23
Aug 2025
Sat
23 Aug 2025 Sat
kannur blast anoop

കണ്ണൂര്‍: കണ്ണൂര്‍ കണ്ണപുരം കീഴറയിലെ ഉഗ്ര സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്‌ഫോടനം നടന്ന വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തു. സ്‌ഫോടക വസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2016ല്‍ കണ്ണൂര്‍ പൊടിക്കുണ്ടിലെ വീട്ടില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്.

തൊഴിലാളികള്‍ക്ക് താമസിക്കാനാണെന്ന് പറഞ്ഞാണ് അനൂപ് മാലിക്ക് വീട് വാടകയ്ക്ക് എടുത്തതെന്ന് സ്ഫോടനം നടന്ന വീടിന്റെ ഉടമസ്ഥ ദേവി. മൂന്ന് മാസത്തേക്ക് വീട് മതി എന്ന് പറഞ്ഞാണ് വീട് വാടകയ്ക്ക് നല്‍കിയത്.

സ്ഫോടനത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. വീടിനുള്ളില്‍ ഉണ്ടായിരുന്ന ചാലാട് സ്വദേശി മുഹമ്മദ് ആഷം എന്നയാള്‍ കൊല്ലപ്പെട്ടു. ഇയാളുടെ ശരീരഭാഗങ്ങള്‍ സ്ഫോടനത്തില്‍ ചിതറിത്തെറിച്ച നിലയിലായിരുന്നു. അനൂപ് മാലികിന്റെ ബന്ധുവാണ് മരിച്ചയാളെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ നിതിന്‍ രാജ് ഐപിഎസ് പറഞ്ഞു. അനൂപിനായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ALSO READ: കണ്ണൂരിലെ സ്‌ഫോടനം: മരിച്ചയാളെ തിരിച്ചറിഞ്ഞു; വീട് വാടകയ്‌ക്കെടുത്ത അനൂപിനെതിരേ കേസെടുത്ത് പോലീസ്

ഉത്സവത്തിന് ഉപയോഗിക്കുന്ന ഗുണ്ട് പോലെയുള്ള സ്‌ഫോടക വസ്തുക്കളാണ് സഫോടനം നടന്ന വീട്ടില്‍ നിര്‍മ്മിച്ചിരുന്നത്. ഇതിന്റെ നിര്‍മ്മാണത്തിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

കണ്ണപുരം കീഴറയിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ വീട് പൂര്‍ണ്ണമായി തകര്‍ന്നു. സ്‌ഫോടനത്തിന് പിന്നാലെ ശരീര അവശിഷ്ടങ്ങള്‍ ചിന്നിച്ചിതറുകയായിരുന്നു.

സ്‌ഫോടക വസ്തു നിര്‍മ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കീഴറ ഗോവിന്ദന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ രണ്ട് പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത് എന്നാണ് വിവരം. ഒരാളുടെ മൃതദേഹമാണ് സ്ഥലത്ത് നിന്ന് കണ്ടെത്തിയിരിക്കുന്നത്.

സ്‌ഫോടനം നടന്ന വീട്ടില്‍ നിന്നും പൊട്ടാത്ത സ്‌ഫോടക വസ്തുക്കള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അപകടം നടന്ന സ്ഥലത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. നിരവധി വീടുകളുടെ വാതിലുകള്‍ തകരുകയും ചുമരുകളില്‍ വിള്ളലുകള്‍ വീഴുകയും ചെയ്തിട്ടുണ്ട്.

പൊട്ടിയത് ഗുണ്ടെന്ന് ബിനീഷ് കോടിയേരി
കണ്ണപുരത്ത് ഒരാള്‍ മരിക്കാനിടയായ സ്‌ഫോടനം ഉഗ്രശേഷിയുള്ള ഗുണ്ട് പൊട്ടിയാണെന്നും അവിടെ ബോംബല്ല പൊട്ടിയതെന്നും ബിനീഷ് കോടിയേരി. യാഥാര്‍ഥ്യം വളച്ചൊടിക്കുന്ന കോണ്‍ഗ്രസ് സൈബര്‍ സംഘങ്ങളുടെ പച്ച നുണപ്രചരണം ജനം തിരിച്ചറിയണം. ബോംബ് നിര്‍മാണത്തിനിടെ സി.പി.എം പ്രവര്‍ത്തകന്‍ മരിച്ചെന്ന പച്ചക്കള്ളം പ്രചരിപ്പിക്കുന്നു. പടക്കക്കരാറുകാരനായ കോണ്‍ഗ്രസ് അനുഭാവി അനൂപ് മാലിക് എന്നയാളുടെ വീടിന് സമീപത്താണ് സ്‌ഫോടനം നടന്നത്. രാഷ്ട്രീയ ലാഭം നേടാന്‍വേണ്ടി കള്ളപ്രചരണം നടത്തുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും ബിനീഷ് കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു. കോണ്‍ഗ്രസ് അനുകൂല അക്കൗണ്ടുകളില്‍നിന്നുള്ള കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെയാണ് ഫേസ്ബുക് പോസ്റ്റ്.