ഫിഫ ലോകകപ്പിന് ഖത്തര്‍ വേദിയായതിനു പിന്നാലെ പശ്ചിമേഷ്യ ഫുട്‌ബോള്‍ വസന്തത്തിന് സാക്ഷിയാവുകയാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് പിന്നാലെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയും സൗദി ക്ലബ്ബിനു വേണ്ടി കളിക്കുമെന്ന റിപോര്‍ട്ടുകള്‍ക്കിടെ റയല്‍ മാഡ്രിഡില്‍ നിന്ന് പടിയിറങ്ങിയ കരിം ബെന്‍സീമയം സൗദി ക്ലബ്ബുമായി കരാറൊപ്പിട്ടു. ജിദ്ദയിലെ അല്‍ ഇത്തിഹാദുമായാണ് കരിം ബെന്‍സീമ രണ്ടുവര്‍ഷത്തേക്ക് കരാറിലായത്.
|
റയലുമായി ബെന്‍സീമയ്ക്ക് ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ ബാക്കിയുണ്ടെങ്കിലും ഉഭയസമ്മതപ്രകാരം അത് അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം അല്‍ഇത്തിഹാദിലേക്കെത്തിയത്. 14 വര്‍ഷമാണ് ബെന്‍സീമ റയലിനു വേണ്ടി ബൂട്ട് കെട്ടിയത്. റയലിനൊപ്പം ഇക്കാലയളവില്‍ 25 പ്രധാന കിരീടങ്ങള്‍ നേടുന്നതിനും ബെന്‍സീമ സാക്ഷ്യം വഹിച്ചു. ഞായറാഴ്ച അത്ലറ്റിക്കൊ ബില്‍ബാവോക്കെതിരായ അവസാന കളിയിലും ഗോളടിച്ചാണ് ബെന്‍സീമ വിടവാങ്ങിയത്.
സൗദി ടി.വി ചാനല്‍ അല്‍ഇഖ്ബാരിയ ആണ് ബെന്‍സീമ ജിദ്ദയിലെ അല്‍ഇത്തിഹാദ് ക്ലബ്ബില്‍ ചേരുമെന്ന് റിപോര്‍ട്ട് ചെയ്തത്. മാഡ്രിഡിനായി 353 ഗോളുകള്‍ നേടിയ റയല്‍ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ടോപ്പ് സ്‌കോററാണ് ബെന്‍സേമ. 450 ഗോളുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് മുന്നില്‍. പരിക്ക് മൂലം ലോകകപ്പ് നഷ്ടമായെങ്കിലും ഇത്തവണത്തെ ബാലന്‍ഡിയോര്‍ പുരസ്‌കാരം ബെന്‍സീമയ്ക്കായിരുന്നു ലഭിച്ചത്.


