ബൈറൂത്ത്: ഹമാസ് ആയുധശേഖരമുണ്ടെന്ന നുണ പ്രചരിപ്പിച്ച് ഗസയിലെ നിരവധി ആശുപത്രികള്‍ തകര്‍ത്ത ഇസ്രായേല്‍ അതേ തന്ത്രം ലബ്‌നാനിലും പയറ്റുന്നു. (Israel repeats Gaza’s lie in Lebanon; The propaganda that Hezbollah has hidden billions of dollars under the hospital has been debunked) ബൈറൂത്തിന്റെ തെക്കുഭാഗത്തുള്ള പ്രമുഖ ആതുരാലയമായ സാഹില്‍ ഹോസ്പിറ്റലിന് നേരെയാണ് ഇസ്രായേലിന്റെ നുണപ്രചാരണം.
|
ആശുപത്രിയുടെ അടിയില്‍ ഹിസ്ബുല്ലയുടെ ‘കാഷ് ബങ്കര്‍’ ഉണ്ടെന്ന് ആരോപിച്ച ഇസ്രായേല്‍, ആശുപത്രി ഉടന്‍ തകര്‍ക്കാന്‍ പോവുകയാണെന്നും രോഗികളും ജീവനക്കാരും ഒഴിഞ്ഞുപോകണമെന്നും അന്ത്യശാസനം നല്‍കി.
എന്നാല്‍, ഇസ്രായേല്‍ സൈന്യത്തിന്റെ ആരോപണം പച്ച നുണയാണെന്നും ആര്‍ക്കുവേണമെങ്കിലും ആശുപത്രിയില്‍ എവിടെ കയറിയും യഥേഷ്ടം പരിശോധിച്ച് ഇക്കാര്യം ബോധ്യപ്പെടാമെന്നും ആശുപത്രി അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. ”ഇത് സ്വകാര്യ ആശുപത്രിയാണ്. ഞങ്ങള്‍ ആളുകളെ സഹായിക്കുന്ന സ്ഥാപനമാണ്, ആര്‍ക്കും പരിശോധിച്ച് ബോധ്യപ്പെടാം’ – ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. വാലിദ് അലമേ ബി.ബി.സിയോട് പറഞ്ഞു.
ALSO READ: താഴെവീണ ഫോണെടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി പാറയിടുക്കില്‍ തല കീഴായി കുടുങ്ങി
ഇന്നലെ രാത്രിയാണ് ആശുപത്രി ഒഴിയാന്‍ ഇസ്രായേല്‍ സൈന്യം അന്ത്യശാസനം നല്‍കിയത്. ഒരുമാസമായി തുടരുന്ന ഇസ്രായേല്‍ ബോംബിങില്‍ ഗുരുതര പരിക്കേറ്റവരടക്കം നിരവധി പേര്‍ ഇവിടെ ചികിത്സയില്‍ കഴിയുന്നുണ്ട്.
ആശുപത്രിക്കടിയിലുള്ള ബങ്കറില്‍ ഹിസ്ബുല്ലയുടെ കോടിക്കണക്കിന് ഡോളറും ക്വിന്റല്‍ കണക്കിന് സ്വര്‍ണവും ഒളിപ്പിച്ചിട്ടുണ്ടെന്നായിരുന്നു ഇസ്രായേല്‍ ആരോപണം. എന്നാല്‍, ഇത് വ്യാജ ആരോപണമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇക്കാര്യം തെളിയിക്കാന്‍ തങ്ങളുടെ വാതിലുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണെന്നും എവിടെയും കയറി ആര്‍ക്കും പരിശോധിക്കാമെന്നും ആശുപത്രി മാനേജ്‌മെന്റ് വ്യക്തമാക്കി.
ഇതേതുടര്‍ന്ന് ബി.ബി.സി അടക്കം നിരവധി മാധ്യമങ്ങള്‍ ആശുപത്രിയുടെ മുക്കും മൂലയും പരിശോധിച്ച് വിഡിയോയില്‍ പകര്‍ത്തി ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ലോകത്തെ ഏത് ആശുപത്രിയിലും കാണപ്പെടുന്ന സാധാരണ കാര്യങ്ങള്‍ മാത്രമാണ് സാഹില്‍ ആശുപത്രിയിലും താന്‍ കണ്ടെത്തിയതെന്ന് യുദ്ധകാര്യ മാധ്യമപ്രവര്‍ത്തകനായ സ്റ്റീവ് സ്വീനി ട്വീറ്റ് ചെയ്തു.
ആശുപത്രിയുടെ ബേസ്മെന്റ് ഉള്‍പ്പെടെ എല്ലാ മേഖലയിലും തനിക്ക് നിയന്ത്രണമില്ലാതെ പ്രവേശിക്കാനായെന്നും സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി. ആശുപത്രിയുടെ അകം പരിശോധിക്കുന്ന ദൃശ്യങ്ങളും സ്റ്റീവ് പുറത്തുവിട്ടു.
കോടിക്കണക്കിന് ഡോളറും സ്വര്‍ണവും ആശുപത്രിക്കടിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ഇസ്രായേല്‍ ആരോപിച്ചതിന് പിന്നാലെയാണ് അദ്ദേഹം ആശുപത്രിയില്‍ എത്തിയത്. ആക്രമണത്തെ ന്യായീകരിക്കാന്‍ ആശുപത്രിയെ ഹിസ്ബുല്ലയുമായി ബന്ധിപ്പിച്ച് പുകമറ സൃഷ്ടിക്കുകയാണെന്ന് സ്റ്റീവ് ചൂണ്ടിക്കാട്ടി.
ഗസയിലെ ആതുരാലയ സംവിധാനങ്ങള്‍ തകര്‍ക്കാന്‍ പ്രയോഗിച്ച അതേ തന്ത്രമാണ് ഇസ്രായേല്‍ ലബനാനിലും പയറ്റുന്നതെന്ന് ആശുപത്രി ഡയറക്ടര്‍ അഭിപ്രായപ്പെട്ടു. ഏത് നിമിഷവും ഇസ്രായേല്‍ ഡ്രോണുകള്‍ ആശുപത്രി ആക്രമിക്കാന്‍ സാധ്യതയുള്ളതിനാല്‍ തങ്ങള്‍ അവിടെനിന്നും പുറത്തുകടന്നതായി സ്റ്റീവ് വ്യക്തമാക്കി.


