കൊച്ചി: കേരളത്തെ ഞെട്ടിച്ച കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. കൊല്ലം സ്വദേശിയായ അനുരാജിനെയാണ് കളമശ്ശേരിയില്‍ നിന്നും പിടികൂടിയത്. കളമശ്ശേരി പോളിടെക്‌നിക്കിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ അനുരാജ്, റെയ്ഡ് തുടങ്ങിയതോടെ ഒളിവില്‍ പോയിരുന്നു. അനുരാജ് ആണ് കഞ്ചാവ് വാങ്ങാന്‍ പണം നല്‍കിയതെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കിയതിനാല്‍ ഇയാള്‍ക്ക് വേണ്ടി വലവിരിച്ചിരിക്കുകയായിരുന്നു പൊലിസ്.
|
കളമശ്ശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ടയില്‍ പിടിയിലാകുന്ന ആറാമത്തെയാളാണ് അനുരാജ്. റെയ്ഡ് നടത്തിയദിവസം മൂന്ന് വിദ്യാര്‍ത്ഥികളെയും കഴിഞ്ഞദിവസം രണ്ട് പൂര്‍വ വിദ്യാര്‍ത്ഥികളെയും അറസ്റ്റ് ചെയ്തിരുന്നു. അനുരാജ് ആണ് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചതെന്നാണ് മൊഴി. ലഹരി ഇടപാടില്‍ അനുരാജ് നിര്‍ണായക കണ്ണിയാണെന്നും, ഹോസ്റ്റലില്‍ ഇടപാട് ഏകോപിപ്പിച്ചത് അനുരാജ് ആണെന്നും പൊലീസ് സൂചിപ്പിക്കുന്നു.
രണ്ടുകിലോ കഞ്ചാവാണ് റെയ്ഡില്‍ പിടിച്ചെടുത്തതെങ്കിലും ഹോസ്റ്റലിലേക്ക് നാലു കിലോ കഞ്ചാവാണ് എത്തിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍, കാണാതായ രണ്ടു കിലോ കഞ്ചാവിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കിലോയ്ക്ക് പതിനായിരം രൂപയ്ക്കാണ് കഞ്ചാവ് വാങ്ങിയിരുന്നതെന്നാണ് പിടിയിലായവര്‍ മൊഴി നല്‍കിയത്.
ഹോസ്റ്റലിലെ ലഹരി ഇടപാടുകളില്‍ രാഷ്ട്രീയ ശത്രുതയില്ലെന്നും പോലിസ് കണ്ടെത്തി. കഞ്ചാവ് എത്തിക്കുന്ന വിവരം അറസ്റ്റിലായ എല്ലാവര്‍ക്കും അറിവുണ്ടായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. പൊലീസ് റെയ്ഡിനെത്തിയപ്പോള്‍ കേസിലെ മുഖ്യപ്രതിയായ ആകാശിനെ വിളിച്ച് എല്ലാം സേഫല്ലേ എന്നു ചോദിച്ച വിദ്യാര്‍ത്ഥിയെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിവരികയാണ്.
Four kilos of ganja was brought to Kalamassery Polytechnic hostel; main accused Anuraj arrested


