30
Jun 2023
Tue
30 Jun 2023 Tue

ഗസ: ജെനിനിലുള്ള ഫലസ്തീൻ അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ സൈന്യം ആക്രമിച്ചു. 15 വയസ്സുകാരനുൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു. ഹെലികോപ്ടർ ഉപയോഗിച്ചുള്ള വ്യോമാക്രമണത്തിൽ 91 പേർക്ക് പരിക്കേറ്റതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. രണ്ടു പ്രതികളെ അറസ്റ്റ് ചെയ്യാനാണ് ഫലസ്തീനിലെ അഭയാർഥി ക്യാമ്പിൽ റെയ്ഡ് നടത്തിയതെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. എന്നാൽ തങ്ങളുടെ സൈനികർക്ക് നേരെ ആദ്യം വെടിവെയ്പ് ഉണ്ടായെന്നും അത് ഏറ്റുമുട്ടലിലേക്ക് നയിച്ചതായും ഇസ്രായേൽ സൈന്യം ആരോപിച്ചു. ജെനിനിലെ തോക്കു ധാരികൾക്ക് നേരെ വെടിയുതിർക്കുവാൻ ഹെലികോപ്ടറുകൾ ഉപയോഗിച്ചതായി ഇസ്രായേൽ സൈനിക വക്താക്കളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡ്രോണുകളും അപ്പാച്ചെ ഹെലികോപ്ടറുകളും ഉപയോഗിച്ച് വലിയ സ്ഫോടനങ്ങളും നടത്തിയിട്ടുണ്ട്. ഈ മേഖലയിൽ ഏറെ വർഷങ്ങൾക്ക് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ സൈനിക ആക്രമണമാണ് ഇതെന്ന് അഭിഭാഷകനും മനുഷ്യാവകാശ കമ്മീഷനിലെ ഫീൽഡ് ഗവേഷകനുമായ മുഹമ്മദ് കമാൻജി പറഞ്ഞു. പാരാമെഡിക്കുകൾക്കെതിരെയും മാധ്യമ പ്രവർത്തകർക്കെതിരേയും ഇസ്രായേൽ അധിനിവേശ സേന കടുത്ത അവകാശ ലംഘനങ്ങൾ നടത്തുകയാണെന്നും മുഹമ്മദ് കമാൻജിയെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>