തെല്‍ അവീവ്: നൂറു കണക്കിന് രോഗികളും അഭയാര്‍ത്ഥികളും ഉള്ള ഗസയിലെ അല്‍ ശിഫാ ആശുപത്രിക്കു നേരെ ഇസ്രായേല്‍ സൈനിക നീക്കം. ആശുപത്രി സമുഛയത്തിന് നേരെ സൈന്യം വെടിയുതിര്‍ത്തതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. ഹമാസ് പോരാളികള്‍ ആശുപത്രിയെ പ്രവര്‍ത്തന കേന്ദ്രമാക്കുന്നു എന്നാരോപിച്ചാണ് ഇസ്രായേല്‍ ആക്രണം. ( Israeli forces al-Shifa hospital )
|
ഇസ്രായേലിന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഫലസ്തീന് ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു. ആശുപത്രിയിലുള്ള നൂറുകണക്കിന് രോഗികളുടെയും ജീവനക്കാരുടെയും ജീവന് വച്ചാണ് സൈന്യം കളിക്കുന്നത്. ആശുപത്രിക്കു നേരെ ആക്രമണം നടത്തുന്നതിന് സൈന്യം കള്ളക്കഥകള്‍ മെനയുകയാണെന്നും മന്ത്രാലയം ആരോപിച്ചു.
അതേസമയം, റഫയില്‍ കര ആക്രമണം നടത്താനുള്ള പദ്ധതിയുമായി മുന്നോട്ട് പോവുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. 10 ലക്ഷത്തിലേറെ ഫലസ്തീന് അഭയാര്‍ത്ഥികള്‍ അഭയം തേടിയിട്ടുള്ള റഫയില്‍ ആക്രമണം നടത്താനുള്ള നീക്കം വന്‍ ദുരന്തത്തിനിടയാക്കുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് സ്കോള്‍സ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതിനിടെ, 19 സഹായ ട്രക്കുകള്‍ ഭക്ഷ്യ വസ്തുക്കളുമായി ജബലിയയിലെത്തി. നാലു മാസത്തിനിടെ ദക്ഷിണ ഗസയില്‍ നിന്ന് വടക്കന്‍ ഗസയില്‍ തടസ്സമില്ലാതെ എത്തുന്ന ആദ്യ സഹായ സംഘമാണിത്. വടക്കന്‍ ഗസയില്‍ കുഞ്ഞുങ്ങള്‍ പട്ടിണി മൂലം മരിക്കുന്നതിനിടെയാണ് ഈ ആശ്വാസം.
ഹമാസിന്റെ വെടിനിര്‍ത്തല്‍ നിര്‍ദേശം ചര്‍ച്ച ചെയ്യുന്നതിന് മൊസാദ് മേധാവി ദോഹയിലെത്തിയിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കുന്നതിന് മൂന്ന് ഘട്ട പദ്ധതിയാണ് ഹമാസ് മുന്നോട്ട് വച്ചിട്ടുള്ളത്.


