29
Mar 2023
Mon
29 Mar 2023 Mon

തിരുവനന്തപുരം: സ്ത്രീകളെ അതിനിന്ദ്യമായി അപമാനിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സി.പി.എമ്മിലെ സ്ത്രീകൾ തടിച്ചുകൊഴുത്ത് പൂതനകളെ പോലെയായി എന്നതുൾപ്പെടെയുള്ള പരാമർശമാണ് സുരേന്ദ്രൻ നടത്തിയത്. ഞായറാഴ്ച തൃശൂരിൽ നടന്ന പരിപാടിക്കിടെയായിരുന്നു സുരേന്ദ്രന്റെ പരാമർശം. ‘സ്ത്രീശാക്തീകരണത്തിന്റെ വക്താക്കളായി അധികാരത്തിൽ വന്ന മാർക്‌സിസ്റ്റ് പാർട്ടിയിലെ വനിതാ നേതാക്കളെല്ലാം തടിച്ചുകൊഴുത്തു. നല്ല കാശടിച്ചുമാറ്റി, തടിച്ചുകൊഴുത്ത് പൂതനകളായി അവർ കേരളത്തിലെ സ്ത്രീകളെ കളിയാക്കിക്കൊണ്ടിരിക്കുകയാണ്-സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രൻ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രസ്താവന ഇതിനകം വിവാദമായിട്ടുണ്ട്. ഇത്രയും സ്ത്രീവിരുദ്ധമായ ഒരു പ്രസ്താവന കേരളരാഷ്ട്രീയത്തിൽ സമീപകാലത്ത് കേട്ടിട്ടില്ലെന്നും സുരേന്ദ്രൻ മാപ്പ് പറയണമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ആവശ്യപ്പെട്ടു.

നരേന്ദ്രമോദിയുടെ അടിമയെ പോലെ കേരളം ഭരിക്കുന്ന പിണറായി വിജയനും സിപിഎമ്മിനും ഈ പരാമർശത്തിനെ എതിർക്കാൻ ഭയമായിരിക്കാം. സ്വന്തം പാർട്ടിയിലെ വനിതകളെ അപമാനിച്ചിട്ടും സിപിഎം പുലർത്തുന്ന മൗനം ഞെട്ടിക്കുന്നതാണ്.

രാഷ്ട്രീയമായി എതിർചേരിയിൽ ആണെങ്കിലും ഈ വിഷയത്തിൽ സിപിഎമ്മിനെ പോലെ ബിജെപിയെ ഭയന്ന് മിണ്ടാതിരിക്കാൻ കോൺഗ്രസ്സിനാവില്ല. സിപിഎമ്മിലെ സ്ത്രീകളെ അപമാനിച്ച ബിജെപി നേതാവ് കെ സുരേന്ദ്രൻ പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയാൻ തയ്യാറാകണം. കെ സുരേന്ദ്രനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ധൈര്യവും കാണിക്കണം- സുധാകരൻ ആവശ്യപ്പെട്ടു.