15
Jan 2025
Tue
15 Jan 2025 Tue
Iran build under ground cities with missile

തെഹ്റാന്‍: ഇസ്രായേലിനെതിരേ ഇറാന്‍ വന്‍ ആയുധ ശേഖരമൊരുക്കുന്നു. (Iran build under ground cities with missile and drones)ഏത് സമയത്തും ഒരു യുദ്ധസാധ്യത മുന്നില്‍ക്കണ്ടാണ് ഒരുക്കങ്ങള്‍. അത്യാധുനിക മിസൈലുകളും ഡ്രോണുകളും ഉള്‍പ്പെടെയുള്ള വമ്പന്‍ യുദ്ധസന്നാഹങ്ങളുമായി ഭൂഗര്‍ഭ നഗരങ്ങള്‍ തന്നെ ഇറാന്‍ നിര്‍മിച്ചിട്ടുണ്ട്.

whatsapp ഭൂമിക്കടിയിലെ നഗരങ്ങളില്‍ അത്യാധുനിക മിസൈലുകളുടെയും ഡ്രോണുകളുടെയും വന്‍ ശേഖരമൊരുക്കി ഇറാന്‍; ഇസ്രായേലിനെ ആക്രമിക്കാനുള്ള ഉത്തരവ് കാത്തിരിക്കുകയാണെന്ന് വിപ്ലവ ഗാര്‍ഡ്
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പേര്‍ഷ്യന്‍ ഉള്‍ക്കടലിനും ഒമാന്‍ സമുദ്രത്തിനും ഇടയിലാണു വന്‍ ആയുധ സജ്ജീകരണങ്ങള്‍ ഒരുങ്ങുന്നത്. ഇറാന്‍ വിപ്ലവ ഗാര്‍ഡ്(ഐആര്‍ജിസി) പബ്ലിക് റിലേഷന്‍സ് വിഭാഗം മേധാവി ബ്രിഗേഡിയര്‍ ജനറല്‍ അലി മുഹമ്മദ് നൈനിയാണു പദ്ധതിയുടെ പ്രഖ്യാപനം നടത്തിയതെന്ന് ഇറാന്‍ മാധ്യമമായ ‘പ്രസ് ടിവി’ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേലിന്റെയും അമേരിക്കയുടെയും ആക്രമണഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണു സൈനിക സന്നാഹങ്ങള്‍ ഇറാന്‍ വെളിപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ച ഇറാന്റെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ആരംഭിച്ച ‘പയ്ഗമ്പറേ അഅ്സം’ എന്ന പേരിലുള്ള വിപുലമായ സൈനികാഭ്യാസത്തിനിടയിലാണ് ആയുധശേഖരമായി നിര്‍മിച്ച രണ്ട് ഭൂഗര്‍ഭനഗരങ്ങള്‍ അവതരിപ്പിക്കാനിരിക്കുന്നത്.

ALSO READ: 100 രൂപയുടെ ഇന്ത്യന്‍ നോട്ട് അരക്കോടിക്ക് ലേലത്തില്‍ പോയി; എന്താണ് ഈ നോട്ടിന്റെ പ്രത്യേകത

ഐആര്‍ജിസിയുടെ എയറോസ്പേസ് ഫോഴ്സിനാണ് നഗരത്തിന്റെ മേല്‍നോട്ട ചുമതല. അത്യാധുനികമായ മിസൈലുകളും ആയുധങ്ങളുമാണ് ഇവിടെയുണ്ടാകുക. ഇതോടൊപ്പം വലിയ സന്നാഹങ്ങളുള്ള ഒരു നാവികതാവളവും ഇറാന്‍ പുതുതായി നിര്‍മിച്ചിട്ടുണ്ട്.

സങ്കീര്‍ണവും ദീര്‍ഘവുമായ പോരാട്ടത്തിന് വിപ്ലവ ഗാര്‍ഡ് സജ്ജമാണെന്ന് ബ്രിഗേഡിയര്‍ അലി മുഹമ്മദ് നൈനി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇസ്രായേലിനെ കടന്നാക്രമിക്കാനുള്ള ഉത്തരവ് വരാന്‍ കാത്തിരിക്കുകയാണു സൈന്യം.

രൂപകല്‍പനയിലും ശേഷിയിലും വലിപ്പത്തിലും ഇറാന്റെ ആയുധങ്ങളുടെ കരുത്തും ഉല്‍പാദനവും ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ ആയുധശേഷികളും ഞങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഒരു യുദ്ധത്തിലും ശത്രുക്കള്‍ക്ക് മേല്‍ക്കൈ നേടാനാകില്ല.

ഇറാന്‍ ഒരിക്കല്‍ പോലും ശത്രുവിന്റെ ഭാഗത്തുനിന്ന് ഇന്റലിജന്‍സ് തലത്തിലുള്ള തിരിച്ചടി നേരിട്ടിട്ടില്ല. ഇറാന്‍ വിപ്ലവ ഗാര്‍ഡില്‍നിന്ന് നേരിട്ട സൈനിക-ഇന്റലിജന്‍സ് പരാജയങ്ങള്‍ മറയ്ക്കാന്‍ വേണ്ടി ശത്രുക്കള്‍ പുതിയ വ്യാഖ്യാനങ്ങള്‍ ചമയ്ക്കുകയാണെന്നും ബ്രിഗേഡിയര്‍ അലി മുഹമ്മദ് ചൂണ്ടിക്കാട്ടി.

പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങള്‍ ഇസ്രായേല്‍ ഭരണകൂടത്തെ തെറ്റിദ്ധാരണയിലേക്കു നയിച്ചിട്ടുണ്ടെന്ന് സിറിയയിലെ രാഷ്ട്രീയ മാറ്റത്തെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. ഏതു നിമിഷവും ഞങ്ങള്‍ ആക്രമണത്തിന് ഒരുക്കവും സജ്ജവുമാണെന്നാണു ശത്രുക്കളെ അറിയിക്കാനുള്ളത്.

മടിച്ചുനില്‍ക്കുകയോ പിന്നാക്കം പോവുകയോ ചെയ്തിട്ടില്ല. ഉത്തരവ് വരുന്ന മുറയ്ക്ക് ഞങ്ങളുടെ കരുത്ത് പ്രദര്‍ശിപ്പിക്കാനിരിക്കുകയാണ്. ശത്രുവിന്റെ കണക്കുകൂട്ടലുകളും ധാരണകളും ഞങ്ങള്‍ മാറ്റിക്കൊടുക്കും.

ഇറാന്‍ ഒരൊറ്റ ദിവസം പോലും മിസൈല്‍ നിര്‍മാണം നിര്‍ത്തിയിട്ടില്ല. രാജ്യത്തെ മിസൈല്‍ പ്രതിരോധ സംവിധാനം പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാണെന്നും ഐആര്‍ജിസി പബ്ലിക് റിലേഷന്‍സ് തലവന്‍ അറിയിച്ചു.

അധിനിവിഷ്ട പ്രദേശങ്ങളിലെ ആകാശം ഇറാന്‍ സൈന്യത്തിനു മുന്നില്‍ തുറന്നുകിടക്കുകയാണെന്ന് സയണിസ്റ്റ് സൈന്യത്തിന് നല്ല തിരിച്ചറിവുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ച ഐആര്‍ജിസി കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഹുസൈന്‍ സലാമി പറഞ്ഞു. കൂടുതല്‍ വേഗത്തിലും കൃത്യതയോടെയും ശക്തമായും ഇസ്രായേല്‍ സ്വത്തുക്കള്‍ ആക്രമിക്കാന്‍ സൈന്യത്തിനാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇറാനിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ സ്ഥാപിച്ചതായും പ്രഖ്യാപനം വന്നിട്ടുണ്ട്. വ്യോമസേനയുടെ ഭാഗമായ ഖത്താം അല്‍അമ്പിയ എയര്‍ ഡിഫന്‍സ് ബേസിലെ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഖാദിര്‍ റഹീംസാദയാണ് ഇക്കാര്യം അറിയിച്ചത്. ഇത് എവിടെയൊക്കെയാണെന്ന് വെളിപ്പെടുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത സൈനികാഭ്യാസങ്ങളില്‍ പുതിയ സജ്ജീകരണങ്ങള്‍ പരീക്ഷിക്കുമെന്നും ഖാദിര്‍ റഹീംസാദ അറിയിച്ചു.

അതിനിടെ, പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ ഇറാന്‍ നാവികസേന യുദ്ധപരിശീലനവും നടത്തുന്നുണ്ട്. 300 യുദ്ധക്കപ്പലുകള്‍ ഇതില്‍ അണിനിരക്കും. 2,000ത്തിലേറെ വരുന്ന സൈനിക-സിവിലിയന്‍ കപ്പലുകള്‍ ഭാഗമാകുന്ന നാവിക പരേഡും ഇതിന്റെ ഭാഗമായി നടക്കും.

വിപ്ലവ ഗാര്‍ഡിനു കീഴിലുള്ള അര്‍ധസൈനിക വിഭാഗമായ ബാസിസ് സേനയിലെ 1,10,000ത്തോളം അംഗങ്ങള്‍ പങ്കെടുക്കുന്ന സൈനികാഭ്യാസവും ഉടന്‍ തെഹ്റാനില്‍ നടക്കുമെന്ന് ഐആര്‍ജിസി അറിയിച്ചിട്ടുണ്ട്.

ലബ്‌നാനും യമനും പിന്നാലെ ഇറാനെ ലക്ഷ്യമിടുമെന്ന് ചില ഇസ്രായേല്‍ നേതാക്കള്‍ സൂചന നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സൈനിക മുന്നൊരുക്കങ്ങളെന്നാണു സൂചന.

\