16
Jun 2025
Tue
16 Jun 2025 Tue
iran police

ഇറാന്‍ ഭരണകൂടത്തിന്റെ ഉന്നത തലങ്ങളില്‍ വരെ നുഴഞ്ഞു കയറിയ ഇസ്രായേലി ചാരശൃംഖലയെ തുടച്ചുനീക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. (Iran confiscates thousands of small drones as crackdown on Mossad cells intensifies) പിടിക്കപ്പെടുന്ന ചാരന്മാരെ നിഷ്‌കരുണം വധശിക്ഷയ്ക്ക് വിധേയമാക്കുന്നത് ഉള്‍പ്പെടെ കടുത്ത നടപടികളാണ് ഇറാന്‍ സ്വീകരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജൂണ്‍ 13ന് ശേഷം ഇതുവരെയായി ഇറാനകത്ത് മൊസാദ് ഏജന്റുമാര്‍ ഉപയോഗിച്ചിരുന്ന 10,000ലേറെ ഡ്രോണുകളാണ് ഇറാന്‍ പോലീസ് പിടികൂടിയത്. വലുപ്പം കുറഞ്ഞ ഡ്രോണുകളാണ് തന്ത്രപ്രധാന സ്ഥലങ്ങള്‍ നിരീക്ഷിക്കുന്നതിനും അക്രമങ്ങള്‍ നടത്തുന്നതിനും ഉപയോഗിക്കുന്നത്. ജൂണ്‍ 13നും 14നും ഇറാനിലെ മുതിര്‍ന്ന സൈനിക മേധാവികളെ ഉള്‍പ്പെടെ വധിക്കുന്നതില്‍ ഇത്തരം ഡ്രോണുകളും നിര്‍ണായക പങ്കുവഹിച്ചിരുന്നു.

യുദ്ധം തുടങ്ങുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇറാനില്‍ ഡ്രോണ്‍ നിര്‍മാണ ശാലകളും വിക്ഷേപണ തറകളും മൊസാദ് തയ്യാറാക്കിയിരുന്നു. തെഹ്‌റാന് സമീപത്തുള്ള മൂന്ന് നില കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇത്തരം കേന്ദ്രങ്ങളിലൊന്ന് ഒരാഴ്ച്ച മുമ്പ് അധികൃതര്‍ റെയ്ഡ് ചെയ്തിരുന്നു. ഡ്രോണുകളും സ്‌ഫോടക വസ്തുക്കളും അസംബിള്‍ ചെയ്യുന്ന കേന്ദ്രമായിരുന്നു ഇത്.

ALSO READ: ഇറാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു; ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രായേല്‍

ഒറ്റുകാരനായി പ്രവര്‍ത്തിച്ച ഒരാളെ കൂടി ഇന്നലെ ഇറാന്‍ തൂക്കിലേറ്റി. മൊസാദിന് വിവരങ്ങള്‍ കൈമാറിയിരുന്ന മുഹമ്മദ് അമീന്‍ മഹ്ദവി ശായെസ്‌തെയെ ആണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. ജൂണ്‍ 22ന് മാജിദ് മൂസയേബിയെയും തൂക്കിക്കൊന്നിരുന്നു.

ഞായറാഴ്ച്ച തെക്കന്‍ പ്രവിശ്യയായ ഫാര്‍സില്‍ തന്ത്രപ്രധാന കേന്ദ്രങ്ങളുടെ ചിത്രങ്ങള്‍ ഡ്രോണ്‍ ഉപയോഗിച്ച് പകര്‍ത്തിയതിന് 53 പേരെയാണ് ഇറാന്‍ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുമ്പ് ഇസ്രായേലി ചാരവിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന് 54 പേര്‍ക്കെതിരേ ഖുശെസ്താന്‍ പ്രോസിക്യൂട്ടര്‍ ഓഫീസ് കുറ്റം ചുമത്തിയിരുന്നു.

ഇസ്രായേലുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന മുഴുന്‍ ഒറ്റുകാരും കീഴടങ്ങണമെന്ന് ഇറാന്‍ ദേശീയ സുരക്ഷാ സമിതി കഴിഞ്ഞയാഴ്ച്ച അന്ത്യശാസനം നല്‍കിയിരുന്നു. ജൂണ്‍ 22ന് അകം കീഴടങ്ങനായിരുന്നു നിര്‍ദേശം. ഇതിന് ശേഷം പിടിക്കപ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാനാണ് തീരുമാനം.