24
Feb 2024
Thu
24 Feb 2024 Thu
karate master arrested over suspecious death of 17 year old girl in edavannappara

മലപ്പുറം എടവണ്ണപ്പാറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ അര്‍ധനഗ്ന മൃതദേഹം ചാലിയാറില്‍ ദുരൂഹനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കരാട്ടെ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. സിദ്ദീഖ് അലിയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മുമ്പും പോക്‌സോ കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്നാണ് വിവരം.(karate master arrested over suspecious death of 17 year old girl in edavannappara)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പെണ്‍കുട്ടിയെ കരാട്ടെ മാസ്റ്റര്‍ പീഡനത്തിന് ഇരയാക്കിയിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. പെണ്‍കുട്ടി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും അധ്യാപകനെതിരേ നിയമനടപടി സ്വീകരിക്കുന്നതിനു മുമ്പാണ് കഴിഞ്ഞദിവസം കുട്ടിയെ പെട്ടെന്ന് കാണാതാവുകയും തിരച്ചിലില്‍ ചാലിയാറില്‍ വെള്ളംകുറഞ്ഞ ഭാഗത്തു നിന്ന് മൃതദേഹം കണ്ടെത്തുകയുമായിരുന്നു. കരാട്ടെയില്‍ പെണ്‍കുട്ടി ബ്ലാക്ക് ബെല്‍റ്റ് കരസ്ഥമാക്കിയിരുന്നു. പഠനത്തില്‍ മിടുക്കിയായ കുട്ടി ഫുള്‍ എ പ്ലസോടെയാണ് പത്താം ക്ലാസ് പാസായത്.

കഴിഞ്ഞവര്‍ഷം അവസാനം കരാട്ടെ അധ്യാപകനില്‍ നിന്ന് ലൈംഗിക പീഡനം നേരിട്ട പെണ്‍കുട്ടി മാനസികമായി തകര്‍ന്നിരുന്നു. ഇതിനു ശേഷമാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. അധ്യാപകനില്‍ നിന്നു താന്‍ നേരിട്ട പീഡനങ്ങളേക്കുറിച്ച് പെണ്‍കുട്ടി കോഴിക്കോട്ടെ ശിശുക്ഷേമ ഓഫിസിലേക്ക് പരാതി അയച്ചിരുന്നു. പരാതി കൊണ്ടോട്ടി പൊലീസിനു കൈമാറിയതിനെ തുടര്‍ന്ന് അവര്‍ മൊഴിയെടുക്കാന്‍ വന്നെങ്കിലും പെണ്‍കുട്ടി സംസാരിക്കാവുന്ന അവസ്ഥയിലായിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി.

കരാട്ടെ പഠിക്കാന്‍ വന്നിരുന്ന എല്ലാ പെണ്‍കുട്ടികളെയും അധ്യാപകന്‍ പലവിധത്തില്‍ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. കരാട്ടെയുടെ പാഠങ്ങളാണെന്ന് വിശ്വസിപ്പിച്ചായിരുന്നു ഈ ചൂഷണം. താന്‍ നിങ്ങളുടെ ഗുരുവും ദൈവമാണെന്നും നിങ്ങളുടെ ശരീരവും മനസ്സും ഗുരുവിന്റെ തൃപ്തിക്കായിട്ടുള്ളതാണെന്നും പ്രതി പെണ്‍കുട്ടികളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. നെഞ്ചത്തു കൈവച്ചാലാണ് ഗുരുവിനു നിങ്ങളെ അറിയാന്‍ കഴിയുകയെന്നും നിങ്ങളെ പൂര്‍ണമായും ഗുരുവിനു സമര്‍പ്പിക്കണമെന്നും പിന്നീട് പ്രതി ആവശ്യപ്പെടും. ഗുരുവിലൂടെ മാത്രമേ നിങ്ങള്‍ക്ക് വിജയമുള്ളൂ എന്നും പറഞ്ഞു വിശ്വസിപ്പിക്കുന്ന പ്രതി തുടര്‍ന്ന് നിങ്ങള്‍ ഇനി ആരുടേതാണ് എന്ന് ചോദിക്കുന്നതോടെ ‘മാഷിന്റേതാണ്’ എന്ന് കുട്ടികള്‍ ഒന്നടങ്കം മറുപടി പറയുകയും ചെയ്യും.

ഗുരുവായ താന്‍ പെണ്‍കുട്ടികളുടെ ദേഹത്ത് തൊടുമ്പോള്‍ത്തന്നെ അത് മോശമല്ല എന്ന് പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. റിലാക്സേഷന്‍ വര്‍ക് എന്നു പറഞ്ഞ് ശരീരവളര്‍ച്ചയെത്തിയ പെണ്‍കുട്ടികളുടെ ദേഹത്ത് ഇയാള്‍ കയറിയിരുന്നിരുന്നു. ഇയാള്‍ പെണ്‍കുട്ടികളുടെ ദേഹത്ത് തടവുകയും അവരെ പരസ്യമായി ചുംബിക്കുകയും ചെയ്തിരുന്നുവെന്നും മരിച്ച പെണ്‍കുട്ടിയുടെ സഹോദരിമാര്‍ വെളിപ്പെടുത്തി. കരാട്ടെ അധ്യാപകന്റെ പീഡനത്തില്‍ മാനസികമായി തകര്‍ന്നതോടെയാണ് 17കാരി താന്‍ നേരിട്ട ദുരവസ്ഥ സഹോദരിമാരോട് വെളിപ്പെടുത്തുന്നത്. ഇതിനുശേഷമായിരുന്നു കുടുംബം അധ്യാപകനെതിരേ നിയമനടപടി സ്വീകരിക്കാന്‍ മുന്നോട്ടുവന്നത്. ഇതിനിടെ 17കാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.