15
May 2025
Sun
15 May 2025 Sun
Ayatollah Ali Khamenei

പശ്ചിമേഷ്യന്‍ സന്ദര്‍ശന വേളയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് നടത്തിയ പ്രതികരണങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച് ഇറാന്‍. (Iran’s leaders slam Trump) ട്രമ്പിന്റെ കമന്റുകള്‍ പ്രതികരണം പോലും അര്‍ഹിക്കാത്തത്ര തരംതാണതാണെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയുത്തുല്ല അലി ഖാംനഇ പ്രതികരിച്ചു. തെഹ്‌റാനില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫലസ്തീനികളെ കൂട്ടുക്കൊല ചെയ്യാന്‍ പിന്തുണ നല്‍കുന്ന ട്രമ്പ്, സമാധാനത്തിന് വേണ്ടി അധികാരം ഉപയോഗിക്കുമെന്നു പറയുന്നത് നുണയണ്. മുറിച്ച് മാറ്റപ്പെടേണ്ട അപകടകരമായ കാന്‍സര്‍ ട്യൂമറാണ് ഇസ്രായേലെന്നും ഖാംനഇ പറഞ്ഞു.

ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്‍ ട്രമ്പിന്റെ നിലപാടുകളിലെ കാപട്യം ചൂണ്ടിക്കാട്ടി. തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ഇസ്രായേല്‍ വംശഹത്യയെ പിന്തുണയ്ക്കുകയും ചെയ്യുന്ന ട്രമ്പ് തന്നെയാണ് സമാധാനത്തെക്കുറിച്ച് പറയുന്നതെന്ന് നാവിക ഉദ്യോഗസ്ഥരുടെ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

ALSO READ: ഹിസ്ബുല്ല നേതാക്കളെയും പിന്‍ഗാമികളെയും കൊല്ലാന്‍ ഇസ്രായേലിനെ സഹായിച്ചത് കമാന്‍ഡറുടെ മകന്‍; 21 ചാരന്മാര്‍ പിടിയില്‍

പ്രസിഡന്റിന്റെ ഏത് വാക്കുകളാണ് നമ്മള്‍ വിശ്വസിക്കേണ്ടത്? സമാധാനത്തിന്റെ സന്ദേശമോ അതോ കൂട്ടക്കൊലയുടെ സന്ദേശമോ? അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് ഉപരോധം ഏര്‍പ്പെടുത്തിയ ട്രമ്പിന്റെ നടപടിയും പെഷസ്‌കിയാന്‍ ചൂണ്ടിക്കാട്ടി.

പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിനിടെ സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളുമായി ട്രമ്പ് കോടികളുടെ കരാര്‍ ഒപ്പിട്ടിരുന്നു. അറബ് നേതാക്കളെ പ്രകീര്‍ത്തിച്ച ട്രമ്പ് ഇറാന്‍ നേതൃത്വത്തെ അധിക്ഷേപിക്കുകയും ചെയ്തു.

അറബ് നേതൃത്വം അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുമ്പോള്‍ 1979ലെ വിപ്ലവത്തിന് ശേഷം ഇറാന്‍ തകര്‍ന്നുകൊണ്ടിരിക്കുയാണെന്ന് ട്രമ്പ് പറഞ്ഞു. അഴിമതിയും കെടുകാര്യസ്ഥതയും കാരണം പച്ചപ്പുള്ള കൃഷിയിടങ്ങളെ ഇറാന്‍ നേതാക്കള്‍ വരണ്ട മരുഭൂമിയാക്കി മാറ്റിയെന്നും ട്രമ്പ് അധിക്ഷേപിച്ചു.

ഉപരോധങ്ങളിലൂടെയും സൈനിക ഭീഷണികളിലൂടെയും അമേരിക്കയാണ് ഇറാന്റെ വളര്‍ച്ചയെ തടഞ്ഞതെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി പ്രതികരിച്ചു.