23
Apr 2025
Sun
23 Apr 2025 Sun
arangadi pachappada

ഏതാനും ചെറുപ്പക്കാര്‍ പച്ചക്കുപ്പായവും പച്ചക്കൊടിയും പിടിച്ച് മുദ്രാവാക്യം വിളിക്കുന്ന വീഡിയോ എടുത്ത് എക്‌സില്‍ വൈറലാക്കിയിരിക്കുയാണ് ബിജെപി ഐടി സെല്‍. (IUML green flag and BJP IT cell fake propaganda) ഭാരതീയ യുവമോര്‍ച്ചയുടെ മുന്‍ ദേശീയ സെക്രട്ടറിയും അമ്പലപ്പുഴ ബിജെപി സ്ഥാനാര്‍ഥിയും സര്‍വ്വോപരി സംഘപരിവാര ബുദ്ധിജീവുമായ അനൂപ് ആന്റണി ജോസഫ് ആണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. Secular Kerala ( മതേതര കേരളം) എന്നാണ് വീഡിയോക്ക് നല്‍കിയിരിക്കുന്ന ടൈറ്റില്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ വീഡിയോ പങ്കുവച്ച ബിജെപി ഐടി സെല്‍ പ്രവര്‍ത്തകനായ മിസ്റ്റര്‍ സിന്‍ഹ എന്ന എക്‌സ് ഐഡി കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമാക്കിയിട്ടുണ്ട്. ”അവരുടെ വസ്ത്രം നോക്കൂ, കൊടി നോക്കൂ, ഇസ്ലാമിക മുദ്രാവാക്യം നോക്കൂ.. അല്ല ഇത് പാകിസ്താനോ, ബംഗ്ലാദേശോ അല്ല കേരളമാണ്. അതേ, ഒരു ഇന്ത്യന്‍ സംസ്ഥാനം” എന്നാണ് വീഡിയോക്ക് ഇയാള്‍ നല്‍കിയിരിക്കുന്ന തലക്കെട്ട്.

സത്യത്തില്‍ എന്താണ് സംഭവം. കാസര്‍കോഡ് ജില്ലയിലെ ആറങ്ങാടി എന്ന സ്ഥലത്തെ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് വീഡിയോയില്‍ ഉള്ളത്. അവര്‍ പിടിച്ചിരിക്കുന്നത് ലീഗിന്റെ കൊടിയാണ്. ധരിച്ചിരിക്കുന്ന പച്ച ടീഷര്‍ട്ടില്‍ എഴുതിയിട്ടുള്ളത് ആറങ്ങാടി എന്നാണ്.

വിളിക്കുന്ന മുദ്രാവാക്യത്തിനും ഇവര്‍ ആരോപിക്കുന്നതു പോലെ മതവുമായി ഒരു ബന്ധവുമില്ല. ”പച്ച ഞങ്ങള്‍ പച്ചയാ, പച്ചയില്‍ കുരുത്തതാ, പച്ചയായ് പറഞ്ഞിടട്ടെ, സിഎച്ചിന്റെ മക്കളാ” എന്ന തികച്ചും രാഷ്ട്രീയ മുദ്രാവാക്യമാണ് വീഡിയോയിലുള്ളത്.

തികഞ്ഞ ദുരുദ്ദേശത്തോടെ ‘മതേതര കേരളം’എന്ന എവിടെയും തൊടാത്ത ടൈറ്റിലോട് കൂടി അനൂപ് ആന്റണി ജോസഫ് പോസ്റ്റ് ചെയ്ത വീഡിയോ ഉത്തരേന്ത്യയിലെ സംഘപരിവാര പ്രവര്‍ത്തകര്‍ അവരുടേതായ വ്യാഖ്യാനത്തോട് കൂടി ആഘോഷിക്കുകയാണ്.

ഇതിന് മുമ്പും ലീഗിന്റെ പച്ചക്കൊടി സംഘപരിവാരം നുണപ്രചാരണത്തിന് വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. ലീഗിന്റെ കൊടിക്ക് പാക് പതാകയുമായുള്ള സാമ്യമാണ് ഇവരുടെ തുരുപ്പ് ചീട്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് വയനാട്ടില്‍ മല്‍സരിച്ച രാഹുല്‍ ഗാന്ധിക്ക് ഈ ദുഷ്പ്രചാരണത്തെ പേടിച്ച് ലീഗിന്റെ ച്ചക്കൊടി പൂര്‍ണമായും പ്രചാരണ രംഗത്ത് നിന്ന് ഒഴിവാക്കേണ്ടി വന്നിരുന്നു.