07
Oct 2023
Tue
07 Oct 2023 Tue

തലയും വാലുമുണ്ടാകാന്‍ സമസ്ത മീനല്ല, മഹാ പ്രസ്ഥാനമാണ്; സാദിഖലി തങ്ങളോട് കെ.ടി ജലീല്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം: മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിനെതിരെ സമസ്തയിലെ ഒരു വിഭാഗം ഉയര്‍ത്തിയ പ്രതിഷേധത്തെ തള്ളിയ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പരാമര്‍ശത്തെ വിമര്‍ശിച്ചും സമസ്തയെ പിന്തുണച്ചും കെ.ടി ജലീല്‍ എം.എല്‍.എ രംഗത്ത്. തലയും വാലുമുണ്ടാകാന്‍ സമസ്ത ഒരു മീനല്ല, കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്നാണെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിന്റെ ജിഫ്രി തങ്ങള്‍ക്കെതിരായ പരോക്ഷ പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍, സലാമിനെതിരെ ആരും പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം. ആരെയും പ്രത്യേകം ഉദ്ദേശിച്ചല്ല തന്റെ പരാമര്‍ശമെന്ന് പി.എം.എ സലാം തന്നെ പറഞ്ഞിട്ടുണ്ട്. ജിഫ്രി തങ്ങളെ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. പിന്നെ അത് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നുമാണ് സാദിഖലി പറഞ്ഞത്.

സമസ്തയുടെ നേതാക്കളാരും ഈ വിഷയത്തില്‍ ലീഗ് നേതാക്കളുമായി ബന്ധപ്പെട്ടിട്ടില്ല. സമസ്തയുടെ മസ്തിഷ്‌കം എന്നും ലീഗിനൊപ്പമാണ് നിന്നത്. തലയിരിക്കുമ്പോള്‍ വാലാടുന്നത് ശരിയല്ല. എല്ലാ മതസംഘടനകളുമായും നല്ല ബന്ധമാണ്. സമസ്ത നേതാക്കളെ നേരില്‍ കാണുകയും ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. അവരാരും പരാതി ഉന്നയിച്ചിട്ടില്ല. മറ്റാരെങ്കിലും പരാതിയുമായി സമീപിച്ചിട്ടില്ലെന്നുമായിരുന്നു സാദിഖലി പറഞ്ഞത്. ഇതിനോടാണ് ജലീലിന്റെ പ്രതികരണം.

കെ.ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

തലയും വാലുമുണ്ടാകാന്‍ സമസ്ത ഒരു മീനല്ല.
കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്നാണ്. തലയും വാലും നടുക്കഷ്ണവുമൊക്കെ സവർണ്ണ സങ്കൽപ്പങ്ങളാണ്. ജൻമിത്വം നാടുനീങ്ങിയിട്ട് കാലം എത്ര പിന്നിട്ടു. സമസ്തയെ തലയും വാലും പറഞ്ഞ് ചെറിയൊരു മീനാക്കാൻ നോക്കേണ്ട. അതൊരു മഹാ പ്രസ്ഥാനമാണ്.
പണ്ഡിതൻമാർ പ്രവാചകൻമാരുടെ പിൻമുറക്കാരാണ്. അവർ ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കും. ആദരിക്കേണ്ടവരെ ആദരിക്കും. സമസ്തയെ വെറുതെ വിട്ടേക്കുക. പണ്ഡിതൻമാരുടെ ”മെക്കട്ട്” കയറാൻ നിന്നാൽ കയറുന്നവർക്ക് അത് നഷ്ടക്കച്ചവടമാകും. സമസ്തയെ *കുടിയാനായി” കാണുന്ന ചില രാഷ്ട്രീയ ജനമിമാരുടെ ”ആഢ്യത്വം” കയ്യിൽ വെച്ചാൽ മതി. സമസ്തക്ക് ബഹുമാനം കൊടുത്ത് ആദരവ് തിരിച്ചു വാങ്ങാൻ ലീഗ് നേതൃത്വം പഠിക്കണം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക