ബെയ്റൂത്ത്: ലബനാനിലെ ശിയാ സായുധ ഗ്രൂപ്പായ ഹിസ്ബുല്ലയെ കീഴ്പ്പെടുത്താനാകില്ലെന്ന് ബോധ്യമായതോടെ ഇസ്രായേല് വെടിനിര്ത്തലിന്. വിഷയത്തില് ഇന്ന് ഇസ്രയേല് ക്യാബിനറ്റ് യോഗം ചേരും. ടെല്അവീവിലെ ഇസ്രയേല് ഡിഫന്സ് ഫോഴ്സ് ആസ്ഥാനത്താണ് ബെഞ്ചമിന് നെതന്യാഹുവിന്റെ അധ്യക്ഷതില് യോഗം ചേരുന്നത്. ലബനനും ഇസ്രയേലും വെടിനിര്ത്തലിന് ധാരണയായെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. 60 ദിവസത്തെ വെടനിര്ത്തല് ഉണ്ടാവുമെന്നാണ് പ്രതീക്ഷ. വെടിനിര്ത്തല് കരാറിന്റെ അടുത്തെത്തിയെന്ന് യു.എസ് ദേശീയ സുരക്ഷവക്താവ് ജോണ് കിര്ബി പറഞ്ഞു. എന്നാല് ഹിസ്ബുല്ലയുമായുള്ള യുദ്ധത്തിലുള്ള പൂര്ണ്ണ അന്ത്യമല്ല ഇതെന്നും ഇസ്രായേല് വിശദീകരിച്ചിട്ടുണ്ട്.
|
ഞായറാഴ്ച രാത്രി ഇസ്രയേല് ഉദ്യോഗസ്ഥരുമായി നടത്തിയ സുരക്ഷാ കൂടിയാലോചനയിലാണ് ലെബനനില് വെടിനിര്ത്തലിനെപ്പറ്റി ആലോചിക്കുന്നതായി നെതന്യാഹു അറിയിച്ചത്. ചില തടസങ്ങള് കൂടി നിലനില്ക്കുന്നുണ്ടെന്നും ഏതാനും ദിവസത്തിനകം വെടിനിര്ത്തല് ധാരണയുണ്ടാവുമെന്ന് യുഎസിലെ ഇസ്രയേല് അംബാസഡര് മൈക്കിള് ഹെര്സോഗ് അറിയിച്ചിരുന്നു. യുഎസ് തയ്യാറാക്കിയ വെടിനിര്ത്തല് പദ്ധതി ചര്ച്ച ചെയ്യാന് വൈറ്റ് ഹൗസ് പ്രതിനിധി എമസ് ഹോക്സ്റ്റൈന് ലബനനും ഇസ്രയേല് കഴിഞ്ഞദിവസങ്ങളിള് സന്ദര്ശിച്ചിരുന്നു.
ഇതോടെ ലബനാനില് ഹിസ്ബുല്ലയുമായി ഒരു വര്ഷമായി നടക്കുന്ന യുദ്ധത്തില് താല്ക്കാലിക ഇടവേളയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവര്ഷം ഒക്ടോബര് ഏഴിന് ഇസ്രായേലില് ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ ഇസ്രായേല് ഗസ്സയില് വ്യോമാക്രമണം തുടങ്ങിയിരുന്നു. ഇതോടൊപ്പം തന്നെ ലബനാനിലും ചെറുതായി ആക്രമണം തുടങ്ങിയെങ്കിലും സെപ്തംബര് 23 മുതലാണ് ലെബനനില് ഇസ്രയേല് ആക്രമണം ശക്തമാക്കുന്നത്. ലെബനനിലെ ഇസ്രയേല് ആക്രമണത്തില് ഇതിനോടകം മൂവായിരത്തിലധികം പേര് കൊല്ലപ്പെടുകയും ദശലക്ഷത്തിലധികം പേര് പലായനം ചെയ്യുകയും ചെയ്തതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ഇതോടൊപ്പം ഹിസ്ബുല്ലയുടെ പ്രത്യേക്രമണത്തില് നിരവധി ഇസ്രായേലി സൈനികരും കൊല്ലപ്പെടുകയുണ്ടായി. ഒരേസമയം ഗസ്സയിലും ലബനാനിലും ആക്രമണം നടത്തുന്നത് ഇസ്രായേലിന്റെ സൈനിക ശേഷിയെയും സാമ്പത്തിക സ്ഥിരതയെയും അതിരൂക്ഷമായി ബാധിക്കുന്നുണ്ട്.
അതേസമയം, വെടിനിര്ത്തല് ചര്ച്ചകള് പുരോഗമിക്കുന്നതിനിടെ ലബനാനില് ഇസ്രായേല് നടത്തിയ ആക്രമണത്തില് 36 പേര് കൊല്ലപ്പെട്ടു. 17 പേര്ക്ക് പരിക്കേറ്റു. തെക്കന്, കിഴക്കന് ലബനാനിലാണ് ആക്രമണങ്ങള് നടന്നത്.
Israel ready for ceasefire in Lebanon; Cabinet meeting today


