തുടര്‍ച്ചയായി ഭൂചലനങ്ങളുണ്ടാവുന്ന രാജ്യമാണ് ജപ്പാന്‍. മിക്ക ഭൂകമ്പങ്ങളും നിരവധിപേരുടെ ജീവനും സ്വത്തും കവര്‍ന്നു കൊണ്ടാണ് കടന്നുപോകാറുള്ളത്.(Japan predicts earthquake and tsunami above 8) അതുകൊണ്ട് തന്നെ ഭൂകമ്പം ജപ്പാന്‍കാരുടെ ജീവിതത്തിലെ ഒരു നിത്യ സംഭവമായി തീര്‍ന്നിരിക്കുന്നു.
|
എന്നാല്‍, ഇതുവരെ കണ്ടതിനേക്കാള്‍ ഭീകരമായ ഒരു ഭൂകമ്പത്തിന്റെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് വിദഗ്ധര്‍. നന്‍കായി ട്രഫില്‍ ഉണ്ടാകുന്ന, റിക്ടര്‍ സ്‌കെയിലില്‍ 8 പോയിന്റിന് മുകളിലുള്ള ഒരു അതിഭീകരമായ ഭൂകമ്പം അഥവാ മെഗാക്വയ്ക്ക് ജപ്പാനെ പിടിച്ചുകുലുക്കിയേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതൊടൊപ്പം അസാധാരണമായ സുനാമിക്കും സാധ്യതയുണ്ട്.
മുന്നറിയിപ്പിന് തൊട്ടു പിന്നാലെ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ജപ്പാനിലുണ്ടായത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന വലിയ ദുരന്തത്തിന് മുന്നോടിയാണ് ഇതെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഗവേഷകര്‍ പറയുന്നു.
ALSO READ: തായ്‌വാനില്‍ വന്‍ ഭൂചലനം, സുനാമി മുന്നറിയിപ്പ്, വൻ നാശനഷ്ടം
എന്നാല്‍, നിശ്ചിത സമയത്ത് ഭൂകമ്പം നിശ്ചയമായും സംഭവിക്കുമെന്ന് ഈ മുന്നറിയിപ്പിന് അര്‍ത്ഥമില്ലെന്നും ഗവേഷകര്‍ പറയുന്നു.
എന്താണ് നന്‍കായി ട്രഫ്
പസഫിക് സമുദ്രത്തിലെ നന്‍കായ് ട്രഫിനു സമീപത്തെ രണ്ടു ടെക്ടോണിക് പ്ലേറ്റുകള്‍ക്കിടയിലാണ് വലിയ ഭൂചലന സാധ്യത പ്രവചിച്ചത്. ഷിസോക്കയില്‍ നിന്ന് 800 കി.മി കടലിനടിയിലൂടെ സഞ്ചരിച്ചാലെത്തുന്ന പ്രദേശമാണ് നന്‍കായ് ട്രഫ്. ടോക്യോക്ക് പടിഞ്ഞാറാണ് 900 കിലോമീറ്റര്‍ നീളത്തിലുള്ള ഈ പ്രദേശം. ക്യുഷു ദ്വീപിന്റെ തെക്കേ അറ്റത്തോട് ചേര്‍ന്നാണ് നന്‍കായ് ട്രഫ് സ്ഥിതി ചെയ്യുന്നത്.
യൂറോഷ്യന്‍ പ്ലേറ്റും ഫിലിപ്പീന്‍ സീ പ്ലേറ്റും യോജിക്കുന്ന സ്ഥലമാണിത്. ഫിലിപ്പീന്‍ സീ പ്ലേറ്റ് ആദ്യത്തെ പ്ലേറ്റിന് മുകളില്‍ ചെലുത്തുന്ന സമ്മര്‍ദ്ദമാണ് ഭൂചലനത്തിനിടയാക്കുക. ഓരോ 100-150 വര്‍ഷത്തിലും ഈ പ്രതിഭാസം വന്‍ ഭൂചലനം സൃഷ്ടിക്കാറുണ്ടെന്ന് 2023ലെ ഒരു പഠനം പറയുന്നു.
ചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പം

1707 ല്‍ നാന്‍കായ് ട്രഫില്‍ ഉണ്ടായ ഭൂചലനമാണ് ജപ്പാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂചലനം. ഈ ഭൂചലനത്തിന് പിന്നാലെ ഫുജിയിലെ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു. 1854 ല്‍ നന്‍കായില്‍ രണ്ടു ഭൂചലനങ്ങളുണ്ടായിരുന്നു. രണ്ട് വര്‍ഷത്തെ ഇടവേളയില്‍ ഇരട്ട ഭൂചലനങ്ങളാണ് ഇവിടെയുള്ള പ്രത്യേക പ്രതിഭാസത്തിലൂടെ ഉണ്ടാവുന്നത്. മേഖലയില്‍ ഏറ്റവും ഒടുവില്‍ ഭൂകമ്പമുണ്ടായത് 1944 ലും 1946 ലും ആണ്.
വ്യാഴാഴ്ച്ച 7.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത് നന്‍കായി ട്രഫിന് സമീപമാണെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ പറയുന്നു. ഇതിന്റെ തുടര്‍ച്ചയായുണ്ടാകുന്ന അടുത്ത ഭൂകമ്പം ഭീകരമായിരിക്കുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്.
നന്‍കായ് ട്രഫിലെ അടുത്ത മഹാഭൂകമ്പം എപ്പോള്‍?
നന്‍കായി ട്രഫില്‍ 8-9 മാഗ്നിറ്റിയൂഡിലുള്ള അടുത്ത ഭൂകമ്പം വരുന്ന 30 വര്‍ഷത്തിനിടെയുണ്ടാവാനാണ് 70 ശതമാനം സാധ്യതയെന്ന് 2022ല്‍ ജപ്പാന്‍ ഭൂകമ്പ ഗവേഷണ കമ്മിറ്റി വ്യക്തമാക്കിയിരുന്നു.
അത്തരമൊരു മഹാഭൂകമ്പം ഷിസൂക്ക മുതല്‍ തെക്കു പടിഞ്ഞാറന്‍ മിയാസാക്കി വരെ പ്രകമ്പനം സൃഷ്ടിക്കും. മിനിറ്റുകള്‍ക്കകം 98 അടി ഉയരത്തില്‍ വരെ സുനാമി തിരമാലകള്‍ ആഞ്ഞടിക്കും.
പ്രവചിക്കപ്പെടുന്ന ഭൂകമ്പം ജപ്പാന്റെ മൂന്നിലൊന്ന് ഭാഗത്തെയും ബാധിക്കും. രാജ്യത്തെ 120 ദശലക്ഷം ജനങ്ങള്‍ വസിക്കുന്ന ഈ മേഖലയിലുണ്ടാവുന്ന ദുരന്തം 3 ലക്ഷം പേരുടെ മരണത്തിന് വരെ ഇടയാക്കിയേക്കാമെന്നാണ് കണക്കുകൂട്ടല്‍. ഭൂചലനത്തില്‍ 1.5 ട്രില്യണ്‍ ഡോളറിന്റെ അടിസ്ഥാന വികസന സൗകര്യങ്ങളുടെ നാശനഷ്ടവും കണക്കാക്കുന്നു.


