23
Dec 2024
Fri
23 Dec 2024 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൊടുപുഴ: ഇടുക്കി കട്ടപ്പനയില്‍ ഭാര്യയുടെ ചികിത്സയ്ക്കായി പണം ചോദിച്ചപ്പോള്‍ ബാങ്ക് അപമാനിച്ചതിനെ തുടർന്ന് കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകൻ ആത്മഹത്യ ചെയ്തു. കട്ടപ്പന മുളങ്ങാശ്ശേരിയില്‍ സാബുവിനെയാണ് കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്‍പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് ഉത്തരവാദി ബാങ്കെന്ന് ആരോപിക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. സാബുവിനെ ബാങ്കിന്റെ കോണിപ്പടിയിലെ കമ്പിയില്‍ തൂങ്ങിമരിച്ചനിലയില്‍ കാണുക ആയിരുന്നൂ. കട്ടപ്പനയില്‍ വ്യാപാര സ്ഥാപനം നടത്തുന്ന സാബു നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു ഇന്നലെ ബാങ്കില്‍ എത്തിയിരുന്നു. എന്നാല തുക തിരികെ ലഭിച്ചില്ല എന്നാണ് സൂചന. ഇതിൽ മനം നൊന്താണ് ആത്മഹത്യ.

സാബു ഇവിടെ 80 ലക്ഷം രൂപ ആണ് നിക്ഷേപിച്ചിരുന്നത്. ഇതിന് മുമ്പും സാബു ബാങ്കിനോട് പണം തിരികെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബാങ്ക് പ്രതിസന്ധിയിലായിരുന്നതിനാല്‍ മാസംതോറും നിശ്ചിത തുക നല്‍കാമെന്ന് ധാരണയില്‍ എത്തി. ഇതുപ്രകാരം പണം നല്‍കുന്നുണ്ടായിരുന്നുവെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്.

ഇന്നലെ പണം തിരികെ ആവശ്യപ്പെട്ട് സാബു വീണ്ടും ബാങ്കില്‍ എത്തി. ചികിത്സയുമായി ബന്ധപ്പെട്ട് ഭാര്യ തൊടുപുഴയില്‍ ആശുപത്രിയിലാണ്. പണം തിരികെ നല്‍കുന്നതിനെ ചൊല്ലി ബാങ്ക് ഉദ്യോഗസ്ഥരുമായി സാബു ചെറിയ തോതില്‍ വാക്കേറ്റത്തില്‍ ഏര്‍ പ്പെട്ടിരുന്നതായ വിവരം പുറത്തു വന്നിട്ടുണ്ട്. ബാങ്കിൽനിന്ന് മടങ്ങിപ്പോയ സാബുവിനെ ഇന്ന് രാവിലെ വീട്ടുകാര്‍ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

മരണത്തിന് ഉത്തരവാദി ബാങ്കെന്ന് ആരോപിക്കുന്ന സാബുവിന്റെ ആത്മഹത്യാക്കുറിപ്പ് പോലിസ് കണ്ടെടുത്തു. തന്റെ ജീവിതകാലം മുഴുവനുമുള്ള സമ്പാദ്യം ചോദിച്ചപ്പോള്‍ ബാങ്ക് തിരികെ നല്‍കിയില്ല. ഭാര്യയുടെ ചികിത്സയ്ക്കായി പണം ചോദിച്ചപ്പോള്‍ അപമാനിച്ചു. ഇനി ആര്‍ക്കും ഈ അവസ്ഥ വരരുതെന്നും സാബു എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. എല്ലാവരും അറിയാൻ എന്ന് പറഞ്ഞുകൊണ്ടാണ് ആത്മഹത്യാക്കുറിപ്പ് സാബു എഴുതിയിരിക്കുന്നത്.
സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.

 

Investor commits suicide in front of bank in Kattappana