16
Aug 2024
Tue
16 Aug 2024 Tue
The trailer of Kanguva released

(Kanguva Trailer: Suriya Takes On A Savage Bobby Deol)റിയലിസ്റ്റിക് കഥാ പശ്ചാത്തലത്തില്‍ നിന്ന് സയന്‍സ് ഫിക്ഷന്‍, എപ്പിക് ഫിക്ഷന്‍, പീരിയഡ് ഡ്രാമ ചലച്ചിത്രങ്ങള്‍ കൂടുതലായി തെന്നിന്ത്യന്‍ മേഖലയില്‍ നിന്ന് ഉണ്ടാകുന്ന ഒരു ട്രെന്‍ഡിന് കഴിഞ്ഞ കുറച്ചു നാളുകളായി പ്രേക്ഷകര്‍ സാക്ഷ്യം വഹിക്കുന്നുണ്ട്. ‘മലൈക്കോട്ടൈ വാലിബ’നും ‘ഭ്രമയുഗ’വും ‘അരന്‍മനൈ 4’ഉം ‘മുഞ്ജ്യ’യും ‘കല്‍ക്കി 2898 എഡി’യുമൊക്കെ അതിന് ഉദാഹരണങ്ങളാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ ഇനത്തില്‍ സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് സൂര്യയുടെ കങ്കുവ. ഇപ്പോള്‍ ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ട് ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. സൂര്യയും ബോബി ഡിയോളും തമ്മിലുള്ള പോരാട്ടമാണ് ട്രെയിലറില്‍ നിറഞ്ഞി നില്‍ക്കുന്നത്. ശിവ സംവിധാനം ചെയ്യുന്ന ചിത്രം പീരിയോഡിക് ത്രീഡി ചിത്രമാണ്. ഒക്ടോബര്‍ പത്തിന് ചിത്രം റിലീസ് ചെയ്യും.

സൂര്യയുടെ ഭാര്യ ജ്യോതിക ട്രെയിലര്‍ പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങിനെയാണ്-”ഓരോ തമണയും സിനിമയെ മുന്നോട്ട് നയിക്കുന്ന നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു സൂര്യാ.. ഇത് വളരെ ഗംഭീരമായിരിക്കുന്നു”

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘കങ്കുവ’ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമാണ്. ടൈം ട്രാവലിലൂടെ കഥ പറയുന്ന സയന്‍സ് ഫിക്ഷന്‍ സിനിമാണ് കങ്കുവ. വില്ലന്‍ വേഷത്തിലാണ് ബോബി ഡിയോള്‍ എത്തുന്നത്. താരത്തിന്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് കങ്കുവ.

1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന ‘കങ്കുവ’യില്‍ ഒരു യോദ്ധാവായാണ് സൂര്യ എത്തുന്നത്. സൂര്യയുടെ കഥാപാത്രത്തിനെതിരേ കട്ടക്ക് നിന്ന് മല്‍സരിക്കുന്ന ഉധിരന്‍ എന്ന കഥാപാത്രമായാണ് ബോബി എത്തുന്നത്. ”സിനിമയില്‍ വീറും വാശിയുമേറിയ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ടെങ്കിലും നമ്മള്‍ തമ്മിലുള്ള സാഹോദര്യം അതിന്റെ പാരമ്യത്തിലായിരുന്നു” എന്നാണ് ബോബിയുമായുള്ള അഭിനയ അനുഭവത്തെക്കുറിച്ച് സൂര്യ പ്രതികരിച്ചത്.

Surya in Kangua

ബോബി ഡിയോളിന്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് കങ്കുവ. അനിമല്‍ സിനിമയില്‍ ഏറെ ആഘോഷിക്കപ്പെട്ട വില്ലന്‍ വേഷത്തിനു ശേഷം ബോബി ഡിയോളിന്റേതായി റിലീസിനെത്തുന്ന ചിത്രം കൂടിയാണിത്.

സ്റ്റുഡിയോ ഗ്രീനും UV ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘കങ്കുവ’യുടെ ബഡ്ജറ്റ് 350 കോടി രൂപയാണ്. 38 ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക. വിവേകയും മദന്‍ കര്‍ക്കിയും ചേര്‍ന്നാണ് ഗാനരചന. സുപ്രീം സുന്ദറാണ് സംഘട്ടനസംവിധാനം. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെഇ ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.