22
Aug 2022
Sat
22 Aug 2022 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് ചുമതലയേറ്റു. രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് എന്‍ വി രമണ വിരമിച്ച ഒഴിവിലാണ് യു യു ലളിതിന്‍റെ നിയമനം. നവംബര്‍ എട്ട് വരെയാണ് കാലാവധി.

 

അഭിഭാഷകവൃത്തിയില്‍ നിന്നും നേരിട്ട് ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ജസ്റ്റിസ് യു യു ലളിത്. ജസ്റ്റിസ് എസ് എം സിക്രിയായിരുന്നു ആദ്യത്തെയാൾ. മഹാരാഷ്ട്ര സ്വദേശിയായ ജസ്റ്റിസ് ലളിതിനെ 2014 ഓഗസ്റ്റ് 13നാണ് സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചത്.

 

രാജ്യത്തെ പ്രമുഖ ക്രിമിനൽ അഭിഭാഷകനായിരിക്കെയായിരുന്നു ഇത്. അതിനു മുമ്പ് സുപ്രീംകോടതിയില്‍ സീനിയര്‍ അഭിഭാഷകനായിരുന്നു. സുപ്രീംകോടതി ലീഗൽ സർവീസസ് കമ്മിറ്റിയിൽ രണ്ട് തവണ അംഗമായിട്ടുണ്ട്. 2021 മെയിൽ നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് ചെയർമാനായി നിയമിതനായിരുന്നു.

 

മഹാരാഷ്ട്രയിൽ ജനിച്ച ജസ്റ്റിസ് ലളിത് 1983ലാണ് അഭിഭാഷകക്കുപ്പായം അണിയുന്നത്. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിലെ മുൻ അഡീഷണൽ ജഡ്ജി യു ആർ ലളിതിന്റെ മകനാണ്. 1985 വരെ ബോംബെ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്ത ലളിത് 1986ൽ ഡൽഹിയിലേക്ക് മാറി.

 

2004ൽ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായി. ക്രിമിനൽ നിയമത്തിൽ അനുഭവപരിചയമുള്ള അദ്ദേഹം പ്രമാ​ദമായ നിരവധി കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. തുളസിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടൽ കേസിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് വേണ്ടി ഹാജരായിട്ടുണ്ട്. 2ജി അഴിമതിക്കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്നു.

 

സുപ്രീംകോടതി ജഡ്ജി എന്ന നിലയിൽ ലളിതിന്റെ സുപ്രധാന വിധികളിൽ ഒന്നായിരുന്നു മുത്തലാഖ് നിർത്തലാക്കാനുള്ള ഉത്തരവ്. 2017ലായിരുന്നു ഇത്. ബാബരി മസ്ജിദ് തകർത്ത കേസിൽ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ്ങിന് വേണ്ടി ലളിത് ഹാജരായിരുന്നു. അതിനാൽ അയോധ്യ കേസ് വിചാരണയിൽ നിന്ന് പിൻമാറുകയും ചെയ്തിരുന്നു.