കണ്ണൂര്‍ : കണ്ണൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ബംഗാള്‍ സ്വദേശിയായ പ്രതിയുടെ മൊഴി പുറത്ത്. ഭിക്ഷ എടുക്കാന്‍ സമ്മതിക്കാത്തതിലുള്ള വിരോധം കാരണമാണ് തീ വെച്ചതെന്നാണ് പ്രതി നല്‍കിയ മൊഴി. സുരക്ഷ ഉദ്യോഗസ്ഥരോടുള്ള വിരോധമാണ് പ്രകോപനം ഉണ്ടാക്കിയതെന്നും പ്രതി വെളിപ്പെടുത്തി. കസ്റ്റഡിയിലുള്ളയാള്‍ തീവെയ്പ്പിന് തൊട്ട് മുന്‍പ് ട്രാക്കിന് പരിസരത്ത് ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.
|
അതേ സമയം എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ ബോഗിക്ക് തീ വെച്ചത് ഇന്ധനം ഉപയോഗിച്ചാണോ എന്നതില്‍ ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടില്ല. കസ്റ്റഡിയിലുള്ളയാള്‍ മുമ്പ് റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാടിന് മുമ്പ് തീയിട്ടയാളാണ്. സംഭവത്തില്‍ അന്ന് റെയില്‍വേ അധികൃതര്‍ പൊലീസില്‍ പരാതി അറിയിച്ചിരുന്നെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. ഇത്തരം സംഭവങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കാത്തതാണ് ട്രെയിന്‍ തീവെപ്പടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങള്‍ക്ക് വഴി വെക്കുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
കുറ്റിക്കാട്ടിന് തീയിട്ട ശേഷം ട്രാക്കിലേക്ക് കടന്ന് ഉടുമുണ്ട് കത്തിച്ചെറിഞ്ഞാണ് ഇയാള്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടത്. സംഭവം അപ്പോള്‍ തന്നെ ലോക്കല്‍ പൊലീസിനെ അറിയിച്ചിരുന്നതായി കണ്ണൂര്‍ റെയില്‍ സ്റ്റേഷന്‍ അധികൃതര്‍ പറയുന്നു. പക്ഷേ ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടാകാമെന്ന് പറഞ്ഞ് പോലീസ് അന്ന് നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. ഇക്കാര്യത്തില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. എലത്തൂര്‍ തീവെപ്പ് കേസില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലടക്കം ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും കാര്യമായ സുരക്ഷ ഉണ്ടായിരുന്നില്ലെന്നും ചില ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.





