തെല്‍ അവീവ്: പ്രകോപനമില്ലാതെ ആക്രമണം നടത്തിയ ഇസ്രായേലിന് കനത്ത തിരിച്ചടി നല്‍കി ഇറാന്‍. (Iran-Israel War: New wave of Iranian missile strikes rocks Israel) ഇസ്രായേലിലേക്ക് 100 കണക്കിന് മിസൈലുകള്‍ തൊടുത്തു. പുലര്‍ച്ചെ മുതല്‍ തുടര്‍ച്ചയായി ആക്രമണം നടക്കുന്നതായാണ് റിപോര്‍ട്ട്.
|
ആക്രമണം ഇസ്രായേല്‍ സ്ഥിരീകരിച്ചു. ജനങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് ഇസ്രായേല്‍ സൈന്യം ആവശ്യപ്പെട്ടു. വ്യക്തമായ നിര്‍ദേശം ലഭിച്ചതിന് ശേഷം മാത്രമേ ബങ്കറുകളില്‍ നിന്ന് പുറത്തിറങ്ങാവൂ എന്നും സൈന്യം നിര്‍ദേശിച്ചു.
ഇസ്രായേല്‍ തലസ്ഥാനമായ തെല്‍ അവീവില്‍ സ്ഫോടന ശബ്ദം മുഴങ്ങി. തെല്‍അവീവിലെ 50 നില കെട്ടിടത്തിന് തീപ്പിടിച്ചു. ഇവിടെയുള്ള ആണവ ഗവേഷണ കേന്ദ്രത്തിനും സൈനിക കാര്യ മന്ത്രാലയത്തിനും മിസൈല്‍ ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ നേരിട്ടതായാണ് റിപോര്‍ട്ട്. ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 3 എന്ന പേരിലാണ് ഇറാന്റെ തിരിച്ചടി.
ALSO READ: ശ്രീനിവാസന്‍ വധം: അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ
ഇവിടെ നിന്ന് പുകപടലങ്ങള്‍ ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇറാന്‍ ആക്രമണം തുടങ്ങിയതോടെ ഇസ്രായേലില്‍ മുഴുവന്‍ അപായ സൈറണുകള്‍ മുഴങ്ങുന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
തെല്‍ അവീവിലേക്കാണ് ആക്രമണം നടക്കുന്നത്. സെന്‍ട്രല്‍ ഇസ്രായേല്‍, ജെറുസലേം, തബ്രീസ് തടാകം, ഹൈഫ, ബീര്‍ഷേബ തുടങ്ങിയ സ്ഥലങ്ങളിലേക്ക് മിസൈല്‍ എത്തി. വന്‍ സ്ഫോടന ശബ്ദങ്ങള്‍ തുടരുന്നതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
MORE MISSILES IMPACTING pic.twitter.com/SOBtidnPAJ
— Iran Observer (@IranObserver0) June 13, 2025
മിസൈല്‍ പ്രതിരോധ സംവിധാനം പ്രവര്‍ത്തിക്കുന്നതായി ഇസ്രായേല്‍ അറിയിച്ചു. മിസൈലുകള്‍ പതിച്ചതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പോസ്റ്റ് ചെയ്യരുതെന്ന് ഇസ്രായേല്‍. ശത്രുക്കള്‍ നോക്കിയിരിക്കുന്നതായും ഐഡിഎഫ്. വലിയ നാശനഷ്ടങ്ങള്‍ മറച്ചുവയ്ക്കാനാണ് ഇസ്രായേലിന്റെ ശ്രമമെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ഇസ്രായേലിലേക്ക് നൂറിലധികം മിസൈലുകള്‍ അയച്ചതായി ഇറാന്‍ വ്യക്തമാക്കി. ഇസ്രായേലാണ് യുദ്ധം തുടങ്ങിവെച്ചതെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ പറഞ്ഞു. ചെയ്ത കുറ്റത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അനുവദിക്കില്ല. തിരിച്ചടിക്ക് സൈന്യം ഒരുങ്ങിയതായും ഖാംനഈ.
ഇസ്രയേലി ഫൈറ്റര്‍ ജെറ്റ് പൈലറ്റിനെ പിടികൂടിയതായി ഇറാന്‍ അവകാശപ്പെട്ടു. സൈന്യത്തെ ഉദ്ധരിച്ച് ഇറാന്‍ തസ്‌നീം ന്യൂസ് ഏജന്‍സിയുടേതാണ് റിപ്പോര്‍ട്ട്.
IMPACT IN CENTRAL TEL AVIV pic.twitter.com/XnJih8vBTk
— Iran Observer (@IranObserver0) June 13, 2025
ഇസ്രായേലിലെ 150ഓളം കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടതായി ബ്രിഗേഡിയര്‍ ജനറല്‍ അഹ്‌മദ് വാഹിദി അറിയിച്ചു.
വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് ഇസ്രായേല്‍ ഇറാന് നേരെ അപ്രതീക്ഷിത ആക്രമണം നടത്തിയത്. സായുധ സേനാ തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് ബഗേരി, ഇസ്ലാമിക റവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് മുന്‍ മേധാവി മേജര്‍ ജനറല്‍ ഹുസൈന്‍ സലാമി, ഐആര്‍ജിസി എയ്‌റോസ്‌പേസ് ഫോഴ്‌സ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ അമീര്‍ അലി ഹാജിസാദെ, ഖത്താം അല്‍ അന്‍ബിയ ആസ്ഥാന കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഗുലാം അലി റാഷിദ് ഉള്‍പ്പെടെയുള്ളവര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
പ്രമുഖ ആണവ ശാസ്ത്രജ്ഞരായ മുഹമ്മദ് മെഹദ് തെഹ്‌റാഞ്ചി, ഫരീദൂന്‍ അബ്ബാസി, ഡോ. അബ്ദുല്‍ ഹാമിദ് മിനൂഷര്‍ എന്നിവര്‍ക്കു പുറമേ 70ലേറെ സിവിലിയന്‍മാരെയും ഇസ്രായേല്‍ കൊലപ്പെടുത്തി.
ഇറാനിലേക്ക് വീണ്ടും ആക്രമണം
ഇറാനിലേക്ക് ഇന്ന് പുലര്‍ച്ചെ വീണ്ടും ഇസ്രായേല്‍ ആക്രമണം. തെഹ്‌റാനില്‍ സ്‌ഫോടന ശബ്ദങ്ങള്‍ മുഴങ്ങിയതായി ഇറാന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.


