30
Jul 2023
Sun
30 Jul 2023 Sun

ആലുവ: ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ അന്ത്യ കര്‍മങ്ങള്‍ നടത്താന്‍ പൂജാരിമാര്‍ വിസമ്മതിച്ചെന്ന് ആരോപണം. കുഞ്ഞിന്റെ അന്ത്യകര്‍മങ്ങള്‍ക്കായി എത്തിയ ഓട്ടോ ഡ്രൈവറായ പൂജാരി രേവന്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിനെ സാക്ഷിയാക്കിയാണ് മാധ്യമങ്ങള്‍ക്കു മുന്നില്‍ രേവന്ത് ഇക്കാര്യം പറഞ്ഞത്. ”ആലുവ പോയി, മാള പോയി, കുറമശ്ശേരി ഭാഗത്തൊക്കെ അലഞ്ഞു. ഒരു പൂജാരിയും വരാന്‍ തയാറായില്ല. അവരൊന്നും മനുഷ്യന്മാരല്ല. അവര്‍ ചോദിച്ചത് ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നാണ്. ഹിന്ദിക്കാരുടെ കുട്ടിയാണെങ്കിലും മനുഷ്യന്മാര്‍ തന്നെയല്ലേ? അപ്പോള്‍ ഞാന്‍ വിചാരിച്ചു, നമ്മുടെ മോള്‍ടെ കാര്യമല്ലേ, ഞാന്‍ തന്നെ കര്‍മം ചെയ്യാം എന്ന്. എനിക്ക് കര്‍മങ്ങള്‍ അത്ര നന്നായി അറിയുന്ന ആളല്ല. ഞാന്‍ ഇതിനു മുന്‍പ് ഒരു മരണത്തിനേ കര്‍മം ചെയ്തിട്ടുള്ളൂ. ഇതു കേട്ടപ്പോള്‍ എനിക്ക് ആകെ വല്ലായ്മ തോന്നി” – രേവത് വികാരാധീനനായി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രേവന്ത് വാക്കുകള്‍ മുഴുമിപ്പിക്കും മുന്‍പേ സമീപത്തുണ്ടായിരുന്ന അന്‍വര്‍ സാദത്ത് എംഎല്‍എ അദ്ദേഹത്തെ ആലിംഗനം ചെയ്തു. കുഞ്ഞിന്റെ മൃതദേഹം കീഴ്മാട് പൊതുശ്മശാനത്തില്‍ സംസ്‌കരിച്ച ശേഷമാണ് രേവന്ത് അന്‍വര്‍ സാദത്തിനൊപ്പം മാധ്യമങ്ങളോട് പ്രതികരിച്ചത്.