15
Feb 2025
Sun
15 Feb 2025 Sun

ന്യൂഡല്‍ഹി: വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സായ നിമിഷ പ്രിയയുടെ മോചനത്തില്‍ വീണ്ടും അനുകൂല ഇടപെടല്‍. മോചനവുമായി ബന്ധപ്പെട്ട് യമനുമായി ചര്‍ച്ച നടക്കുന്നതായി ഇറാന്‍ അറിയിച്ചു. വിഷയത്തില്‍ ഇടപെട്ടതായി ഇറാന്‍ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് ആണ് സ്ഥിരീകരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലപ്പെട്ട യമനി പൗരന്‍ തലാല്‍ അബ്ദു മെഹ്ദിയുടെ കുടുംബവുമായിയുള്ള ചര്‍ച്ചയ്ക്ക് ഇറാന്‍ നേരത്തെ ഇടനിലക്കാരാകാമെന്ന് ഇന്ത്യയെ അറിയിച്ചിരുന്നു. ഇതുപ്രകാരമുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. യമന്‍ തലസ്ഥാനമായ സന്‍ആയില്‍ ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തുള്ള ജയിലിലാണ് നിമിഷ പ്രിയ കഴിയുന്നത്. അതിനാലാണ് ഔദ്യോഗിക നയതന്ത്ര ഇടപെടല്‍ അസാധ്യമായതും അനൗദ്യോഗികവഴിയിലൂടെ ഇറാന്റെ സഹായത്തോടെ ചര്‍ച്ച നടക്കുന്നതും.

40,000 ഡോളര്‍ നിമിഷപ്രിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം കൊല്ലപ്പെട്ട അബ്ദു മെഹ്ദിയുടെ കുടുംബത്തിന് കൈമാറിയെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ് രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സാധ്യമായ ഏല്ലാ ഇടപെടലുകളും നടത്തുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട് 2017 മുതല്‍ ജയിലില്‍ കഴിയുകയാണ് നിമിഷപ്രിയ. 2017ലായിരുന്നു കേസിന് ആസ്പദമായ സംഭവം.

വധശിക്ഷക്ക് വിധിക്കപ്പെട്ട് യമന്‍ തലസ്ഥാനമായ സന്‍ആയിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ കഴിഞ്ഞ ഏപ്രിലില്‍ അമ്മ പ്രേമകുമാരി നേരില്‍ കണ്ടിരുന്നു. 12 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമായിരുന്നു പ്രേമകുമാരി മകളെ കാണുന്നത്. അമ്മയും മകളും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു.

പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷപ്രിയ. തൊടുപുഴ സ്വദേശി ടോമിയെ വിവാഹം കഴിച്ച ശേഷം 2012ലാണ് ഭര്‍ത്താവിനൊപ്പം യമനില്‍ നഴ്‌സായി ജോലിക്ക് പോയത്.

2017 ജൂലൈ 25ന് യമന്‍ സ്വദേശി തലാല്‍ അബ്ദുല്‍ മഹ്ദിയുടെ കൊലപാതകമാണ് യുവതിയുടെ ജീവിതം മാറ്റിമറിച്ചത്. യമന്‍ പൗരനെ കൊലപ്പെടുത്തി മൃതദേഹം വീടിനുള്ളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്നായിരുന്നു കേസ്. സാഹചര്യ തെളിവുകളെല്ലാം പ്രതികൂലമായതിനെ തുടര്‍ന്ന് നിമിഷയ്ക്ക് യമന്‍ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു.

യമനിലെത്തിയ ശേഷം തലാല്‍ അബ്ദുല്‍ മഹ്ദിയുമായി പരിചയത്തിലായ നിമിഷപ്രിയ അദ്ദേഹവുമായി ചേര്‍ന്ന് കച്ചവടപങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങുകയുമായിരുന്നു. രാജ്യത്ത് യമന്‍ പൗരന്മാരുടെ ഉത്തരവാദിത്തത്തിലല്ലാതെ സ്ഥാപനങ്ങള്‍ തുടങ്ങാനാകില്ല. ഇതിനാലാണ് മഹ്ദിയുടെ സഹായം തേടിയത്.

ക്ലിനിക്കിനായി കൂടുതല്‍ പണം ആവശ്യം വന്നതോടെ നിമിഷയും ഭര്‍ത്താവും നാട്ടിലേക്കു മടങ്ങി. പിന്നീട് നിമിഷ മാത്രമായിരുന്നു യമനിലേക്കു തിരിച്ചുപോയത്.

മഹ്ദിയുമായി ചേര്‍ന്ന് ക്ലിനിക്ക് തുടങ്ങിയശേഷം ഭാര്യയാണെന്നു വിശ്വസിപ്പിച്ച് വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി. ഇതിനിടെ, ഇരുവരും ചേര്‍ന്ന് ആരംഭിച്ച ക്ലിനിക്കിലെ വരുമാനം മുഴുവന്‍ തലാല്‍ സ്വന്തമാക്കുകയും പാസ്‌പോര്‍ട്ട് തട്ടിയെടുക്കുകയും ചെയ്തതായി നിമിഷപ്രിയയുടെ കുടുംബം ആരോപിക്കുന്നു.

അധികൃതര്‍ക്ക് പരാതി നല്‍കിയ യുവതിയെ മഹ്ദി മര്‍ദിക്കുകയും ചെയ്തു. ജീവന്‍ അപകടത്തിലാകുമെന്ന ഘട്ടത്തിലാണ് താന്‍ മഹ്ദിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് നിമിഷപ്രിയ അവകാശപ്പെടുന്നത്.

Iran says talks are underway with Yemen to intervene again for Nimisha Priya’s release