18
Jun 2025
Fri
18 Jun 2025 Fri
iran military commanders assasinated

ഇറാനില്‍ ഇന്നു പുലര്‍ച്ചെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ കൂടുതല്‍ ഇറാന്‍ സൈനിക മേധാവികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം.(Iran’s top general Bagheri assassinated by Israel)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സായുധ സേനാ മേധാവി മുഹമ്മദ് ബഗേരി, ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡിനു കീഴിലെ ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ ഇസ്മായില്‍ ഖആനി, ഇറാന്‍ സായുധ സേന ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ ഗുലാം അലി റഷീദ് എന്നിവരും കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ ഹുസൈന്‍ സലാമി കൊല്ലപ്പെട്ടതായി ഔദ്യോഗിക മാധ്യമങ്ങള്‍ ആദ്യം സ്ഥിരീകരിച്ചിരുന്നു. ഇതുവരെയുള്ള വിവരങ്ങള്‍ അനുസരിച്ച് ആക്രമണങ്ങളില്‍ നാല് മുതിര്‍ന്ന ഇറാന്‍ സൈനിക കമാന്‍ഡര്‍മാരാണ് കൊല്ലപ്പെട്ടത്. ബഗേരി കൊല്ലപ്പെട്ടു എന്ന വാര്‍ത്ത നേരത്തേ ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ നിഷേധിച്ചിരുന്നു.

ഇറാഖി വ്യോമാതിര്‍ത്തി ലംഘിച്ചാണ് ഇറാനെതിരേ ഇസ്രായേല്‍ വിമാനങ്ങള്‍ ആക്രമണം നടത്തിയത്. ഇറാനെതിരായ ഇസ്രായേലി ആക്രമണം ദിവസങ്ങളോളം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി അഭിജ്ഞ വൃത്തങ്ങളെ ഉദ്ധരിച്ച് സി.എന്‍.എന്‍ വെളിപ്പെടുത്തി. ആവശ്യത്തിനനുസരിച്ച് ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിട്ടുണ്ട്.

ഇറാനിലെ ഏറ്റവും വലിയ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമായ നതന്‍സ് ആണവ കേന്ദ്രം, ബാലിസ്റ്റിക് മിസൈല്‍ ഫാക്ടറികളും കമാന്‍ഡ് കേന്ദ്രങ്ങളും, ആണവായുധ വികസനവുമായി ബന്ധപ്പെട്ട ആണവ ശാസ്ത്രജ്ഞര്‍, തെഹ്‌റാന്‍, ഖും, തബ്രിസ് എന്നിവിടങ്ങളിലെ സൈനിക, സുരക്ഷാ ആസ്ഥാനങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ ആക്രമണങ്ങള്‍ നടത്തിയത്. സൈനിക കമാന്‍ഡര്‍മാര്‍ക്കും ആണവ ശാസ്ത്രജ്ഞര്‍ക്കും പുറമെ നിരവധി സാധാരണക്കാര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായും ധാരാളം പേര്‍ക്ക് പരിക്കേറ്റതായുമാണ് കരുതുന്നത്. സൈനിക പശ്ചാത്തല സൗകര്യങ്ങള്‍ വലിയ തോതില്‍ നശിപ്പിക്കപ്പെട്ടിട്ടുമുണ്ട്.

കനത്ത തിരിച്ചടി നല്‍കുമെന്ന് ഖാംനഇ
ഇറാനെതിരേ നടത്തിയ ആക്രമണത്തിന് അതിശക്തമായ തിരിച്ചടി പ്രതീക്ഷിക്കാമെന്ന് പരമോന്നത നേതാവ് ആയുത്തല്ല അലിം ഖാനഇ പറഞ്ഞു. തെഹ്‌റാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.

മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടുവെങ്കിലും ഇറാന്റെ സൈനിക ഘടനയ്ക്ക് തകരാറുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് വിദഗ്ധര്‍ പറയുന്നു. വരും മണിക്കൂറുകളില്‍ നിര്‍ണായകമായ തീരുമാനം സൈന്യത്തിന്റെ ഭാഗത്ത് നിന്നുണ്ടാവും. ഇത്തവണത്തെ തിരിച്ചടി മുമ്പുള്ളതില്‍ നിന്ന് വ്യത്യസ്ഥമായിരിക്കുമെന്നും റിപോര്‍ട്ടുകളില്‍ പറയുന്നു.

ഇസ്രായേല്‍ ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ഇറാന് നിയമപരമായ എല്ലാ അവകാശങ്ങളുമുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. ഇസ്രായേലിനും അവരെ പിന്തുണയ്ക്കുന്ന അമേരിക്കയ്ക്കും ഈ അതിസാഹസത്തില്‍ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.