മാഡ്രിഡ്: സൂപ്പർതാരം കരീം ബെൻസേമയുടെ ഉജ്വല ഹാട്രിക്കിന്റെ കരുത്തിൽ ലാ ലിഗയിൽ റയൽ മഡ്രിഡിന് തകർപ്പൻ ജയം. അൽ മേരിയയെ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് റയൽ വീഴ്ത്തിയത്. ഈ മാസം ബെൻസേമ നേടുന്ന മൂന്നാമത്തെ ഹാട്രിക്കാണിത്. നേരത്തെ ബാഴ്‌സലോണ, റയൽ വല്ലാഡോലിഡ് ടീമുകൾക്കെതിരെയും ഹാട്രിക്ക് നേടിയിരുന്നു.
|
ഇതോടെ ലാ ലിഗ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന നാലാമത്തെ താരമെന്ന നേട്ടം ബെൻസേമ സ്വന്തമാക്കി. ഹ്യൂഗോ സാഞ്ചസിനെയാണ് താരം മറികടന്നത്. ലാ ലിഗയുടെ ചരിത്രത്തിൽ 474 ഗോളുകളുമായി അർജൻറൈൻ സൂപ്പർതാരം ലയണൽ മെസ്സിയാണ് ഗോൾവേട്ടക്കാരിൽ ഒന്നാമത്. ക്രിസ്റ്റ്യാനോ റൊണാൾഡോ (311 ഗോളുകൾ), ടെൽമോ സാറ (252) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
മത്സരത്തിൻറെ അഞ്ചാം മിനിറ്റിൽതന്നെ ബെൻസേമ ഗോളടി തുടങ്ങി. ബ്രസീൽ വിങ്ങർ വിനീഷ്യസ് ജൂനിയറാണ് ഗോളിന് വഴിയൊരുക്കിയത്. 13ാം മിനിറ്റിൽ റോഡ്രിഗോയുടെ അസിസ്റ്റിലൂടെ ബെൻസേമ ലീഡ് ഉയർത്തി. 42ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് താരം ഹാട്രിക് തികച്ചത്.
ഒന്നാം പകുതിയുടെ ഇൻജുറി ടൈമിൽ ബ്രസീൽ താരം ലാസരോ മാർക്വെസിലൂടെ അൽ മേരിയ ഒരു ഗോൾ മടക്കി. 61ാം മിനിറ്റിൽ അർജൻറൈൻ താരം ലൂകാസ് റോബർട്ടോൺ അൽ മേരിയയുടെ രണ്ടാം ഗോൾ നേടി.മെയ് ഒമ്പതിന് യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനിരിക്കെയാണ് കാർലോ ആഞ്ചലോട്ടിയും സംഘവും വിജയ വഴിയിൽ തിരിച്ചെത്തിയത്.
32 മത്സരങ്ങളിൽനിന്നായി 68 പോയന്റാണ് റയലിന്. ബാഴ്‌സലോണക്ക് ഇത്രയും മത്സരങ്ങളിൽനിന്നായി 79 പോയൻറും.
അതേസമയം, മറ്റൊരു മത്സരത്തിൽ റയൽ ബെറ്റിസിനെ നിലംപരിശാക്കി കിരീടത്തിലേക്ക് ഒരു ചുവടുകൂടി അടുത്ത് ബാഴ്‌സലോണ. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബാഴ്‌സയുടെ ജയം. 15കാരനായ ലാമിനെ യമാൽ ബാഴ്സക്ക് വേണ്ടി അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. മത്സരത്തിൻറെ 84ാം മിനിറ്റിൽ ഗാവിക്കു പകരക്കാരനായാണ് ബാഴ്‌സ അക്കാദമിയുടെ പ്രൊഡക്റ്റായ യമാൽ കളത്തിലെത്തുന്നത്. ലാ ലീഗയിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ താരമാണ് യമാൽ. പ്രായം 15 വർഷവും 290 ദിവസവും.
മല്ലോർക്കയുടെ യുവതാരം ലൂക റൊമേറോയാണ് ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റ താരം. 2020ൽ റയൽ മഡ്രിഡിനെതിരെ കളത്തിലിറങ്ങുമ്പോൾ പ്രായം 15 വർഷവും 219 ദിവസവും. ആൻഡ്രിയാസ് ക്രിസ്റ്റൻസൻ (14ാം മിനിറ്റ്), റോബർട്ട് ലെവെൻഡോവ്‌സ്‌കി (36), റാഫിഞ്ഞ (39) എന്നിവരാണ് ബാഴ്‌സക്കായി ഗോൾ നേടിയത്. നാലാമത്തെ ഗോൾ ഗൈഡോ റോഡ്രിഗസിൻറെ (82ാം മിനിറ്റിൽ) വക സെൽഫ് ഗോളായിരുന്നു.





