ബ്രസീലിയ: കുടുംബത്തോടൊപ്പം ബ്രസീലില്‍ കറങ്ങാനെത്തിയ ഇസ്രായേലി സൈനികന്‍ ടൂര്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. (Israeli soldier flees Brazil over risk of arrest) ഗസയിലെ യുദ്ധക്കുറ്റം ആരോപിച്ച് ബ്രസീലിയന്‍ ഫെഡറല്‍ പൊലീസ് നിയമനടപടികള്‍ ആരംഭിച്ചതിനു പിന്നാലെയാണ് സൈനികന്‍ മുങ്ങിയത്.
|
ഗസാ വംശഹത്യയില്‍ പങ്കെടുത്ത സൈനികന്‍ യുവാല്‍ വാഗ്ദാനിയാണ് ഇസ്രായേല്‍ സഹായത്തോടെ ബ്രസീലില്‍നിന്നു പുറത്തുകടന്നതെന്ന് പ്രാദേശിക മാധ്യമമായ ‘മെട്രോപോളിസ്’ റിപ്പോര്‍ട്ട് ചെയ്തു. കുടുംബത്തോടൊപ്പം ബ്രസീലില്‍ അവധിക്കാലം ആഘോഷിക്കുകയായിരുന്നു ഇയാള്‍.
വിവരമറിഞ്ഞ് ‘ഹിന്ദ് റജബ് ഫൗണ്ടേഷന്‍'(എച്ച്ആര്‍എഫ്) എന്ന എന്‍ജിഒ നല്‍കിയ യുദ്ധക്കുറ്റം ആരോപിച്ചുള്ള പരാതിയില്‍ ബ്രസീല്‍ ഫെഡറല്‍ കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
ALSO READ: വെസ്റ്റ് ബാങ്കില്‍ വെടിവയ്പ്പ്; മൂന്ന് ഇസ്രായേലികള്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്കു പരിക്ക്
കഴിഞ്ഞ നവംബറില്‍ ഗസയില്‍ വീടുകളും അഭയാര്‍ഥി കേന്ദ്രങ്ങളും ബോംബിട്ടു തകര്‍ത്ത സംഭവത്തില്‍ പങ്കാളിയാണെന്നു കാണിച്ചാണ് സൈനികനെതിരെ എച്ച്ആര്‍എഫ് ബ്രസീലിയന്‍ ഫെഡറല്‍ ജില്ലാ കോടതിയെ സമീപിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിക്കാന്‍ ഫെഡറല്‍ പൊലീസിനോട് ഉത്തരവിടുകയായിരുന്നു കോടതി.
അറസ്റ്റ് ഉണ്ടാകുമെന്ന് സൂചന ലഭിച്ചതോടെ ഇസ്രായേല്‍ അധികൃതര്‍ യുവാലിനോട് എത്രയും വേഗം ബ്രസീലില്‍നിന്നു രക്ഷപ്പെടാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഞായറാഴ്ച ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗിദിയോണ്‍ സാര്‍ ആണ് മന്ത്രാലയത്തിന്റെ കോണ്‍സുലാര്‍ വിഭാഗത്തിലെയും ബ്രസീലിലെ എംബസിയിലെയും ഉദ്യോഗസ്ഥരെ വിളിച്ച് അടിയന്തരമായ ഇടപെടല്‍ ആവശ്യപ്പെട്ടത്.
ബ്രസീലിലെ ഇസ്രായേല്‍ എംബസിയാണ് വിഷയത്തില്‍ രക്ഷപ്പെടാന്‍ വേണ്ട സൗകര്യങ്ങളൊരുക്കിയത്. കുടുംബത്തോടൊപ്പം ബ്രസീലിലെ വിവിധ നഗരങ്ങളില്‍ യാത്ര ചെയ്യുകയായിരുന്ന യുവാല്‍ വാഗ്ദാനി നിയമനടപടികളെ കുറിച്ച് അറിഞ്ഞിരുന്നില്ല.
ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയാണ് ഇസ്രായേല്‍ വൃത്തങ്ങള്‍ അന്വേഷണത്തെ കുറിച്ച് അറിയിച്ചത്. ഉടന്‍ തന്നെ രാജ്യം വിടണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് എംബസി വൃത്തങ്ങളുടെ സഹായത്തോടെയാണ് ബ്രസീലില്‍നിന്നു രക്ഷപ്പെട്ടത്. സൈനികന്‍ വിമാനത്തില്‍ ബ്രസീല്‍ വിട്ടതായി ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.
മകന്‍ സുരക്ഷിതമായി ബ്രസീലില്‍നിന്നു രക്ഷപ്പെട്ടിട്ടുണ്ടെന്ന് യുവാലിന്റെ പിതാവ് ഇസ്രായേല്‍ മാധ്യമമായ ‘ചാനല്‍ 12’നോട് പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചു മണിക്ക് മകന്റെ സന്ദേശം ലഭിച്ചിരുന്നു. ഇതിനുശേഷം ഫോണില്‍ ബന്ധപ്പെടാനായില്ലെങ്കിലും സുരക്ഷിതമായി വീട്ടിലെത്തുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഗസ്സയിലെ ആക്രമണത്തില്‍ പങ്കെടുക്കുന്ന ഇസ്രായേല്‍ സൈനികര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബെല്‍ജിയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആണ് എച്ച്ആര്‍എഫ്. ഗസ്സയില്‍ കുടുംബത്തോടൊപ്പം ഇസ്രായേല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരി ഹിന്ദിന്റെ പേരിലാണ് എന്‍ജിഒയ്ക്ക് രൂപം നല്‍കിയത്. സൈനികരുടെ വിദേശയാത്രകള്‍ ഉള്‍പ്പെടെ നിരീക്ഷിച്ച് ആ രാജ്യങ്ങളിലെ നിയമസംവിധാനങ്ങളില്‍ പരാതി നല്‍കുന്നതാണു സംഘത്തിന്റെ രീതി.
ഇസ്രായേല്‍ സൈനികനെതിരായ തെളിവുകള്‍ അടങ്ങിയ പരാതിയാണ് എച്ച്ആര്‍എഫ് ബ്രസീല്‍ കോടതിയില്‍ സമര്‍പ്പിച്ചത്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ യുവാല്‍ തന്നെ പങ്കുവച്ച വിഡിയോകള്‍, ലൊക്കേഷന്‍ വിവരങ്ങള്‍, മറ്റിടങ്ങളില്‍നിന്നു ശേഖരിച്ച ചിത്രങ്ങളും വിഡിയോകളും ഉള്‍പ്പെടെ ഹാജരാക്കിയിട്ടുണ്ട്.
സംഭവത്തിനു പിന്നാലെ ഐഡിഎഫ് അംഗങ്ങള്‍ക്കായി ഇസ്രായേല്‍ ഭരണകൂടം സോഷ്യല്‍ മീഡിയ ഇടപെടലുകളില്‍ കര്‍ശന നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.


