16
Dec 2023
Thu
16 Dec 2023 Thu

ബെം​ഗളൂരു: കോവിഡ് മഹാമാരിയുടെ കാലത്ത് മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ 40,000 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് കർണാടക ബിജെപി നേതാവ് ബസനഗൗഡ പാട്ടീൽ യത്നാൽ. 45 രൂപയുടെ മാസ്കിന് 485 രൂപ ഈടാക്കി. രോഗികളെ ചികിത്സിക്കാന്‍ 20,000 രൂപ നിരക്കില്‍ ബെംഗളുരുവില്‍ 10,000 കിടക്കകള്‍ വാടകയ്ക്കെടുത്തു. രോഗികള്‍ക്ക് എട്ടു മുതല്‍ പത്തു ലക്ഷം രൂപവരെ ബില്ലിട്ടു- തുടങ്ങിയ ആരോപണങ്ങളാണ് യത്നാല്‍ ഉന്നയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഴിമതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവിടുമെന്നും യത്നാൽ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവും ഇപ്പോഴത്തെ ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാറുമായി ചേര്‍ന്നും യെദ്യൂരപ്പ അഴിമതി നടത്തിയതായി യത്നാല്‍ ആരോപിച്ചു.”ഇത് ഞങ്ങളുടെ സർക്കാരായിരുന്നു. ആരുടെ സർക്കാർ അധികാരത്തിൽ വന്നാലും പ്രശ്നമല്ല, കള്ളന്മാർ കള്ളന്മാരാണ്”- അദ്ദേഹം പറഞ്ഞു.

വെളിപ്പെടുത്തലിന്‍റെ പേരില്‍ തന്നെ പുറത്താക്കാനും യത്നാല്‍ ബിജെപി നേതൃത്വത്തെ വെല്ലുവിളിച്ചു. “എനിക്ക് നോട്ടീസ് നൽകട്ടെ. പാർട്ടിയിൽ നിന്ന് പുറത്താക്കാൻ നോക്കട്ടെ. ഞാൻ എല്ലാവരെയും തുറന്നുകാട്ടാം. സത്യം പറഞ്ഞാൽ എല്ലാവരെയും ഭയപ്പെടുത്തും. എല്ലാവരും കള്ളന്മാരായി മാറിയാൽ ആരാണ് സംസ്ഥാനത്തെയും രാജ്യത്തെയും രക്ഷിക്കുക? ഈ രാജ്യത്ത് മുമ്പ് നിരവധി അഴിമതികൾ ഉണ്ടായിട്ടുണ്ട്. കൽക്കരി കുംഭകോണം മുതൽ 2ജി അഴിമതി വരെ”- യത്നാല്‍ കൂട്ടിച്ചേർത്തു.

അതേസമയം, യത്നാലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ രം​ഗത്തെത്തി. ബിജെപി സർക്കാർ 40 ശതമാനം കമ്മീഷൻ സർക്കാരായി പ്രവർത്തിക്കുന്നതിന്റെ കൂടുതൽ തെളിവാണ് ഈ വെളിപ്പെടുത്തലുകളെന്നും ഇതുമായി ബന്ധപ്പെട്ട് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക