21
Sep 2022
Mon
21 Sep 2022 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: ഇസ് ലാം സ്വീകരിക്കുന്നതിന് മുമ്പ് തന്നെ മകലാ സുരയ്യ ബുർഖ ധരിക്കുമായിരുന്നുവെന്ന് വളർത്തുമകൻ ഡോ. ഇർഷാദ് അഹമ്മദ്. മാതൃഭൂമിയുമായുള്ള ദീർഘസംഭാഷണത്തിലാണ് ഇർഷാദ് ഇക്കാര്യം പറഞ്ഞത്.

 

ഇസ് ലാം മതത്തിലേക്കുള്ള അമ്മയുടെ പരിവർത്തനം ദീർഘവും പ്രക്ഷുബ്ധവുമായ ഒരു ആത്മീയയാത്രയുടെ ഭാഗമായിരുന്നു. ഇസ് ലാം മതം സ്വീകരിക്കുന്നതിനു മുമ്പേ തന്നെ അമ്മ ബുർഖ ധരിക്കുമായിരുന്നു. എഴുപതുകളിൽ മുംബെയിൽ വിദ്യാർഥികളായിരിക്കുമ്പോൾ ഞങ്ങളുടെ കുടുംബത്തിൽ ആരുംതന്നെ ബുർഖ ധരിച്ചിരുന്നില്ല. 1980ൽ ദുബായിയിലെ മലയാളി വിമൻസ് അസോസിയേഷൻ ‘മതഭേദമന്യേ സ്ത്രീകൾക്ക് പർദയുടെ ആവശ്യകത’ എന്ന വിഷയത്തിൽ സംസാരിക്കാനായി അമ്മയെ (കമല സുരയ്യ) ക്ഷണിച്ചു. അമ്മയുടെ വാക്കുകൾ തന്നെ കടമെടുത്ത് പറയുകയാണെങ്കിൽ, അപ്പോഴേക്കും പത്തു വർഷത്തോളം ഒരു മതത്തിലും വിശ്വസിക്കാതെ പിന്നീട് അമ്മ ഇസ് ലാം മതം സ്വീകരിച്ചിരുന്നു. 

 

”ബുർഖ ധരിച്ച യാഥാസ്ഥിതിക മുസ് ലീം സ്ത്രീകളെ ആക്രമിക്കാൻ ആരും ധൈര്യപ്പെടാത്തതിനാൽ എന്നെ സംബന്ധിച്ചിടത്തോളം ഇത് തിരിച്ചറിയപ്പെടില്ലെന്ന ഭയാനകമായ ഒരു ബോധം നൽകുകയും ഒരു ബുള്ളറ്റ് പ്രൂഫായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്”- അമ്മ ബുർഖയെ സമീപിച്ചത് ഇങ്ങനെ പറഞ്ഞുകൊണ്ടായിരുന്നുവെന്ന് ഇർഷാദ് ഓർമിക്കുന്നു.

 

കേരളത്തിലെ മുസ് ലിം സമൂഹത്തിൽനിന്നു അമ്മയ്ക്ക് നിരാശാജനകമായ പല സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. തികഞ്ഞ ഒരു മുസ് ലിം മതവിശ്വാസിയായി തുടരുകയും കൃത്യമായി നിസ്‌കരിക്കുകയും ചെയ്തിരുന്നു. തികച്ചും യാഥാസ്ഥിതികരായിട്ടുള്ള മുസ് ലിങ്ങൾ സക്കാത്തിന്റെ പേരിൽ അമ്മയോട് അമിതമായ സാമ്പത്തികാവശ്യങ്ങൾ ഉന്നയിച്ചതായും ഇർഷാദ് പറഞ്ഞു.

 

അഭിമുഖത്തിൽ കമലാദാസിനൊപ്പമുള്ള നിരവധി അനുഭവങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. അണ്ണാമലൈ കവിതകൾ ഇർഷാദിന് വായിച്ചുകൊടുക്കുന്ന കമലാദാസ് അമ്മയ്ക്ക് വളരെ മാതൃകാപരമായ ഒരു മതേതരബോധം തന്നെയുണ്ടായിരുന്നു. ഒരു സംഭവം പറയാം: 

ഞങ്ങളുടെ ഇളയ സഹോദരൻ ജയ്‌സൂര്യദാസിന് (ഷോഡു) അന്ന് പത്തുവയസ്സാണ്. ടെന്നീസ് ക്ലബിൽ ചേരണമെങ്കിൽ അവിടെനിന്നു തരുന്ന ഒരു ഫോം പൂരിപ്പിച്ച് സമർപ്പിക്കണം. ജയ്‌സൂര്യ ഫോം പൂരിപ്പിച്ച് അമ്മയെ കാണിച്ചു. അപേക്ഷകന്റെ പേര്, പിതാവിന്റ പേര്, മാതാവിന്റെ പേര്, ദേശീയത എല്ലാം ഷോഡു കൃത്യമായി പൂരിപ്പിച്ചിട്ടുണ്ട്. അപേക്ഷകന്റെ മതം വ്യക്തമാക്കേണ്ട കോളത്തിൽ ഷോഡു ‘ഹിന്ദു’ എന്നെഴുതി. അപേക്ഷ വിശദമായി നോക്കിയ ശേഷം അമ്മ അവനെ വിളിച്ചു. ”നിന്നെക്കുറിച്ച് എഴുതിയിരിക്കുന്ന എല്ലാ വിവരങ്ങളും ഏറെക്കുറെ ശരിയാണ്. പക്ഷേ, വിശ്വാസം കൊണ്ട് നീയൊരു ഹിന്ദുവാണെന്ന് നിനക്കെങ്ങനെ അറിയാം? ” ഷോഡു അമ്മയോട് പറഞ്ഞു: ”കാരണം എന്റെ അമ്മ ഹിന്ദുവാണ്.”  അമ്മ അപ്പോൾത്തന്നെ തിരുത്തി. ‘അല്ല! ഈ പ്രായത്തിൽ നിനക്ക് ഒരു മതവും കൊണ്ടുനടക്കാനായിട്ടില്ല. നീ വളർന്ന് വലുതാവുമ്പോൾ, എല്ലാ മതങ്ങളെക്കുറിച്ചും പഠിച്ച ശേഷം, പൂർണമായും മനസ്സിലാക്കിയ ശേഷം, നിനക്ക് സ്വീകാര്യമായ മതം തിരഞ്ഞെടുക്കാം. നീ ഒരു പക്ഷേ ബുദ്ധമതക്കാരനായേക്കാം, ചിലപ്പോൾ മുസ് ലിം, അല്ലെങ്കിൽ ക്രിസ്ത്യൻ.’ അൽപനേരത്തെ ആലോചനയ്ക്ക് ശേഷം വളരെ പതുക്കെ ഷോഡു അമ്മയോട് ചോദിച്ചു: ”അങ്ങനെയാണെങ്കിൽ അമ്മേ, ഈ കോളത്തിൽ ഞാൻ എന്ത് എഴുതും?’ അമ്മ അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു: ”നീ എഴുത്, ഇതുവരെ തീരുമാനിക്കപ്പെട്ടിട്ടില്ല” ഷോഡു കൃത്യമായും സ്പഷ്ടമായും അങ്ങനെത്തന്നെ എഴുതി! 

 

അതിനുശേഷം അമ്മ എന്നോട് പറഞ്ഞു: ”ഇർഷാദ്, നിനക്കറിയാല്ലോ, ഞാൻ ഒരു വെജിറ്റേറിയനാണ്. എനിക്ക് ഒരു പാറ്റയെപ്പോലും കൊല്ലാനാവില്ല. പക്ഷേ, നിനക്കറിയാമോ, എനിക്ക് വളരെ എളുപ്പത്തിൽ ഒരാളെ കത്തിക്ക് ഇരയാക്കാൻ കഴിയും; അയാൾ എന്റെയടുക്കൽ വന്ന് എന്റെ മറ്റ് മക്കളിൽനിന്നും നീ നിന്റെ മതം കൊണ്ട് വിഭിന്നനാണ് എന്ന് പറയുകയാണെങ്കിൽ.” അമ്മയുടെ ഔന്നത്യമാർന്ന മതേതര വീക്ഷണങ്ങൾക്കുമുമ്പിൽ ഞാൻ അടിമുടി നമസ്‌കരിച്ചുപോയി. 

 

എ.കെ. ആന്റണി എ.ഐ.സി.സി. ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ രാജീവ് ഗാന്ധിയുടെ ഒരു ശുപാർശയുമായി അമ്മയെ കാണാൻ വന്നു. പുതുതായി ഏർപ്പെടുത്തിയ ഇന്ദിര ഗാന്ധി വൃക്ഷമിത്ര അവാർഡ് അമ്മയ്ക്ക് നൽകണമെന്നാണ് രാജീവ്ജിയുടെ ആഗ്രഹം. എ.കെ. ആന്റണി പറഞ്ഞതിങ്ങനെയാണ്: ‘ചേച്ചി, രാജീവ്ജിക്ക് ഈ അവാർഡ് ചേച്ചിക്കുതന്നെ നൽകാനാണ് ആഗ്രഹം. അതിനുവേണ്ടി ഒന്നും തന്നെ ചേച്ചി ചെയ്യേണ്ടതില്ല, പകരം സർക്കാറിനെ വിമർശിക്കുന്നതിൽനിന്നു മാറിനിൽക്കണം. ചേച്ചി ഈ പുരസ്‌കാരം സ്വീകരിക്കുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും.” അമ്മ പറഞ്ഞു: ശരി, ഞാനങ്ങനെ ചെയ്യാം. ഒരു ഉപാധിയുണ്ട്. ഒരു വ്യക്തിക്കായി ഈ പുരസ്‌കാരം നൽകരുത്, പകരം കേരള ഫോറസ്ട്രി ബോർഡിനുവേണം നൽകാൻ. എന്റെ പിള്ളേർ എല്ലാവരും ഒരുപോലെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്.” അങ്ങനെ ബാബാ ആംതേയുടെ പക്കൽനിന്നു പുരസ്‌കാരം സ്വീകരിച്ചു.

 

2009 ജനുവരി ആറിനാണ് അമ്മയെ അവസാനമായി ഞാൻ കാണുന്നത്. അമ്മ എന്നെ കാണണമെന്ന് ആവശ്യപ്പെട്ടത് സഹോദരന്മാർ എന്നെ അറിയിച്ചു. ഞാനും ലളിതയും കൂടി അമ്മയെ കാണാൻ പോയി. പൂനെയിലെ സൺശ്രീ ഗോൾഡ് അപ്പാർട്‌മെന്റിൽ ഏതാണ്ട് പതിനൊന്നു മണിയോടെ ഞങ്ങൾ എത്തി. അമ്മ പൂർണമായും കിടപ്പിലായിരുന്നു. ആ കാഴ്ച ഹൃദയം പിളരുന്നതായിരുന്നു. സംസാരിക്കാൻ തീരേ പറ്റുന്നില്ല, എന്നാലോ അമ്മയുടെ സ്ഥായിയായ സ്‌നേഹവും ആതിഥേയസ്വഭാവവും മുഖത്ത് പ്രകടമായിരുന്നു. ഞങ്ങൾ അടുത്ത് വന്നിരുന്നപ്പോൾ അമ്മയുടെ മുഖം സന്തോഷം കൊണ്ട് പ്രകാശിച്ചു. ഞങ്ങളുടെ കൈകളിൽ പിടിച്ചുകൊണ്ട് മാതൃത്വം തുളുമ്പുന്ന കണ്ണുകളോടെ അമ്മ ഞങ്ങളെ തഴുകിക്കൊണ്ടിരുന്നു. വളരെക്കാലം മുമ്പ് അമ്മയുടെ സംരക്ഷണത്തിൽ ഞാൻ അനുഭവിച്ച സുരക്ഷിതത്വവും സംതൃപ്തിയും എനിക്കു പകർന്നു തരാനുള്ള തിടുക്കമായിരുന്നു അമ്മയ്ക്ക്; ഒട്ടും വയ്യാതിരുന്നിട്ടുകൂടി.

 

ഞങ്ങൾ പല കാര്യങ്ങളും സംസാരിച്ചെങ്കിലും മതം ഒരു വിഷയമാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തനിക്ക് വളരെയധികം ആശ്വാസം നൽകപ്പെടും എന്ന് വിശ്വസിച്ച് അമ്മ തിരഞ്ഞെടുത്ത മതത്തിന്റെ പേരിൽ ധാരാളം അർഥരഹിതമായ വിവാദങ്ങൾ നടന്നുകഴിഞ്ഞു. അമ്മയ്ക്ക് മനുഷ്യരുടെ മനസ്സ് വായിക്കാൻ അപാരമായ സിദ്ധിയുണ്ട്. ഞങ്ങൾ മനപ്പൂർവം തൊടാതിരിക്കാൻ ശ്രമിക്കുന്ന വിഷയം തന്നെ അമ്മ സന്ദർഭത്തിന് ഒട്ടും ചേരാതിരുന്നിട്ടുകൂടി പറഞ്ഞു: ‘ഞാൻ ഒരു മുസ് ലിമാണ്. എനിക്ക് അല്ലാഹുവിൽ വിശ്വാസമുണ്ട്. എന്നിരുന്നാലും എന്തെല്ലാം വിഷമതകൾ ഞാനിപ്പോൾ അനുഭവിക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാമല്ലോ. എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയുന്നില്ല. എഴുന്നേൽക്കാൻ പോലും കഴിയുന്നില്ല. എനിക്ക് നിസ്‌കരിക്കാൻ കഴിയുന്നില്ല. ഞാൻ നിസ്സഹായയാണ്.” ”പടച്ചവനുമായുള്ള അമ്മയുടെ കൂട്ട് ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും അതീതമാണ്. പടച്ചവൻ എല്ലാം പൊറുത്തുകൊള്ളും.” ഞങ്ങൾ അമ്മയെ സമാധാനിപ്പിച്ചു. ഇസ് ലാമിക നിയമപ്രകാരമുള്ള വിശ്വാസം, കലിമ, തുടങ്ങിയവയെക്കുറിച്ച് അമ്മ സംസാരിച്ചു. ഞങ്ങൾ അമ്മയ്ക്ക തസ്ബീഹ് നൽകി. അമ്മ അതീവസന്തോഷവതിയായി കാണപ്പെട്ടു. 

 

ജൂൺ ഒന്നിനായിരുന്നു സംസ്‌കാരം നിശ്ചയിച്ചിരുന്നത്. പാളയം പള്ളി ജനനിബിഢമായിരുന്നു. സ്ത്രീപുരുഷ ഭേദമന്യേ, ജാതിമതവിവേചനങ്ങൾ മറന്ന് അമ്മയുടെ ശവസംസ്‌കാര പ്രാർഥനയിൽ പങ്കുചേർന്നു. ജനബാഹുല്യം നിമിത്തവും ഞങ്ങളും പ്രാർഥനയിൽ പങ്കുചേരുന്നു എന്ന നിരന്തരമായ അഭ്യർഥനകൾ മാനിച്ചും രണ്ട് ഘട്ടങ്ങളിലായിട്ടായിരുന്നു പ്രാർഥന നടത്തിയത്. അതിനെല്ലാം ശേഷം, അമ്മ എങ്ങനെയായിരുന്നുവോ അവസാനയാത്ര ആഗ്രഹിച്ചത് അതുപോലെ നടന്നു. മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള അമ്മയുടെ പരിശ്രമങ്ങളുടെ ഓർമകൾക്കായി രണ്ട് തൈകൾ ഖബറിന് മുകളിൽ നട്ടുപിടിച്ചിച്ചു. പള്ളി ഇമാം നാലാപ്പാട്ട് തറവാട്ടിൽനിന്നു സംഘടിപ്പിച്ച നീർമാതളത്തൈ തന്നെയാണ് നട്ടത് എന്നാണ് ഞാൻ കരുതുന്നത്. 

 

സംസ്‌കാരച്ചടങ്ങുകൾക്ക് ശേഷം കേരള സർക്കാർ അനുശോചന സമ്മേളനം സംഘടിപ്പിച്ചിരുന്നു. എല്ലാ മന്ത്രിമാരും മറ്റ് പ്രമുഖരും സമ്മേളനത്തിലുണ്ടായിരുന്നു. മോനുവും ചിന്നനും ഞാനുമായിരുന്നു കുടുംബത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. കമലാദാസിന്റെ കുടുംബത്തെ പ്രതിനിധീകരിച്ച് സംസാരിക്കാനുള്ള ഉത്തരവാദിത്തം എന്നിലായിരുന്നു അർപ്പിച്ചിരുന്നത്. അമ്മയെക്കുറിച്ച് സംസാരിച്ച ശേഷം മാധ്യമങ്ങൾ ഉയർത്തിയ ചോദ്യങ്ങൾക്കും ഞാൻ മറുപടി നൽകി. എന്റെ ജീവിതത്തിലെ വളരെ ദൈർഘ്യമുള്ളതും അതിപ്രധാനവുമായ ഒരു അധ്യായം അവസാനിക്കുകയായിരുന്നു. 

 

(നാഷണൽ അസോസിയേഷൻ ഫോർ ബ്ലൈൻഡ്‌സ് എന്ന സംഘടനയിലെ സന്നദ്ധപ്രവർത്തകയായിരുന്ന കമലാ ദാസ് കാഴ്ച പകുതിയോളം നഷ്ടപ്പെട്ട ഇംത്യാസ് അഹമ്മദ്, ഇർഷാദ് അഹമ്മദ് എന്നീ സഹോദരങ്ങളെ ഏറ്റെടുത്തിരുന്നു. കമലാദാസ് താമസിച്ചിരുന്ന ബാങ്ക് ഹൗസിനടുത്തുള്ള ഹോസ്റ്റലിൽ താമസിച്ചു പഠിച്ച ഇംത്യാസും ഇർഷാദും കമലാദാസിന്റെ മക്കളായിത്തന്നെ വളർന്നു. നിയമപഠനത്തിൽ തൽപ്പരനായ ഇംത്യാസ് ലോകമറിയുന്ന അഭിഭാഷകനായപ്പോൾ കമലയുടെ സാഹിത്യാഭിരുചികളിൽ ആകൃഷ്ടനായ ഇർഷാദ് അഹമ്മദ് പ്രശസ്തനായ ഇംഗ്ലീഷ് അധ്യാപകനായി).

kamala das surayya speeks