ഗസ്സയിലെ അഭയാർഥി ക്യാമ്പിന് നേരെയും ഇസ്രായേൽ വ്യോമാക്രമണം. ജബലിയ്യയിലുള്ള അഭയാർഥി ക്യാമ്പിലാണ് ഇസ്രായേൽ സേനയുടെ കൂട്ടക്കുരുതിയുണ്ടായത്. ഇസ്രായേൽ വ്യോമാക്രമണത്തിൽ ചുരുങ്ങിയത് 400 പേരെങ്കിലും കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതായി ഗസ്സ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
|
ജബലിയ്യ ക്യാമ്പിൽ ഇസ്രായേൽ ആറ് തവണ ബോംബിട്ടതായി അധികൃതർ പറയുന്നു. ക്യാമ്പ് പൂർണമായി തകർക്കപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ക്യാമ്പിൽ മരിച്ചവരുടെ എണ്ണം തിട്ടപ്പെടുത്താൻ പോലും പ്രയാസമാണെന്നാണ് ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രി ഡയറക്ടർ പറഞ്ഞു.
അതേസമയം, ഗസ്സയിൽ ഇസ്രായേലിന്റെ കരയാക്രമണം ശക്തമാണ്. ജനവാസ കേന്ദ്രങ്ങളിലും ഇസ്രായേൽ സേനയെത്തിയിരിക്കുകയാണ്. ഗസ്സയിൽ ആകെ മരണം 8525 ആയി. ഇതിൽ 3,542 കുഞ്ഞുങ്ങളും 2,187 സ്ത്രീകളും ഉൾപ്പെടുന്നു.
അതിനിടെ, ഗസ്സയിൽ ഇന്ധനക്ഷാമം രൂക്ഷമാണ്. ആശുപത്രി പ്രവർത്തനം നാളെ വൈകുന്നേരത്തോടെ നിർത്തുമെന്ന് ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രി ഡയറക്ടർ പറഞ്ഞു. അതേസമയം, ഇസ്രായേലിന് നേർക്ക് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും അയച്ചതായി ഹൂത്തികൾ അവകാശപ്പെട്ടു. ഫലസ്തീൻ പോരാളികളോടുള്ള ഐക്യദാർഢ്യമായാണ് നടപടിയെന്നാണ് അവരുടെ വിശദീകരണം. എന്നാൽ ഇസ്രായേൽ വ്യോമപരിധിക്ക് പുറത്തുനിന്ന് മിസൈൽ പ്രതിരോധിച്ചതെന്ന് എയർ ഫോഴ്സ് പറഞ്ഞു.


