ജിദ്ദ: സാമ്പത്തിക പ്രയാസത്താൽ ഫീസ് അടയ്ക്കാൻ കഴിയാത്തതു മൂലം പഠനം തുടരാൻ കഴിയാത്ത ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും സഹായിക്കുന്നതിന് ഇന്ത്യൻ സ്‌കൂൾ പാരന്റ്‌സ് ഫോറം (ഇസ്പാഫ്) മുന്നിട്ടിറങ്ങുന്നു. വിവിധ സംഘനകളുടെ സഹകരണത്തോടെയും രക്ഷിതാക്കളുടെ പിന്തുണയോടെയും ഫീസ് അടയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന അർഹരായ കുട്ടികളെ കണ്ടെത്തി അവരെ സാമ്പത്തികമായി സഹായിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് ഇസ്പാഫ് പ്രസിഡന്റ് ഡോ. മുഹമ്മദ് ഫൈസലും ജനറൽ സെക്രട്ടറി എൻജീനീയർ മുഹമ്മദ് കുഞ്ഞിയും ഇഫ്താർ സംഗമത്തിൽ അറിയിച്ചു.
|
ഫീസ് അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതു വഴി സ്‌കൂളിന് ഭീമമായ തുകയാണ് പിരിഞ്ഞു കിട്ടാനുള്ളതെന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. അതിന്റെ മുഴുവൻ ഉത്തരവാദിത്തവും മറ്റു രക്ഷിതാക്കൾക്ക് ഏറ്റെടുക്കാനാവില്ല. എന്നാൽ രക്ഷിതാക്കളുടെ ജോലി സംബന്ധനായ പ്രശ്‌നങ്ങളാൽ സാമ്പത്തിക പ്രയാസം നേരിടുന്നതു മൂലം പഠനം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതെ യാഥാർഥത്തിൽ ബുദ്ധിമുട്ടുന്ന കുട്ടികളെ സഹായിക്കുകയാണ് ലക്ഷ്യമെന്നും അതിന് എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു. ഒരു സ്‌ക്രീനിങ് കമ്മിറ്റിയുടെ സഹകരണത്തോടെയായിരിക്കും അർഹരായ കുട്ടികളെ കണ്ടെത്തുകയെന്നും അവർ കൂട്ടിച്ചേർത്തു.
ഖാൻ ചാച്ച റസ്റ്റോറന്റിൽ നടന്ന ഇസ്പാഫ് ഇഫ്താർ സംഗമത്തിൽ പ്രിൻസിപ്പൽ ഡോ. മുഹസഫർ ഹസ്സൻ, വൈസ് പ്രിൻസിപ്പൽ ഫർഹത്തുന്നിസ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. രക്ഷാധികാരി നാസർ ചാവക്കാട് റമദാൻ സന്ദേശം നൽകി. ഇസ്പാഫ് മുൻ പ്രസിഡന്റ് അബ്ദുൽ അസീസ് തങ്കയത്തിൽ ആശംസ നേർന്നു. പ്രസിഡന്റ് ഡോ. മുഹമ്മദ് ഫൈസൽ സ്വാഗതവും ജനറൽ സെക്രട്ടറി എൻജിനീയർ മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.


