കേന്ദ്രസർക്കാർ വിലക്കിയ ബിബിസി ഡോക്യുമെന്ററി വിദ്യാർഥികൾ പ്രദർശിപ്പിക്കുന്നത് തടയാൻ വൈദ്യുതി വിച്ഛേദിച്ച് ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി അധികൃതർ. ഗുജറാത്ത് കലാപത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി കേന്ദ്രസർക്കാർ യുട്യൂബിൽ നിന്നും ഇതുസംബന്ധിച്ച ലിങ്കുകൾ ട്വിറ്ററിൽ നിന്നും കേന്ദ്രസർക്കാർ നീക്കംചെയ്തിരുന്നു.
|
ഇതിൽ പ്രതിഷേധിച്ച് രാജ്യത്തുടനീളം വിവിധ യുവജന സംഘടനകളും വിദ്യാർഥിസമൂഹവും ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി ജെഎൻയുവിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള നീക്കമാണ് അധികൃതർ വൈദ്യുതി ബന്ധം വിച്ചേദിച്ച് തടയാൻ ശ്രമിച്ചത്. തുടർന്ന് വിദ്യാർഥികൾ മൊബൈലിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രി 9നായിരുന്നു ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ എന്ന ബിബിസി ഡോക്യുമെന്ററി ജെഎൻയു സ്റ്റുഡന്റ്സ് യൂനിയൻ പ്രദർശിപ്പിക്കാനിരുന്നത്. ഇതിൽ നിന്നു പിൻമാറിയില്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് യൂനിവേഴ്സിറ്റി അധികൃതർ മുന്നറിയിപ്പ് നൽകുകയുണ്ടായി. എന്നാൽ വിദ്യാർഥികൾ പിൻമാറിയില്ല. ഇതോടെയാണ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചത്. വൻ പൊലീസ് സംഘത്തെയും യൂനിവേഴ്സിറ്റി വിന്യസിച്ചു.



