കോഴിക്കോട്: വേടന്‍ ജിഹാദികളുടെ കൈയിലെ ചട്ടുകമാണെന്നും ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നും ആര്‍എസ്എസ് മുഖമാസികയായ കേസരിയുടെ മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധു. (Jihadis behind Vedan, Says NR Madhu) അദ്ദേഹത്തിന്റെ പാട്ടുകള്‍ തന്നെയാണ് ഇതിനൊക്കെ തെളിവെന്നും ജനം ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ എന്‍ ആര്‍ മധു പറഞ്ഞു.
|
”കേരളത്തില്‍ ഹിന്ദുവായി ജീവിക്കുന്നത് എത്രത്തോളം അപകടമാണെന്ന് തെളിയിക്കുന്നതാണ് വേടനെതിരായ പരാമര്‍ശത്തിലെ തനിക്കെതിരായ കേസ്. വേടനെന്ന പേര് തന്നെ വ്യാജമാണ്. വേടന്‍ സമുദായം മഹത്തായ പാരമ്പര്യമുള്ളവരാണ്. അയാള്‍ വേടന്‍ സമുദായത്തില്‍പെട്ടയാളല്ല. വേടനെന്ന പേര് ഇവിടെ ദുരുപയോഗം ചെയ്യുകയാണ്. മയക്കുമുരുന്ന് ഉപയോഗിക്കുന്ന അച്ചടക്കമില്ലാത്ത വ്യക്തി വേടന്‍ എന്ന ഗോത്രസമൂഹത്തെ അപമാനിക്കുകയാണ്. ഇത്തരം ആളുകളെ ഭരണകൂടം തന്നെയാണ് പ്രോത്സാഹിപ്പിക്കുന്നത്.
വേടനെന്ന കലാകാരന് ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ ഈ ആവിഷ്‌കാര സ്വാതന്ത്ര്യം ഈ നാടിന്റെ സംസ്‌കാരത്തിനും ദേശീയ സുരക്ഷിതത്വത്തിനും അനുഗുണമാകണം. വേടന്റെ പാട്ടുകള്‍ പരിശോധിച്ചാല്‍ അയാളൊരിക്കലും ഇവിടുത്തെ ദളിത്-പിന്നോക്കക്കാരന്റെ വക്താവ് അല്ല.
ലോകത്തുള്ള അടിച്ചമര്‍ത്തപ്പെട്ടവരുടെ പാട്ടുകളൊക്കെ വേടന്‍ പാടുന്നുണ്ട്. ‘സിറിയ നിന്‍ മാറിലെ മുറിവ്, കൊറിയ നിന്‍ മീതെ കഴുകന്മാര്‍, ലങ്കയില്‍ ദാഹം മാറാത്ത പുലികള്‍ അലയുന്നു’- ഇങ്ങനെയൊക്കെയാണ് വരികള്‍. വേടന്റെ ഒര്‍ജിന്‍ ശ്രീലങ്കന്‍ വനിതയാണ്. വേടന്‍ പാടുന്ന ഈ പുലികള്‍ എല്‍ടിടിഇക്കാരാണ്. അവരെ മഹത്വവ്തകരിക്കുകയാണ്. അവരുടെ ദാഹം മാറിയിട്ടില്ല എന്ന് പറഞ്ഞാല്‍ പരോക്ഷമായി ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കലാണ്. ആളു കൂടുന്നു എന്നത് കൊണ്ട് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല.
മറ്റൊന്ന് സോമാലിയന്‍ ബാല്യങ്ങള്‍ കുടിനീര് തേടി അലയുന്നു എന്നാണ്. എന്തിന് സോമാലിയ വരെ പോകണം. ദളിതന്റെയും പിന്നോക്കക്കാരന്റെയും ദുര്യോഗം അറിയണമെങ്കില്‍ വയനാട്ടിലേക്ക് പോയാല്‍ മതി. അവര്‍ക്ക് കുടിനീരില്ല. അതൊന്നും പാടുന്നില്ല. വേടന്റെ പട്ടിക്കിട്ടിരിക്കുന്ന പേര് ബുദ്ധന്‍ എന്നാണ്. നമ്മുടെ നാട്ടിലെ ചിലര്‍ക്ക് പട്ടി ഹറാമാണ്. ആ പട്ടിക്ക് ബുദ്ധന്റെ പേര് ഇടുന്നതിലൂടെ ഈ ഹറാം വാദികളുടെ പ്രീതി പിടിച്ചുപറ്റാനാണ് വേടന്‍ ശ്രമിക്കുന്നത്
ദളിത് പശ്ചാത്തലം ഉപയോഗിച്ചുകൊണ്ട് വേടന്‍ നടത്തുന്ന പരിശ്രമങ്ങള്‍ ഹിന്ദു സമൂഹത്തിലുണ്ടാകുന്ന ജാതി അതീതമായ ഐക്യത്തെ അട്ടിമറിക്കാനാണ്. ഇവിടെ ബോധപൂര്‍വമായ മുസ്ലിം-ദളിത് ഐക്യവാദം ഉയര്‍ത്തുന്നുണ്ട്. ഇത് രാജ്യത്തെ ശിഥിലീകരിക്കാന്‍ വേണ്ടി രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പിന്നോക്ക വിഭാഗങ്ങളെ മുസ്ലിം വിഭാഗങ്ങളിലേക്ക് ചേര്‍ക്കാനാണ്. അതിന്റെ വക്താവാണ് വേടന്‍ എന്ന് സംശയിക്കുന്നു.
വേടന്‍ എന്ന കലാകാരന്‍ ഉയര്‍ത്തുന്ന സാഹിത്യവും അയാളുടെ ശരീരഭാഷ മുഴുവനും ഇവിടുത്തെ ദളിതര്‍ക്ക് വേണ്ടിയല്ല. ആരുടേയൊ കയ്യിലെ ചട്ടുകമാണ്. അത് ജിഹാദികളാണ്”- എന്‍ആര്‍ മധു ആരോപിച്ചു.


