പാലക്കാട്: മഹാരാജാസ് കോളജിലെ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ അറസ്റ്റിലായ കെ വിദ്യ ഒളിവിൽ കഴിഞ്ഞത് മുൻ എസ്എഫ്ഐ പ്രവർത്തകൻ റോവിത് കുട്ടോത്തിന്‍റെ വീട്ടിലെന്ന് വിവരം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മുൻ എസ്എഫ്ഐ പ്രവർത്തകനാണ് റോവിത്. സിപിഎം പ്രവർത്തകർ വഴിയാണ് വിദ്യ ഇവിടെ എത്തിയത് എന്നാണ് പുറത്ത് വരുന്ന വിവരം.
|
മുൻ എസ്എഫ്ഐ നേതാവായ വിദ്യയുടെ റിമാന്‍റ് റിപ്പോർട്ട് നേരത്തെ പുറത്തു വന്നിരുന്നു. പ്രതിയെ പിടികൂടിയത് വില്യാപ്പള്ളി രാഘവൻ എന്നയാളുടെ വീട്ടിൽ നിന്നാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. രാഘവന്‍റെ മകനാണ് റോവിത് കുട്ടോത്ത്. വിദ്യക്കെതിരെ സമാനമായ കേസ് വേറെയും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതിൽ നിന്ന് പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം വ്യക്തമാണെന്നും റിമാന്‍റ് റിപ്പോർട്ടിൽ പറയുന്നു. വിദ്യയ്ക്ക് പുറത്തുനിന്നുള്ള സഹായം ലഭിച്ചോയെന്ന് പരിശോധിക്കുമെന്നും പൊലീസ് പറയുന്നു.
അതേസമയം, കേസിൽ കെ വിദ്യയെ രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. മറ്റന്നാൾ വിദ്യയുടെ ജാമ്യാപേക്ഷ മണ്ണാർക്കാട് കോടതി പരിഗണിക്കും. എന്നാല്‍, താൻ വ്യാജരേഖ തയ്യാറാക്കിയിട്ടില്ലെന്നും കെട്ടിച്ചമച്ച കേസാണെന്നുമാണ് പൊലീസിനോടും മാധ്യമങ്ങളോടും വിദ്യ ആവർത്തിക്കുന്നത്.





