29
May 2023
Mon
29 May 2023 Mon

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷ വേദിയിൽ കേരളത്തെ പ്രശംസിച്ച് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. രാഷ്ട്രീയ കണ്ണുകൾകൊണ്ട് മാത്രം എല്ലാ വിഷയങ്ങളെയും കാണരുത്. രാജ്യത്തിന്റെ താത്പര്യം വരുമ്പോൾ രാഷ്ട്രീയത്തിന്റെ കണ്ണടമാറ്റിവെക്കണം. ജനാധിപത്യം മികച്ചതാവണമെങ്കിൽ പ്രതിപക്ഷത്തേയും കേൾക്കണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലയാളത്തിൽ നമസ്‌കാരവും ശുഭദിനവും നേർന്ന് ആരംഭിച്ച പ്രസംഗത്തിൽ സംസ്ഥാനത്തും പുറത്തും വിദ്യാഭ്യാസ ആരോഗ്യമേഖലയിലെ മലയാളികളുടെ സാന്നിധ്യത്തെ അദ്ദേഹം പ്രകീർത്തിച്ചു. വിദ്യാഭ്യാസ രംഗത്തിൽ കേരളത്തിന്റെ മികവിന് താനും ഗുണഭോക്താവാണെന്ന് അദ്ദേഹം പറഞ്ഞു. സൈനിക സ്‌കൂളിൽ കണ്ണൂർ സ്വദേശിനിയായ രത്‌ന നായർ അധ്യാപികയായിരുന്നത് ഓർമിച്ചായിരുന്നു ഉപരാഷ്ട്രപതിയുടെ പരാമർശം. രാജസ്ഥാനിലെ ചിറ്റോർഗ്ര സൈനിക് സ്‌കൂളിൽ അധ്യാപികയായിരിക്കുമ്പോഴാണ് ജഗദീപ് ധൻകറെ രത്‌ന നായർ പഠിപ്പിച്ചത്. 18 വർഷത്തോളം രാജസ്ഥാനിലെ സൈനിക സ്‌കൂളിൽ അധ്യാപികയായിരുന്നു രത്‌ന നായർ. കണ്ണൂർ ചെണ്ടയാട് നവോദയാ സ്‌കൂളിലെ പ്രിൻസിപ്പലായാണ് വിരമിച്ചത്.

കേരളത്തിലെ സാമൂഹിക പരിഷ്‌കർത്താക്കളെ അനുസ്മരിക്കുകയും വിവിധ മേഖലകളിൽ അഭിമാനകരമായ നേട്ടം കൈവരിച്ച മലയാളികളെ ഉപരാഷ്ട്രപതി പ്രസംഗത്തിൽ അഭിനന്ദിക്കുകയും ചെയ്തു. ചട്ടമ്പി സ്വാമികൾ, ശ്രീനാരായണഗുരു, ചാവറയച്ഛൻ, വക്കം അബ്ദുൾ ഖാദർ മൗലവി, ചിത്തിര തിരുനാൾ ബാലരാമവർമ, കെ.ആർ. നാരായണൻ, എ.പി.ജെ. അബ്ദുൾ കലാം എന്നിവർക്ക് അഭിവാദ്യം അർപ്പിച്ചു.

മമ്മൂട്ടി, മോഹൻലാൽ എന്നീ നടൻമാരോട് ജനങ്ങൾക്ക് എത്ര മതിപ്പുണ്ടെന്ന് ഞാൻ മനസിലാക്കി. എം.എ. യൂസുഫലി എത്രത്തോളം പോസിറ്റീവ് വൈബ് ഉണ്ടാക്കുന്നുണ്ടെന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള എന്റെ സന്ദർശനത്തിനിടെ മനസിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.