08
Jun 2026
Mon
08 Jun 2026 Mon
karipur gold theft trial

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വമ്പന്‍ സ്വര്‍ണം പൊട്ടിക്കലിന് പദ്ധതിയിട്ട സംഘത്തെ മലപ്പുറം ജില്ലാ പൊലീസ് അതിസാഹസികമായി പിടികൂടി. വിദേശത്തുനിന്നു സ്വര്‍ണവുമായി എത്തുന്ന യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവരാന്‍ പദ്ധതിയിട്ടെത്തിയ 13 പേരാണ് കുടുങ്ങിയത്. ജൂണ്‍ 7ന് രാത്രിയായിരുന്നു സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതികള്‍ സഞ്ചരിച്ചിരുന്ന രണ്ട് കാറുകളും ഒരു സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിമാനത്താവളത്തിന് പുറത്തും അന്താരാഷ്ട്ര അറൈവല്‍ ടെര്‍മിനലിന് സമീപത്തും സംശയാസ്പദമായ സാഹചര്യത്തില്‍ കറങ്ങിനടന്ന ഇവരെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കവര്‍ച്ചാ ആസൂത്രണത്തിന്റെ ചുരുളഴിഞ്ഞത്. അറസ്റ്റിലായവരില്‍ ഭൂരിഭാഗവും മുന്‍പും നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട കുപ്രസിദ്ധ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കി.

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ പടന്നോട്ട് സ്വദേശി അന്‍സാറിന്റെയും പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം സ്വദേശി അലി അക്ബറിന്റെയും നിര്‍ദേശപ്രകാരമാണ് സംഘം കരിപ്പൂരിലെത്തിയതെന്ന് പൊലീസ് കണ്ടെത്തി. കവര്‍ച്ചയ്ക്കുള്ള ആസൂത്രണവും തയ്യാറെടുപ്പും സംബന്ധിച്ച വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് കണ്ടെത്തി. തെളിവായി 14 മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.

ഇതിനിടെ സംഘത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ ഒരു സ്വിഫ്റ്റ് കാറില്‍ രക്ഷപ്പെട്ടതായും വിമാനത്താവളത്തിന് പുറത്ത് മറ്റൊരു സംഘം വാഹനവുമായി കാത്തുനിന്നിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

അതേസമയം ജിദ്ദയില്‍ നിന്ന് എത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ മലപ്പുറം മുണ്ടുപറമ്പ് സ്വദേശി മുഹമ്മദ് സല്‍മാന്‍ സാലിഹ് എന്ന 26 കാരന്‍ വീട്ടിലെത്തിയിട്ടില്ലെന്ന പരാതിയും കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ചിട്ടുണ്ട്. ഈ സംഭവവും അറസ്റ്റിലായ സംഘവും തമ്മില്‍ ബന്ധമുണ്ടോയെന്ന കാര്യം ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചു വരികയാണ്. വിമാനത്താവളം വഴി പുറത്തെത്തുന്ന സ്വര്‍ണം ലൈന്‍ മാറ്റി തട്ടിയെടുക്കുന്ന കള്ളക്കടത്ത് സംഘങ്ങളാണ് ഇതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് സുരക്ഷയും നിരീക്ഷണവും പൊലീസ് കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

വിമാനത്താവളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വലിയൊരു സ്വര്‍ണ്ണക്കടത്ത്-ക്വട്ടേഷന്‍ മാഫിയയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ അറസ്റ്റ്. സംഭവത്തിന് പിന്നിലെ അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചും സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Karipur international airport gold theft plan foiled