17
May 2024
Wed
17 May 2024 Wed
hamas fighters

ഗസാ സിറ്റി: ഗസ നിയന്ത്രിക്കുന്ന ഹമാസിനെ ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ച് ഇസ്രായേല്‍ തുടങ്ങിവച്ച യുദ്ധം ഏഴുമാസം കഴിഞ്ഞിട്ടും ലക്ഷ്യത്തിന്റെ ഏഴയലത്തു പോലുമെത്തിയില്ല. (Israel has killed just 30-35 percent of Hamas fighters )ഏഴ് മാസം തുടര്‍ച്ചയായി നടത്തിയ ആക്രമണത്തിലൂടെ ഇസ്രായേലിന് 30 മുതല്‍ 35 ശതമാനം വരെ ഹമാസ് പോരാളികളെ മാത്രമേ ഇല്ലാതാക്കാന്‍ സാധിച്ചുള്ളുവെന്ന് യുഎസ് ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് പൊളിറ്റിക്കോ റിപോര്‍ട്ട് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2023 ഒക്ടോബര്‍ 7ന് ശേഷം നടത്തിയ ഗസാ അധിനിവേശത്തിലൂടെ ഇസ്രായേല്‍ ഇതിനകം കൊലപ്പെടുത്തിയത് 35,000ലേറെ പേരെയാണ്. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.

ഹമാസ് നിര്‍മിച്ച ഭൂഗര്‍ഭ തുരങ്കങ്ങളില്‍ 65 ശതമാനത്തിനും ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ ഇസ്രായേല്‍ ആക്രമണത്തിന് സാധിച്ചില്ലെന്നും പൊളിറ്റിക്കോ റിപോര്‍ട്ടില്‍ പറയുന്നു. ആയിരക്കണക്കിന് പുതിയ അംഗങ്ങള്‍ കഴിഞ്ഞ മാസങ്ങളില്‍ ഹമാസില്‍ ചേര്‍ന്നുവെന്നതാണ് ഇസ്രായേലിന് തലവേദന സൃഷ്ടിക്കുന്ന മറ്റൊരു കാര്യം.

ഹമാസിനെ നശിപ്പിക്കാനുള്ള ഇസ്രായേലിന്റെ ലക്ഷ്യം സാധ്യമാവുമോ എന്ന അമേരിക്കയുടെ ആശങ്കയ്ക്കിടെയാണ് പുതിയ റിപോര്‍ട്ട്. ഗസയിലെ ഇസ്രായേലിന്റെ സ്ട്രാറ്റജി പരാജയപ്പെടുന്നുവെന്ന് തിങ്കളാഴ്ച്ച സംയുക്ത സേനാ മേധാവി ജനറല്‍ ചാള്‍സ് ബ്രൗണ്‍ വിമര്‍ശിച്ചിരുന്നു. ഹമാസിനെ ഇല്ലാതാക്കാനോ പിടിച്ചെടുത്ത പ്രദേശങ്ങള്‍ സുരക്ഷിതമാക്കാനോ ഇസ്രായേലിന് സാധിച്ചില്ലെന്നാണ് ബ്രൗണിന്റെ വിമര്‍ശനം.

ഹമാസും മറ്റ് ഫലസ്തീന്‍ പോരാളി സംഘടനകളും ചേര്‍ന്ന് ബന്ധികളാക്കിയ 128 ഇസ്രായേലികളില്‍ ഒരാളെ പോലും ഇതുവരെ മോചിപ്പിക്കാന്‍ സാധിച്ചിട്ടില്ല. ഇസ്രായേല്‍ ആക്രമണത്തിനിടെ ഇവരില്‍ പലരും ഇതിനകം കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നത്. യുദ്ധ പുരോഗതിയില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരേ രാജ്യത്ത് അമര്‍ഷം വര്‍ധിച്ചുവരികയാണ്. പ്രധാനമന്ത്രിയുടെ ജനപ്രീതി അടുത്തകാലത്തായി വലിയ തോതില്‍ ഇടിഞ്ഞതായാണ് കണക്കുകള്‍.


Also Watch