15
Jul 2025
Fri
15 Jul 2025 Fri
gaza genocide

ഗസ: പരിക്കേറ്റും ഗുരുതര അസുഖങ്ങള്‍ ബാധിച്ചു ചികില്‍സയ്ക്ക് വേണ്ടി കാത്തുനിന്ന പത്ത് കുട്ടികളെ കൊലപ്പെടുത്തി ഇസ്രയേല്‍. (Israel killed 10 children in gaza queueing for teatment) ദേര്‍ അല്‍-ബലാഹിലെ ഒരു ക്ലിനിക്കിന് പുറത്ത് കാത്തുനിന്നവര്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ് 10 കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വൈദ്യസഹായത്തിനായി കാത്ത് നിന്നവര്‍ക്ക് നേരെ ഇസ്രായേല്‍ സേന ക്രൂരമായ ആക്രമണം നടത്തിയെന്ന് ഗസയിലെ മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ലിനിക്കിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചതായി ആശുപത്രി നടത്തുന്ന എന്‍.ജി.ഒ പ്രോജക്ട് ഹോപ്പ് അറിയിച്ചു.

‘ വരിയില്‍ നിന്ന നിരപരാധികളായ കുടുംബങ്ങള്‍ നിഷ്‌കരുണം ആക്രമിക്കപ്പെട്ടു. ഇത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ്,’ എന്‍.ജി.ഒയുടെ ചീഫ് എക്‌സിക്യൂട്ടീവ് റാബിഹ് ടോര്‍ബെ പറഞ്ഞു.

‘ഞങ്ങളുടെ തെറ്റ് എന്തായിരുന്നു? ഞങ്ങളുടെ കുട്ടികളുടെ തെറ്റ് എന്തായിരുന്നു? ഒരു അമ്മ തന്റെ കുട്ടിയെ നിലത്ത് കെട്ടിപ്പിടിക്കുന്നത് ഞാന്‍ കണ്ടു. രണ്ടുപേരും തല്‍ക്ഷണം കൊല്ലപ്പെട്ടു,’ ആശുപത്രിയിലുണ്ടായിരുന്ന 35 വയസുള്ള മുഹമ്മദ് അബു ഔദ പറഞ്ഞു.

അതേസമയം ഗസയിലെ ഫലസ്തീനികള്‍ക്കെതിരായ യുദ്ധത്തില്‍ അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 10 മടങ്ങ് വര്‍ധിച്ചതായി മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ്/ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു. ഒരു മാസത്തിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ മരണനിരക്ക് ആറ് മടങ്ങായി ഉയര്‍ന്നതായും റിപോര്‍ട്ടിലുണ്ട്.

2023 ഒക്ടോബര്‍ ഏഴ് മുതല്‍ സര്‍വേയില്‍ പങ്കെടുത്ത രണ്ട് ശതമാനത്തിലധികം ഫലസ്തീനികളും മരിച്ചതായാണ് എം.എസ്.എഫ് പറയുന്നത്. ഏഴ് ശതമാനം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സ്ഫോടനങ്ങളിലാണ് ഭൂരിഭാഗം ഫലസ്തീനികളും കൊല്ലപ്പെട്ടിരിക്കുന്നത്.

ഫലസ്തീന്‍ ജീവനക്കാരില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് എം.എസ്.എഫ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.