ഗസയിലെ ശിഫ ഹോസ്പിറ്റൽ ഡയറക്ടർ മുഹമ്മദ് അബു സാൽമിയ അടക്കം 50 ഫലസ്തീനികളെ ഇസ്രായേൽ നിരുപാധികം തടവറയിൽ നിന്ന് മോചിപ്പിച്ചു. ഇവരെ ഗസാ മുനമ്പിലേക്ക് സായുധ സേന തിരിച്ചെത്തിച്ചതിനു പിന്നാലെ വിവാദം. മുഹമ്മദ് അബു സാൽമിയയെ മോചിപ്പിച്ചത് തങ്ങളുടെ അറിവില്ലാതെയാണെന്ന് ഇസ്രായേൽ കാബിനറ്റ് പ്രതികരിച്ചു. അതേസമയം തടവുകാരെ മോചിപ്പിച്ചത് ജയിലിൽ ഇടമില്ലാത്തതിനാൽ ആണെന്ന വാർത്തകൾ തള്ളി ഇസ്രായേൽ പ്രിസൻ സർവീസ് രംഗത്തുവന്നു. തടവുകാരെ മോചിപ്പിക്കുന്നതിനായി ഇസ്രായേൽ പ്രതിരോധ സേനയുടെ ബ്രിഗേഡിയർ ജനറൽ ഒപ്പുവച്ച ഉത്തരവും പ്രിസൻ സർവീസ് പുറത്തുവിട്ടു.
|
ശിഫ ഹോസ്പിറ്റൽ ഡയറക്ടർ അടക്കമുള്ളവരെ മോചിപ്പിക്കാനുള്ള തീരുമാനം ഇസ്രായേൽ ജയിൽ വകുപ്പിന്റേതല്ലെന്നും ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത് പ്രതിരോധ സേനയും ഷിൻ ബേത് സുരക്ഷാ ഏജൻസിയുമാണെന്നും ജയിൽ വകുപ്പ് പ്രതികരിച്ചു. തീവ്രവാദികളെ പാർപ്പിക്കുന്നതിന് പാർപ്പിക്കുന്നതിന് ഇടം കണ്ടെത്താനാണ് ഗസയിൽ നിന്നുള്ള തടവുകാരെ ദേ തീമൻ ജയിലിൽ നിന്നു മോചിപ്പിച്ചതെന്ന് ഷിൻ ബേത് അവകാശപ്പെട്ടിരുന്നു. ദേ തീമൻ ജയിലിൽ ഹ്രസ്വ കാലത്തേക്കാണ് തടവുകാരെ പാർപ്പിക്കുന്നതെന്നും ഷിൻ ബിത് പറയുകയുണ്ടായി. എന്നാൽ ഈ വാദം തള്ളിയാണ് ജയിൽ വകുപ്പ് രംഗത്തുവന്നത്. മുഹമ്മദ് അബു സാൽമിയയെ മോചിപ്പിച്ചത് നഫ്ഹ ജയിലിൽ നിന്നാണെന്നും ജയിൽ വകുപ്പ് വ്യക്തമാക്കി.
മുഹമ്മദ് അബു സാൽമിയയുടെ മോചനം തെളിയിക്കുന്നത് സർക്കാരിന്റെ വീഴ്ചയാണെന്നും ഭരണത്തിൽ തുടരാൻ സർക്കാരിന് അവകാശമില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ഹമാസ് ബന്ദികളാക്കിയ തങ്ങളുടെ പൗരന്മാരെ 120 പേരെ മോചിപ്പിക്കാതെയാണ് 50ലധികം ഫലസ്തീനികളെ മോചിപ്പിച്ചെന്നും സർക്കാരിന് യുദ്ധം നടത്തേണ്ടത് എങ്ങനെയാണെന്ന് അറിയില്ലെന്നും പ്രതിപക്ഷനേതാവ് യെയിർ ഗോലൻ ആരോപിച്ചു.
അതേസമയം തന്റെ ജയിൽമോചനം ഇസ്രായേൽ കാബിനറ്റ് അറിഞ്ഞില്ലെന്നത് അദ്ഭുതകരമാണെന്ന് ഗസിയിലെത്തിയ മുഹമ്മദ് അബു സലാമിയ പ്രതികരിച്ചു. ജയിലിൽ കഴിഞ്ഞ സമയത്ത് തന്നെ കാണാൻ അഭിഭാഷകരെയോ അന്താരാഷ്ട്ര സംഘടനാ പ്രതികളോ എത്തിയിട്ടില്ലെന്നും അബു സലാമിയ കൂട്ടിച്ചേർത്തു. 2023 നവംബറിലാണ് അബു സലാമിയയെ ഇസ്രായേൽ തടവിലടച്ചത്. ഹമാസ് തങ്ങളുടെ ആസ്ഥാനമായി ശിഫ ഹോസ്പിറ്റലിനെ ഉപയോഗപ്പെടുത്തിയെന്നാണ് ഇസ്രായേൽ ആരോപണം. ഇതുകൊണ്ടുതന്നെയാണ് ശിഫ ഹോസ്പിറ്റൽ ഡയറക്ടറുടെ മോചനം ഇസ്രായേലിൽ കൊടുമ്പിരി കൊള്ളുന്നതും.


