23
Dec 2023
Wed
23 Dec 2023 Wed

റൊണാള്‍ഡോക്കും മാനേക്കും ഇരട്ട ഗോള്‍; ബെന്‍സേമയുടെ ഇത്തിഹാദിനെ ഗോളില്‍ മുക്കി അല്‍ നസര്‍; കലണ്ടര്‍ വര്‍ഷത്തെ ഗോള്‍വേട്ടക്കാരനായി റോണോ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദ്: ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സാദിയോ മാനേയും ഇരട്ടഗോള്‍ കണ്ടെത്തിയതോടെ കരിം ബെന്‍സേമയുടെ ഇത്തിഹാദിനെ അല്‍ നസര്‍ ഗോളില്‍ മുക്കി. സൗദി പ്രോ ലീഗില്‍ അല്‍ ഇത്തിഹാദിനോട് രണ്ടിനെതിരേ അഞ്ചുഗോളുകള്‍ക്കാണ് അല്‍ നസര്‍ വിജയിച്ചത്. സാദിയോ മാനെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അല്‍ നസറിനായും അബ്ദുറസ്സാഖ് റഹ്മദ്ദള്ളാഹ് അല്‍ ഇത്തിഹാദിനായും ഇരട്ട ഗോള്‍ നേടി. വിജയത്തോടെ അല്‍ നസര്‍ 43 പോയിന്റുമായി രണ്ടാമത് നില്‍ക്കുന്നു. 28 പോയിന്റ് മാത്രമുള്ള ഇത്തിഹാദ് ആറാം സ്ഥാനത്താണ്.

മത്സരത്തിന്റെ 14ാം മിനിറ്റില്‍ അല്‍ ഇത്തിഹാദാണ് ആദ്യം മുന്നിലെത്തിയത്. അബ്ദുറസ്സാക്ക് റഹ്മദ്ദള്ളാഹിന്റെ ഒറ്റയാള്‍ മുന്നേറ്റം തടയാന്‍ അല്‍ നസറിന്റെ ഗോള്‍ കീപ്പര്‍ക്കായില്ല. ആവേശം അവസാനിക്കും മുമ്പെ അല്‍ നസറിന്റെ സമനില ഗോളെത്തി. ഒട്ടാവിയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ലക്ഷ്യത്തിലെത്തിച്ചു.

38ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം ആന്‍ഡേഴ്‌സണ്‍ ടലിസ്‌കയുടെ ഗോളിലൂടെ അല്‍ നസര്‍ മുന്നിലെത്തി. രണ്ടാം പകുതിയില്‍ ഇത്തിഹാദ് ശക്തമായി തിരിച്ചുവന്നു. അബ്ദുറസ്സാക്ക് റഹ്മദ്ദള്ളാഹ് വീണ്ടും വലചലിപ്പിച്ചു. എന്നാല്‍ ഒട്ടാവിയോ വീണ്ടും ഫൗള്‍ ചെയ്യപ്പെട്ടതോടെ റെഫറി പെനാല്‍റ്റി വിധിച്ചു. ഫാബിഞ്ഞോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. വീണ്ടും പെനാല്‍റ്റിയിലൂടെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ വലചലിപ്പിച്ചതോടെ 3 -2 ന് അല്‍ നസര്‍ മുന്നില്‍. 75, 82 മിനിറ്റുകളിലായിരുന്നു മാനേയുടെ തകര്‍പ്പന്‍ പ്രകടനം.

ഈ കലണ്ടര്‍ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ ഗോളെണ്ണത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒന്നാമതെത്തിയതും മത്സരത്തിന്റെ സവിശേഷതായണ്. 2023ല്‍ റൊണാള്‍ഡോ ആകെ 53 ഗോളുകള്‍ ആണ് നേടിയത്. 52 ഗോളുകള്‍ നേടിയ ഹരി കെയ്‌നിനെയും കിലിയന്‍ എംബപ്പെയെയുമാണ് റൊണാള്‍ഡോ മറികടന്നത്.