|
ബംഗളൂരു: വിചിത്ര വിധിയുമായി കര്‍ണാടക ഹൈക്കോടതി. മുസ്ലിംകളുടെ പള്ളികളില്‍ അതിക്രമിച്ച് കയറി ജയ്ശ്രീറാം വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തില്ലെന്നാണ് കര്‍ണാടക ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. പള്ളിയില്‍ കയറി ജയ്ശ്രീറാം വിളിക്കുന്നത് ഇന്ത്യന്‍ ശിക്ഷാനിയമം 295 എ പ്രകാരം മതവികാരം വ്രണപ്പെടുത്തലല്ലെന്ന് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ സിംഗിള്‍ ബെഞ്ച് ആണ് നിരീക്ഷിച്ചത്.
2023 സെപ്റ്റംബര്‍ 24ന് രാത്രി രണ്ടംഗ ഹിന്ദുത്വവാദികളായ കീര്‍ത്തനും സച്ചിനും ദക്ഷിണ കന്നഡയിലെ മുസ്ലിം പള്ളിയില്‍ അത്രിക്രമിച്ചു കയറി ജയ്ശ്രീറാം വിളിച്ചുവെന്ന കേസിലെ പ്രതികളെ വെറുതെവിട്ടാണ് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ നിരീക്ഷണം. പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജി ജഡ്ജി അനുവദിക്കുകയുംചെയ്തു. ഒരാള്‍ ‘ജയ് ശ്രീറാം’ എന്നു വിളിച്ചാല്‍ എങ്ങനെയാണ് ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുക എന്നു മനസിലാകുന്നില്ല. പ്രദേശത്ത് ഹിന്ദുക്കളും മുസ്‌ലിംകളും സൗഹാര്‍ദത്തോടെയാണു കഴിഞ്ഞുപോകുന്നതെന്നു പരാതിക്കാര്‍ തന്നെ അറിയിച്ചിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ഇത് ഒരു ശത്രുതയുമുണ്ടാക്കില്ലെന്നുമാണ് ജഡ്ജി പറഞ്ഞത്.
‘ജയ് ശ്രീറാം’ വിളിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികള്‍ നാട്ടുകാര്‍ക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്തു. സംഭവത്തില്‍ നാട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും പ്രതികള്‍ അറസ്റ്റിലാകുകയും ചെയ്തു. ഐപിസി 295 എ(മതവികാരം വ്രണപ്പെടുത്തല്‍), 447(അതിക്രമിച്ചുകയറല്‍), 506(ഭീഷണിപ്പെടുത്തല്‍) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്. ഇവരെയാണ് ഹൈക്കോടതി വെറുതെവിട്ടത്.
വിവിധ ഹൈക്കോടതികളില്‍നിന്നുള്ള വിചിത്ര വിധികള്‍ ഈയടുത്തായി പലതവണയാണ് സുപ്രിംകോടതി തിരുത്തിയത്.
Karnataka HC quashes case against 2 for raising ‘Jai Shri Ram’ inside mosque





