വാഷിങ്ടണ്‍: മകന്‍ ഹണ്ടര്‍ ബൈഡന് ഔദ്യോഗികമായി മാപ്പ് നല്‍കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. (Joe Biden uses presidential pardon to pardon son who evaded taxes) പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി. നികുതിവെട്ടിപ്പ്, അനധികൃതമായി തോക്ക് കൈവശപ്പെടുത്തല്‍ തുടങ്ങിയ കേസുകളാണ് ഹണ്ടര്‍ ബൈഡന്റെ പേരിലുണ്ടായിരുന്നത്.
|
നേരത്തെ മകന് മാപ്പ് നല്‍കില്ലെന്ന ജോ ബൈഡന്‍ പരസ്യ നിലപാടെടുത്തിരുന്നു. എന്നാല്‍, തന്റെ മകനായതുകൊണ്ട് മാത്രമാണ് ഹണ്ടര്‍ ബൈഡന്‍ വേട്ടയാടപ്പെട്ടത് എന്ന് ന്യായീകരിച്ചു കൊണ്ടാണ് പ്രത്യേക അധികാരം ഉപയോഗിച്ച് മാപ്പ് നല്‍കിയിരിക്കുന്നത്. പ്രസിഡന്റ് കാലാവധി അവസാനിനിരിക്കെയാണ് ജോ ബൈഡന്‍ മകനെ കുരുക്കില്‍ നിന്ന് രക്ഷപ്പെടുത്തിയത്.
‘അധികാരത്തില്‍ കയറിയത് മുതല്‍ നീതിന്യായ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടരുതെന്ന് കരുതിയിരുന്നു. എന്നാല്‍ ഹണ്ടര്‍ ബൈഡനെ നിയമവിരുദ്ധമായി വേട്ടയാടിയതിനാല്‍ തീരുമാനം മാറ്റേണ്ടി വരികയാണെന്ന്’ വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനില്‍ പറഞ്ഞു.
‘ഹണ്ടറുടെ കേസുകളുടെ വസ്തുതകള്‍ പരിശോധിക്കുന്ന ഏതൊരു വ്യക്തിക്കും മറ്റൊരു നിഗമനത്തിലെത്താന്‍ കഴിയില്ല. അഞ്ചര വര്‍ഷമായി ഹണ്ടര്‍ ബൈഡന്‍ നിരന്തരമായ ആക്രമണങ്ങള്‍ക്കും അന്യായമായ നിയമനടപടികള്‍ക്കും വിധേയനായി. ഹണ്ടറിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിലൂടെ അവര്‍ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്’ എന്ന് ബൈഡന്‍ പറഞ്ഞു. ഞാന്‍ നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്നു എന്നും ഞായറാഴ്ച വൈകുന്നേരം പുറത്തിറക്കിയ പ്രസ്താവനയില്‍ ജോ ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
2014 ജനുവരി 1 മുതല്‍ ഡിസംബര്‍ 1 വരെയുള്ള കാലയളവില്‍ ഹണ്ടര്‍ ബൈഡന്‍ ഉള്‍പ്പെട്ട എല്ലാ കുറ്റകൃത്യങ്ങളില്‍ നിന്നുമാണ് പ്രസിഡന്റ് മാപ്പ് നല്‍കിയിരിക്കുന്നത്.
2018ല്‍ അനധികൃതമായി റിവോള്‍വര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ തോക്ക് വ്യാപാരിയോട് കള്ളം പറയുക, അപേക്ഷയില്‍ തെറ്റായ അവകാശവാദം ഉന്നയിക്കുക, 11 ദിവസത്തേക്ക് നിയമവിരുദ്ധമായി തോക്ക് കൈവശം വയ്ക്കുക എന്നീ കുറ്റങ്ങളാണ് ഹണ്ടര്‍ ബൈഡനു മേല്‍ ചുമത്തിയിരുന്നത്.
അനധികൃതമായി തോക്ക് കൈവശം വച്ചതുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിലും ഹണ്ടര്‍ ബൈഡന്‍ കുറ്റക്കാരനാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഡോണള്‍ഡ് ട്രംപിന്റെയും ആക്രമണങ്ങള്‍ക്കിടയില്‍ മകന്റെ ശിക്ഷ ക്ഷമിക്കുകയോ ഇളവ് ചെയ്യുകയോ ചെയ്യില്ലെന്ന് ബൈഡന്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.
ഈ വര്‍ഷം ജൂണിലായിരുന്നു ഹണ്ടര്‍ കുറ്റക്കാരനണെന്ന് ഫെഡറല്‍ കോടതി കണ്ടെത്തിയത്. ലഹരിക്ക് അടിമയായിരുന്ന കാലത്ത് ചെയ്ത കുറ്റങ്ങള്‍ക്ക് ഹണ്ടര്‍ ബൈഡന്‍ അമേരിക്കന്‍ ജനതയോട് മാപ്പ് പറഞ്ഞിരുന്നു. തോക്ക് കേസിലെ വിചാരണയ്ക്കും നികുതി ആരോപണങ്ങളിലെ കുറ്റസമ്മതത്തിനും ശേഷം ഹണ്ടര്‍ ബൈഡന് ശിക്ഷ ലഭിക്കാന്‍ ആഴ്ചകള്‍ ശേഷിക്കെയാണ് ജോ ബൈഡന്റെ പുതിയ നീക്കം.
യുഎസ് ഭരണഘടന പ്രകാരം ക്ഷമാപണവും ഇളവുകളും ഉള്‍പ്പെടുന്ന ദയാഹര്‍ജി സ്വീകരിക്കാന്‍ പ്രസിഡന്റിന് അധികാരമുണ്ട്. പ്രസിഡന്റുമാര്‍ പലപ്പോഴും ഈ അധികാരം ഉപയോഗിക്കുകയും ചെയ്യാറുണ്ട്.


