ബെംഗളൂരു: കർണാടകയിൽ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിന് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ലഭിച്ചെന്ന് ജെഡിഎസ് അധ്യക്ഷൻ എച്ച് ഡി ദേവഗൗഡ. തമിഴ്‌നാട്, മഹാരാഷ്ട്ര, കർണാടക ഘടകങ്ങളും ബിജെപി സഖ്യത്തിന് അനുകൂലമായിരുന്നുവെന്നാണ് ഗൗഡയുടെ വെളിപ്പെടുത്തൽ. കേരളത്തിലെ ജെഡിഎസിന്റെ മന്ത്രി കെ കൃഷ്ണൻ കുട്ടിയും ബിജെപി സഖ്യത്തിന് പിന്തുണ നൽകിയതായി സി എം ഇബ്രാഹിമിനെ സംസ്ഥാന അധ്യക്ഷൻ സ്ഥാനത്ത് നിന്ന് മാറ്റിയ വാർത്താസമ്മേളനത്തിൽ ദേവഗൗഡ വെളിപ്പെടുത്തി.
|
എൻഡിഎയുമായി ചേരാനുള്ള ജെഡിഎസിന്റെ തീരുമാനത്തെ പിണറായി വിജയൻ അംഗീകരിച്ചതിനെ തുടർന്നാണ് നീക്കവുമായി മുന്നോട്ടു പോയതെന്നാണ് ദേവഗൗഡ പറയുന്നത്. എൻഡിഎ സഖ്യത്തിന്റെ ഭാഗമാകാനുള്ള നീക്കത്തെ എതിർത്തതിന്റെ പേരിൽ എന്തുകൊണ്ട് സി എം ഇബ്രാഹിമിനെ മാത്രം പുറത്താക്കിയെന്നും കേരളമുൾപ്പടെയുള്ള മറ്റ് സംസ്ഥാനങ്ങളും നീക്കത്തിനെതിരെ പരസ്യമായി രംഗത്ത് വന്നിട്ടുണ്ടല്ലോയെന്നും മാധ്യമങ്ങൾ ചോദ്യമുന്നയിച്ചപ്പോളാണ് ദേവഗൗഡ നിർണായകമായ വെളിപ്പെടുത്തൽ നടത്തിയത്.
ജെഡിഎസിന്റെ തമിഴ്‌നാടും കേരളവുമുൾപ്പടെയുള്ള മറ്റ് സംസ്ഥാന കമ്മിറ്റികൾ നീക്കത്തിന് നേരത്തേ തന്നെ പിന്തുണ നൽകിയിരുന്നുവെന്നും പാർട്ടിയുടെ നിലനിൽപ്പിന്റെ കാര്യമായതിനാൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ നീക്കത്തെ അംഗീകരിച്ചുവെന്നും ദേവഗൗഡ പറയുന്നു. ഇടതു സർക്കാരിൽ മന്ത്രിയായ കെ കൃഷ്ണൻകുട്ടിയും സഖ്യത്തിന് അനുകൂലമായിരുന്നെന്നും അതുകൊണ്ടു തന്നെയാണ് അദ്ദേഹം ഇപ്പോഴും ജെഡിഎസിന്റെ മന്ത്രിയായി തുടരുന്നതെന്നുമാണ് ദേവഗൗഡയുടെ മറ്റൊരു വെളിപ്പെടുത്തൽ.
എന്നാൽ ദേവഗൗഡയുടെ വാദം മന്ത്രി കെ കൃഷ്ണൻകുട്ടി തള്ളി. മുഖ്യമന്ത്രി പിണറായി വിജയൻ ദേവഗൗഡയുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്നും ജെഡിഎസ് കേരള ഘടകത്തിന് ദേവഗൗഡയുടെ എൻഡിഎ ബന്ധത്തോട് പൂർണ വിയോജിപ്പാണെന്നും അദ്ദേഹം പ്രതികരിച്ചു. താനും മാത്യു ടി തോമസും എൻഡിഎ സഖ്യത്തിൽ ഇല്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും ഗാന്ധിജിയുടെയും ലോഹിയുടെയും ആശയങ്ങൾ പിന്തുടരുന്നവരാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





