ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രിപദത്തെ ചൊല്ലി അനിശ്ചിതത്വം തുടരുന്നു. രണ്ടര വർഷം വീതമെന്ന വീതംവയ്പ്പിന് തയാറല്ലെന്ന നിലപാടിൽ കർണാടക പിസിസി അധ്യക്ഷൻ ഡി.കെ ശിവകുമാർ ഉറച്ചുനിൽക്കുന്നു. ഉപമുഖ്യമന്ത്രി പദവും സ്വീകരിക്കില്ലെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചു. അനുനയശ്രമങ്ങൾ തുടരുകയാണ്. വീണ്ടും നിയമസഭാകക്ഷി യോഗം വിളിച്ചേക്കും. മുഖ്യമന്ത്രി പദം പങ്കിടണമെന്ന നിലപാടാണ് ഹൈക്കമാൻഡ് സ്വീകരിച്ചിരിക്കുന്നത്. രണ്ടു വർഷം സിദ്ധരാമയ്യയ്ക്കും മൂന്നുവർഷം ശിവകുമാറിനും എന്ന ഫോർമുലയാണ് ഇപ്പോൾ മുന്നോട്ടുവച്ചിരിക്കുന്നത്.
|
രാവിലെ 11ന് ചേരുന്ന ഹൈക്കമാൻഡ് യോഗം ഇരുവരെയും നിലപാട് അറിയിക്കും. സത്യപ്രതിജ്ഞാ തീയതിയും യോഗം തീരുമാനിക്കും.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ഡൽഹിയിലെ വസതിയിൽ ഇന്നലെ നടന്ന മാരത്തൺ ചർച്ചകൾക്കൊടുവിലും അന്തിമതീരുമാനത്തിലേക്ക് എത്താൻ ഹൈക്കമാൻഡിനു കഴിഞ്ഞിരുന്നില്ല. മുൻ മുഖ്യമന്ത്രി സിദ്ധാരാമയ്യയ്ക്ക് ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണ ഉണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തിൻമേലുള്ള അവകാശവാദത്തിൽനിന്നു പിന്മാറാൻ ഡി.കെ.ശിവകുമാർ തയാറാകാത്തതാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്.മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ മന്ത്രിസഭയിലേക്ക് ഇല്ലെന്നും സാധാരണ എംഎൽഎയായി പ്രവർത്തിക്കാമെന്നും ഇന്നലെ ഖർഗെയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഡി.കെ.ശിവകുമാർ അറിയിച്ചതായാണു വിവരം. ഇരുവർക്കും രണ്ടര വർഷം വീതം മുഖ്യമന്ത്രിപദം നൽകാമെന്ന തരത്തിൽ ഇന്നലെ ആലോചിച്ചെങ്കിലും ആദ്യം ആരു ഭരിക്കണമെന്നത് അടക്കമുള്ള കാര്യങ്ങളിൽ സോണിയ ഗാന്ധിയുടെ നിലപാട് നിർണായകമാകും.





