യയില്‍ എത്തുകയാണ് ചെയ്യുക. ഇതിനായി അഞ്ച് രാജ്യങ്ങളിലേക്കുള്ള വിസ കരസ്ഥമാക്കിയിട്ടുണ്ട്.