തിരുവനന്തപുരം: തനിക്ക് നേരെ ഉയരുന്ന ലൈംഗിക പീഡന ആരോപണങ്ങള്‍ വ്യാജമെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും നടന്‍ ജയസൂര്യ അറിയിച്ചു. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം. വ്യാജ ആരോപണങ്ങള്‍ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കിയെന്നും ജയസൂര്യ ഫെയ്‌സ്ബുക്ക് പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.
|
കുറിപ്പിന്റെ പൂര്‍ണരൂപം….
ഇന്ന് എന്റെ ജന്മദിനം, ആശംസകള്‍ നേര്‍ന്ന് സ്‌നേഹപൂര്‍വ്വം കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി,…വ്യക്തിപരമായ ചില അത്യാവശ്യങ്ങള്‍ കാരണം കഴിഞ്ഞ ഒരുമാസത്തോളമായി ഞാന്‍ കുടുംബസമേതം അമേരിക്കയിലാണ്. ഇതിനിടയിലാണ് തീര്‍ത്തും അപ്രതീക്ഷിതമായി എനിക്കു നേരെ രണ്ട് വ്യാജ പീഡനാരോപണങ്ങള്‍ ഉണ്ടാകുന്നത്. സ്വാഭാവികമായും മറ്റേതൊരു വ്യക്തിയേയും പോലെ അത് എന്നെയും തകര്‍ത്തു. എന്റെ കുടുംബാംഗങ്ങളെ അഗാധമായ ദുഃഖത്തിലാഴ്ത്തി. എന്നെ ചേര്‍ത്തു നിര്‍ത്തിയ ഓരോരുത്തര്‍ക്കും അത് വല്ലാത്തൊരു മുറിവായി വേദനയായി. മരവിപ്പുകള്‍ക്ക് ഒടുവില്‍ ഞാന്‍ നിയമ വിദഗ്ധരുമായി കൂടിയാലോചനകള്‍ നടത്തി. ഇനിയുള്ള കാര്യങ്ങള്‍ അവര്‍ തീരുമാനിച്ചുകൊള്ളും.
ആര്‍ക്കും ഇത്തരം വ്യാജ ആരോപണങ്ങള്‍ ആര്‍ക്കു നേരെയും, എപ്പോള്‍ വേണമെങ്കിലും ഉന്നയിക്കാം. മനസാക്ഷി ഇത്തിരിപോലും ബാക്കിയുണ്ടാവരുത് എന്നേയുള്ളൂ. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടി വരുന്നതും എന്ന് ഓര്‍ക്കുന്നത് നന്ന്. സത്യം ചെരുപ്പ് ധരിക്കുമ്പോഴേക്കും, നുണ ലോക സഞ്ചാരം പൂര്‍ത്തിയാക്കിയിരിക്കും എന്നാണല്ലോ. എങ്കിലും അന്തിമ വിജയം സത്യത്തിനായിരിക്കും എന്നത് സുനിശ്ചിതമാണ്. ഇവിടത്തെ ജോലികള്‍ കഴിഞ്ഞ ഉടന്‍ ഞാന്‍ തിരിച്ചെത്തും. നിരപരാധിത്വം തെളിയാന്‍ ഉള്ള നിയമപോരാട്ടം തുടരും. നമ്മുടെ നീതിന്യായ വ്യവസ്ഥിതിയില്‍ ഞാന്‍ പൂര്‍ണമായും വിശ്വസിക്കുന്നു.
ഈ ജന്മദിനം ഏറ്റവും ദുഃഖപൂര്‍ണമാക്കിയതിന്, അതില്‍ പങ്കാളിയായവര്‍ക്ക് നന്ദി.
നടിമാരുടെ പരാതികളുടെ അടിസ്ഥാനത്തില്‍ ലൈംഗികാതിക്രമം നടത്തിയതിന് ജയസൂര്യക്കെതിരെ രണ്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ വെച്ചു നടന്ന ഷൂട്ടിങ്ങിനിടെയും, തൊടുപുഴയിലെ സിനിമാ ലൊക്കേഷനില്‍ വെച്ചും ജയസൂര്യയില്‍ നിന്നു ലൈംഗികാതിക്രമം നേരിട്ടു നടിമാരുടെ പരാതി.
Jayasurya denied sexual harassment allegations
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





