|
ന്യൂഡൽഹി: അയോധ്യാകേസിൽ ഹിന്ദുവിഭാഗത്തിന് അനുകൂലമായി വിധി പുറപ്പെടുവിച്ച മുസ്ലിം ജഡ്ജിയെന്ന വിമർശനത്തിനൊപ്പം ആർ.എസ്.എസിന്റെ അഭിഭാഷക സംഘടന സംഘടിപ്പിച്ച വേദിയിൽ പ്രസംഗിച്ച അദ്ദേഹത്തിന്റെ നടപടിയും വിവാദമായിരുന്നു. സുപ്രിംകോടതി ജഡ്ജിയായിരിക്കെ 2021 ഡിസംബർ 26നാണ് ആർ.എസ്.എസിന്റെ അഭിഭാഷക സംഘടനയായ അഖിൽ ഭാരതീയ അധിവക്ത് പരിഷത്ത് (എ.ബി.എ.പി) ഹൈദരാബാദിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ നസീർ പങ്കെടുത്തത്. സമ്മേളനത്തിൽ നസീർ നടത്തിയ പ്രസംഗവും വിവാദമായി. ഇന്ത്യയിലെ നിയമ സംവിധാനം ഇപ്പോഴും കൊളോണിയൽ സ്വഭാവമുള്ളതാണെന്നും അത് ഭാരതീയ വൽക്കരിക്കണമെന്നും ജസ്റ്റിസ് നസീർ സമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു. മനു, കൗടില്യൻ, കാത്യായന, ബൃഹസ്പതി, നാരദൻ തുടങ്ങിയ ഇന്ത്യയിലെ പുരാതന നിയമജ്ഞരുടെ സംഭാവനകൾ ഇന്ത്യൻ നിയമവ്യവസ്ഥ അവഗണിച്ചെന്നതുൾപ്പെടെയുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങളും വിവാദമാവുകയുണ്ടായി.
അതേസമയം, കോടതിക്കുള്ളിലും പുറത്തും സൗമ്യനായി അറിയപ്പെട്ട വ്യക്തിയായിരുന്നു നസീർ. ഉഡുപ്പിയിലെ ജില്ലാ കോടതിയിൽ അഭിഭാഷകനായാണ് നസീർ ഈരംഗത്ത് കാലെടുത്തുവെക്കുന്നത്. അയോധ്യാ വിധിയുടെ പശ്ചാത്തലത്തിൽ 2019 നവംബർ മുതൽ ജസ്റ്റിസ് നസീറിന് ഇസഡ് കാറ്റഗറി സുരക്ഷയൊരിക്കിയിരുന്നു.
2017 മുതൽ 2023 വരെ നീണ്ട ആറുവർഷത്തോളം സുപ്രിംകോടതി ജഡ്ജിയായ ജസ്റ്റിസ് നസീർ, കൂടുതൽ കാലം സുപ്രിംകോടതി ജഡ്ജിയായി സേവനംചെയ്ത വ്യക്തികളിൽ ഒരാളായി അറിയപ്പെടുന്ന ആളാണെങ്കിലും ഇതുവരെ ഒരു ഹൈക്കോടതി ചീഫ്ജസ്റ്റിസ് പോലും ആയിട്ടില്ല.
കഴിഞ്ഞമാസം നാലിനാണ് ജസ്റ്റിസ് നസീർ വിരമിച്ചത്. ഇന്നലെ കർണാടക സ്വദേശിയായ ജസ്റ്റിസ് നസീർ ഉൾപ്പെടെ 13 പേരെ വിവിധ സംസ്ഥാനങ്ങളിൽ ഗവർണർമാരായി നിയമിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു വിജ്ഞാപനം ഇറക്കി. ബാബരി മസ്ജിദ് നിലനിന്ന ഭൂമിയിൽ ക്ഷേത്രം നിർമിക്കാമെന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് 2019 നവംബറിലാണ് വിധിച്ചത്. ജസ്റ്റിസുമാരായ രജ്ഞൻ ഗൊഗേയ്, എസ്. അബ്ദുൽ നസീർ, എസ്.എ ബോബ്ഡേ, അശോക് ഭൂഷൺ, ഇപ്പോഴത്തെ ചീഫ്ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവരായിരുന്നു ബഞ്ചിലെ മറ്റുള്ളവർ. ഒരുമാസത്തിലേറെ നീണ്ടുനിന്ന ശക്തമായ വാദപ്രതിവാദത്തിന് ശേഷമാണ് പതിറ്റാണ്ടുകൾ നീണ്ട തർക്കത്തിൽ അഞ്ചഗബെഞ്ച് വിധി പറഞ്ഞത്.
കർണാടക ഹൈക്കോടതി ജഡ്ജിയായിരിക്കെ 2017ലാണ് ജസ്റ്റിസ് നസീർ സുപ്രിംകോടതിയിലെത്തുന്നത്. ബാബരി മസ്ജിദ്, മുത്വലാഖ്, നോട്ട് നിരോധനം, സ്വകാര്യതയുമായി ബന്ധപ്പെട്ട പുട്ടുസ്വാമി കേസ് തുടങ്ങി പ്രാധാന്യമർഹിക്കുന്ന പല കേസുകളിലും വിധി പറഞ്ഞ സുപ്രിംകോടതി ബെഞ്ചിലും ജസ്റ്റിസ് അബ്ദുൽ നസീറുണ്ടായിരുന്നു. അതീവ നിർണായകവും രാജ്യം ശ്രദ്ധിക്കുകയും ചെയ്ത കേസുകളിൽ ജസ്റ്റിസ് നസീർ വിധി പറഞ്ഞെങ്കിലും അവയിൽ ഭൂരിഭാഗവും ഭരണകൂടതാൽപ്പര്യത്തിനൊപ്പം നിൽക്കുന്നവയായിരുന്നു.



